പാകിസ്താന്‍ സംഘര്‍ഷത്തിലേക്ക്; ഇമ്രാന്റെ മുന്നേറ്റം അംഗീകരിക്കാതെ പാര്‍ട്ടികള്‍!! യുദ്ധക്കളമാകും
Recommended Video

ലാഹോര്‍: മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഉറപ്പായതോടെ പാകിസ്താന്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്ന് സൂചന. ഫലം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി എതിര്‍കക്ഷികള്‍ രംഗത്തുവന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നാണ് ആരോപണം.
ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല. ഫലപ്രഖ്യാപനം വൈകുന്നതിലും ആശങ്കയുണ്ട്. ദേശീയ അസംബ്ലിയില്‍ ആകെയുള്ള 272 സീറ്റുകളില്‍ 122 എണ്ണം പിടിഐ നേടിക്കഴിഞ്ഞുവെന്നാണ് അനൗദ്യോഗിക വിവരം. പാകിസ്താനിലെ ഓരോ ചലനങ്ങളും ഇന്ത്യയും ഉറ്റുനോക്കുകയാണ്. വിവരങ്ങള്‍ ഇങ്ങനെ...

ഫലം ഇമ്രാന്‍ ഖാന് അനുകൂലം
സൈന്യത്തിന്റെ പിന്തുണ ഇമ്രാന്‍ ഖാനുണ്ടെന്നാണ് പറയപ്പെടുന്നത്. ബുധനാഴ്ച രാത്രി ആദ്യം ഫലം വന്നപ്പോള്‍ തന്നെ പിടിഐക്ക് അനുകൂലമായിരുന്നു. ഇതോടെ ലാഹോറില്‍ വന്‍ ആഘോഷങ്ങള്‍ തുടങ്ങി. അന്തിമ ഫലം ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിടിഐ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

തിരിമറി നടന്നത് ഇങ്ങനെ
പിടിഐയുടെ വിജയത്തില്‍ സംശയം പ്രകടിപ്പിച്ച് നവാസ് ശെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ് - നവാസ് രംഗത്തെത്തി. ബിലാവല്‍ ഭൂട്ടോ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പര്‍ട്ടിയും സംശയം പ്രകടിപ്പിച്ചു. ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണേണ്ടത് എന്നാണ് ചട്ടം. എന്നാല്‍ തങ്ങളുടെ ഏജന്റുമാരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കയറ്റിയില്ലെന്ന് ഇരുപാര്‍ട്ടികളും ആരോപിച്ചു.

പിടിഐയുടെ നിലപാട്
ഫലം പൂര്‍ണമായി തള്ളുന്നുവെന്നാണ് നവാസ് ശെരീഫിന്റെ സഹോദരനും മുസ്ലിം ലീഗ് നേതാവുമായ ഷഹ്ബാസ് ശെരീഫ് പ്രതികരിച്ചത്. സിന്ധ് പ്രവിശ്യയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് പിപിപി. ഇവിടെ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ ആരോപിക്കുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും പിടിഐ തള്ളി. ജനം തങ്ങളെ അംഗീകരിച്ചുവെന്ന് പിടിഐ പറയുന്നു.

ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് ആദ്യം
272 ദേശീയ അസംബ്ലിയിലേക്കും 577 പ്രവിശ്യാ അസംബ്ലിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പ് നടന്ന ബുധനാഴ്ച വ്യാപക അക്രമങ്ങളും ബോംബ് സ്‌ഫോടനങ്ങളും രാജ്യത്തുടനീളമുണ്ടായിരുന്നു. ശക്തമായ സൈനിക സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്. നാല് ലക്ഷത്തോളം സൈനികരെയാണ് വിന്യസിച്ചിരുന്നത്. ഇത്രയും സുരക്ഷയില്‍ പാകിസ്താനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് ആദ്യമാണ്.

തെരുവിലിറങ്ങാന്‍ ആഹ്വാനം
പഞ്ചാബ് പ്രവിശ്യയില്‍ ഭൂരിപക്ഷം നേടുന്നവര്‍ക്ക് രാജ്യം ഭരിക്കാമെന്നതാണ് പാകിസ്താന്‍ തിരഞ്ഞെടുപ്പിന്റെ ചരിത്രം. 272 അംഗ സഭയില്‍ 141 സീറ്റും പഞ്ചാബ് പ്രവിശ്യയിലാണ്. ഇവിടെ ശക്തമായ സ്വാധീനം നവാസ് ശെരീഫിന്റെ പാര്‍ട്ടിക്കാണ്. എന്നാല്‍ ഇതുവരെ വോട്ടെണ്ണിയപ്പോള്‍ 122 സീറ്റ് പിടിഐ, നവാസ് ശെരീഫിന്റെ പാര്‍ട്ടി 60 സീറ്റ്, പിപിപിക്ക് 34 സീറ്റ്, സ്വതന്ത്രര്‍ 14 സീറ്റ് എന്നിങ്ങനെയാണ് ലീഡ് നില. ഫലത്തിനെതിരെ തെരുവിലിറങ്ങാന്‍ നവാസ് ശെരീഫിന്റെ പാര്‍ട്ടി ആഹ്വാനം ചെയ്തു.












Click it and Unblock the Notifications