ഇന്ത്യയുടെ നീക്കം നിയമവിരുദ്ധമെന്ന് പാകിസ്താന്‍; തള്ളിക്കളയുന്നു, സാധ്യമായ വഴി തേടും
ഇസ്ലാമാബാദ്: കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ പാകിസ്താന്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കം തള്ളിക്കളയുന്നുവെന്നും ഇതിനെതിരെ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കശ്മീരിനെ തര്‍ക്ക പ്രദേശമായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗീകരിച്ചതാണ്. ഏകപക്ഷീയമായി ഇന്ത്യ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ഇത് മാറ്റാന്‍ സാധിക്കില്ല. ഇന്ത്യയുടെ നിയമവിരുദ്ധമായ നീക്കത്തിനെതിരെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കശ്മീരികള്‍ക്കൊപ്പം നില്‍ക്കുമെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
ഇന്ത്യ എടുക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളെ അപലപിക്കുന്നുവെന്ന് ഞായറാഴ്ച പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. കശ്മീരില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ച പശ്ചാത്തലത്തിലായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന. അന്താരാഷ്ട്ര സമൂഹം ഇന്ത്യയുടെ നടപടികള്‍ക്കെതിരെ രംഗത്തുവരണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.
ഇന്ത്യ നടത്തിയ നീക്കം ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പാസാക്കിയ പ്രമേയത്തിന് എതിരാണെന്ന് പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് ആല്‍വി പറഞ്ഞു. കശ്മീരികളുടെ താല്‍പ്പര്യത്തിന് എതിരായ തീരുമാനമാണിത്. കശ്മീരികളുടെ താല്‍പ്പര്യത്തിനൊപ്പം പാകിസ്താന്‍ നില്‍ക്കും. സമാധാനപരമായ പരിഹാരമാണ് കശ്മീരില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ നീക്കം അംഗീകരിക്കില്ലെന്നും യുഎന്നിനെതിരായ പ്രവര്‍ത്തനമാണിതെന്നും പാകിസ്താന്‍ മുസ്ലിം ലീഗ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍ സംയുക്ത പാര്‍ലമെന്റ് യോഗം വിളിക്കണമെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി ആവശ്യപ്പെട്ടു.












Click it and Unblock the Notifications