അവിശ്വാസ പ്രമേയം അനുവദിക്കാന്‍ മൂന്ന് നിബന്ധനകള്‍; അവസാന അടവും പുറത്തെടുത്ത് ഇമ്രാന്‍
ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യുന്നതിന് മുമ്പ് മൂന്ന് നിബന്ധനകള്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അവസാന ഓവര്‍ വരെ താന്‍ പാകിസ്ഥാന് വേണ്ടി കളിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് ചില ഉപാധികളിലൂടെ രാജിവെക്കാനുള്ള പുതിയ തന്ത്രം ഇമ്രാന്‍ ഖാന്‍ പയറ്റാന്‍ ആരംഭിച്ചിരിക്കുന്നത്. സ്ഥാനമൊഴിഞ്ഞാല്‍ അറസ്റ്റ് ചെയ്യരുതെന്നാണ് ഇമ്രാന്‍ ഖാന്‍ ആദ്യ വ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്നത്. തന്റെ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയെയും അറസ്റ്റ് ചെയ്യാനും പാടില്ല.
രണ്ടാമത്തെ വ്യവസ്ഥയില്‍ എന്‍ എ ബി പ്രകാരം കേസുകള്‍ ഫയല്‍ ചെയ്യാന്‍ പാടില്ല. ഇമ്രാന്‍ ഖാന്‍ വോട്ട് ചെയ്യുന്നതിനു പകരം എന്‍ ആര്‍ ഒ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാമത്തെ വ്യവസ്ഥയില്‍ ഷഹബാസ് ഷെരീഫിന് പകരം മറ്റൊരു പ്രധാനമന്ത്രിയെ നിയമിക്കണം എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരിക്കുന്നത്. നേരത്തെ പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി റദ്ദാക്കിയ നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍, ഇമ്രാന്റെ ഹര്‍ജി സുപ്രീം കോടതി ഇതുവരെ സ്വീകരിച്ചിട്ടില്ല. ദേശീയ അസംബ്ലി പുനഃസ്ഥാപിക്കാനുള്ള സുപ്രീം കോടതി തീരുമാനത്തിനെതിരെയും പ്രധാനമന്ത്രി ഇമ്രാനെതിരായ അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് നിരസിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെ തീരുമാനം റദ്ദാക്കിയതിനെതിരെയും പി ടി ഐ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ സര്‍ക്കാര്‍ ശനിയാഴ്ചയാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബന്ദിയാല്‍ അധ്യക്ഷനായ ജസ്റ്റിസ് മുനീബ് അക്തര്‍, ജസ്റ്റിസ് ഐസാജുല്‍ അഹ്സന്‍, ജസ്റ്റിസ് മസര്‍ ആലം, ജസ്റ്റിസ് ജമാല്‍ ഖാന്‍ മണ്ടോഖേല്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താന്‍ ദേശീയ അസംബ്ലി സ്പീക്കര്‍ അസദ് കാസിറിനോട് ശനിയാഴ്ച സമ്മേളനം വിളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതേസമയം ഇമ്രാന്‍ ഖാന്‍ ആരോപിച്ച വിദേശ ഗൂഢാലോചന സിദ്ധാന്തത്തെ തള്ളി അമേരിക്ക രംഗത്തെത്തി. പാകിസ്ഥാനിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം അമേരിക്കയുടെ ശ്രമിച്ചു എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളിയാണ് അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. തന്റെ സര്‍ക്കാരിനെ മറിച്ചിടാനുള്ള വിദേശ ഗൂഢാലോചനയില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ബ്യൂറോ ഓഫ് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലുവിന് പങ്കുണ്ടെന്നാണ് ഇമ്രാന്‍ ഖാന്റെ ആരോപണം.

ഇന്നാണ് പാകിസ്ഥാനില്‍ അവിശ്വാസപ്രമേയം വോട്ടിനിടുന്നത്. പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് എന്ന പേരില്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പി എം എല്‍-എന്‍), പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി പി പി), അവാമി നാഷണല്‍ പാര്‍ട്ടി, ജമാ അത്ത് ഇലമ ഇസ്ലാം എന്നി പ്രതിപക്ഷ പാര്‍ട്ടികളാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. പിന്നാലെ 24 ഭരണകക്ഷി എം പിമാരും അവിശ്വാസ പ്രമേയത്തെ അനുകൂലിയ്ക്കും എന്ന് പ്രഖ്യാപിച്ചതോടെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായി.

ഭൂരിപക്ഷം നേടാനാകില്ലെന്ന് ഉറപ്പായതോടെ ഇമ്രാന്‍ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. എന്നാല്‍ പിരിച്ചുവിട്ട മന്ത്രിസഭ പുനസ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത് ഇമ്രാന്‍ ഖാന് തിരിച്ചടിയായി. വെള്ളിയാഴ്ച വൈകിട്ടോടെ ആയിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നത്.












Click it and Unblock the Notifications