പാകിസ്ഥാൻ-അഫ്‌ഗാനിസ്ഥാൻ സംഘർഷം; ഇടപെടാനുള്ള സാധ്യത തള്ളാതെ ട്രംപ്, 'അക്കാര്യം പരിഗണിക്കാം'
ന്യൂയോർക്ക്: പാകിസ്ഥാൻ-അഫ്‌ഗാനിസ്ഥാൻ സംഘർഷത്തിൽ ഇടപെടാനുള്ള സാധ്യത തള്ളിക്കളയാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്ഥാനുമായി തനിക്ക് വളരെ മികച്ച ബന്ധമാണ് ഉള്ളതെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ രൂക്ഷമായി സംഘർഷം തുടരുമ്പോഴും ഇതിനെ പാകിസ്ഥാൻ 'തുറന്ന യുദ്ധം' എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് ട്രംപിന്റെ അഭിപ്രായ പ്രകടനം.
സംഘർഷത്തിൽ ഇടപെടുന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അത് പരിഗണിക്കാമെന്ന് ട്രംപ് മറുപടി നൽകി. പാകിസ്ഥാനുമായുള്ള തന്റെ ശക്തമായ ബന്ധം അദ്ദേഹം ഊന്നിപ്പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് അവരെ പുകഴ്ത്താനും മടി കാട്ടിയിട്ടില്ല. ആഗോള സംഘർഷങ്ങളിൽ നിരന്തരം ഇടപെടലുകൾ നടത്തുന്ന ട്രംപ് ഈ വിഷയത്തിലും മധ്യസ്ഥത വഹിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം.

'ഞാൻ ഇടപെടും. പക്ഷേ, പാകിസ്ഥാനുമായി എനിക്ക് മികച്ച ബന്ധമുണ്ട്. അവർക്ക് മികച്ചൊരു പ്രധാനമന്ത്രിയും ജനറലുമുണ്ട്. ഞാൻ നന്നായി ബഹുമാനിക്കുന്ന രണ്ട് നേതാക്കളാണവർ. പാകിസ്ഥാൻ മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്' എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. അതിനിടെ അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും പാകിസ്ഥാന് പിന്തുണ അറിയിച്ചു.
രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള അണ്ടർ സെക്രട്ടറി ആലിസൺ എം ഹൂക്കർ, അടുത്തിടെയുണ്ടായ പോരാട്ടങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്താൻ പാകിസ്ഥാൻ വിദേശകാര്യ സെക്രട്ടറി അംന ബലോച്ചിയുമായി സംസാരിച്ചു. താലിബാൻ ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള പാകിസ്ഥാന്റെ അവകാശത്തിന് ഞങ്ങൾ പിന്തുണ പ്രകടിപ്പിച്ചുവെന്നാണ് ഹൂക്കർ വ്യക്തമാക്കിയത്.
അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനുമിടയിലെ വർധിച്ച സംഘർഷത്തെ തുടർന്ന്, പാകിസ്ഥാനിലെ അമേരിക്കൻ എംബസികളും കോൺസുലേറ്റുകളും തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി. ഭീകരാക്രമണ സാധ്യതകൾ കണക്കിലെടുത്ത്, പാക് സുരക്ഷാ സേന പ്രധാന നഗരങ്ങളിൽ സാന്നിധ്യം വർധിപ്പിച്ചതായി യുഎസ് മിഷൻ അറിയിച്ചു.
'നിയമപാലന കേന്ദ്രങ്ങൾ, സൈനിക സ്ഥാപനങ്ങൾ, പ്രധാന വാണിജ്യ കേന്ദ്രങ്ങൾ എന്നിവ ഭീകരസംഘടനകളുടെ ലക്ഷ്യങ്ങളായി തുടരും' എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇത്തരം സ്ഥലങ്ങളിൽ, പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളിൽ, ജാഗ്രത പാലിക്കാൻ അമേരിക്കൻ പൗരന്മാരോട് ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.
താലിബാൻ-പാകിസ്ഥാൻ ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്‌താവനകൾ വന്നത്. ഭീകരർക്ക് അഭയം നൽകുന്നുവെന്നാരോപിച്ച്, പാകിസ്ഥാൻ താലിബാൻ നിയന്ത്രണത്തിലുള്ള കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇത് താലിബാൻ നഗരങ്ങളിൽ പാകിസ്ഥാൻ നേരിട്ട് നടത്തുന്ന ആദ്യ ആക്രമണമാണ്.
ഈ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ പാകിസ്ഥാൻ "തുറന്ന യുദ്ധം" പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇരുഭാഗത്തുനിന്നുമുള്ള മരണസംഖ്യകൾ ഇതുവരെയും കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല. സംഘർഷത്തിൽ തങ്ങളുടെ 12 സൈനികർ കൊല്ലപ്പെട്ടുവെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു. 13 താലിബാൻ പോരാളികൾ മരണപ്പെട്ടതായാണ് അഫ്‌ഗാൻ അറിയിച്ചിരിക്കുന്നത്.
അതിനിടെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചർച്ചകൾക്ക് തയ്യാറാണെന്ന് അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണാധികാരികൾ അറിയിച്ചു. 'സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് അഫ്‌ഗാനിസ്ഥാൻ ഇസ്ലാമിക് എമിറേറ്റ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്' എന്നായിരുന്നു താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞത്.
അതേസമയം, മുൻ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിച്ച ഖത്തർ, നിലവിലെ തർക്കങ്ങൾ ലഘൂകരിക്കാൻ വീണ്ടും ശ്രമിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. 2,600 കിലോമീറ്റർ വരുന്ന ഇരു രാജ്യങ്ങൾക്കും ഇടയിലെ അതിർത്തിയിൽ സംഘർഷം കൂടുതൽ വഷളാകുമോ എന്ന ആശങ്കകൾക്കിടയിലാണ് ഖത്തറിന്റെ ഇടപെടൽ. അതിന് പിന്നാലെയാണ് ട്രംപും വിഷയത്തിൽ ഇടപെടുന്നതിൽ സന്നദ്ധത അറിയിച്ചത്.












Click it and Unblock the Notifications