കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ പ്രതിസന്ധി: ട്രംപിന്റെ മധ്യസ്ഥ നീക്കത്തിനു കാരണം യുഎസ് സൈനിക താവളത്തെ കുറിച്ചുള്ള ആശങ്ക

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിനെതിരേ തുടരുന്ന ഉപരോധം മൂന്നു മാസം പിന്നിട്ട പശ്ചാത്തലത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ നേരിട്ടിറങ്ങാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനു പിന്നില്‍ കാരണങ്ങള്‍ പലത്. കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹുമായി പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ അമേരിക്ക സന്നദ്ധത അറിയിച്ചത്.

ഖത്തറിലെ യു.എസ് സൈനിക താവളം

ഖത്തറിലെ യു.എസ് സൈനിക താവളം

സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ പ്രഖ്യാപിച്ച ഉപരോധം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഖത്തറിലെ യു.എസ് സൈനിക താവളത്തെ അത് ബാധിച്ചേക്കുമെന്ന ആശങ്കയാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉപരോധം പ്രഖ്യാപിച്ചയുടനെ സൗദി സഖ്യത്തിന് പിന്തുണയുമായി ട്രംപ് രംഗത്തുവരികയും ഭീകരവാദികള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കുന്നതായി ട്വിറ്റര്‍ സന്ദേശത്തിലൂടെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മയപ്പെടുത്തുന്ന സമീപനമാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായത്. പക്ഷെ പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്ന സാഹചര്യത്തില്‍ ട്രംപ് തന്നെ നേരിട്ട് ഇടപെടാന്‍ തീരുമാനിക്കുകയായിരുന്നു.

ഖത്തറിനെതിരേ സൈനിക നീക്കത്തിന് സൗദിയും യു.എ.ഇയും ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടും യു.എസ് താവളത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

ഇറാന്‍-തുര്‍ക്കി-ഖത്തര്‍ അച്ചുതണ്ട് രൂപപ്പെടുന്നു

ഇറാന്‍-തുര്‍ക്കി-ഖത്തര്‍ അച്ചുതണ്ട് രൂപപ്പെടുന്നു

ഖത്തര്‍ ഉപരോധം അനിശ്ചിതമായി നീളുന്നത് മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരാണെന്ന തിരിച്ചറിവാണ് ട്രംപിന്റെ മനം മാറ്റത്തിന് പിന്നിലെന്ന് കരുതുന്നു. ഉപരോധത്തെ തുടര്‍ന്ന് ഇറാന്‍, തുര്‍ക്കി, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തിയത് സൗദി സഖ്യത്തെ പോലെ അമേരിക്കയും ആശങ്കയോടെയാണ് കാണുന്നത്. മേഖലയിലെ ഇറാന്റെയും തുര്‍ക്കിയുടെയും സാന്നിധ്യം അമേരിക്കയ്ക്ക് എതിരാവുമെന്ന വിലയിരുത്തലിലാണ് യു.എസ് ഭരണകൂടം. ഉപരോധത്തെ തുടര്‍ന്ന് തുര്‍ക്കി സൈന്യത്തിന് ഖത്തര്‍ താവളവും അനുവദിച്ചിരുന്നു.

സൗദി സഖ്യം പ്രതിസന്ധിയില്‍

സൗദി സഖ്യം പ്രതിസന്ധിയില്‍

ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ വിശ്വസ്തരിലൊരാളാണ് കുവൈത്ത് അമീര്‍. കുവൈത്തിന് ഖത്തറിന്റെയും വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഖത്തറിനോട് അനുഭാവം പുലര്‍ത്തുന്ന കുവൈത്ത് താല്‍പര്യമെടുത്ത് നടക്കുന്ന മധ്യസ്ഥ ശ്രമങ്ങള്‍ അട്ടിമറിക്കാനായിരുന്നു സൗദി സഖ്യം തുടക്കം മുതലേ ശ്രമിച്ചത്. ഖത്തറാവട്ടെ, മധ്യസ്ഥ ശ്രമങ്ങളുമായി സഹകരിക്കാനുള്ള സന്നദ്ധത പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തന്നെ മധ്യസ്ഥ ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ സൗദി സഖ്യത്തിന് അത് അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. സൗദി സഖ്യം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലും ഇക്കാര്യം വ്യക്തമാണ്.

കീഴടങ്ങാന്‍ മനസ്സില്ലാതെ ഖത്തര്‍

കീഴടങ്ങാന്‍ മനസ്സില്ലാതെ ഖത്തര്‍

ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് മുഖ്യമായും സൗദിയെ ആശ്രയിച്ചിരുന്ന ഖത്തറിനെ ഉപരോധം സമ്മര്‍ദ്ദത്തിലാക്കുമെന്നും കീഴടങ്ങാന്‍ പ്രേരിപ്പിക്കുമെന്നുമായിരുന്നു സഖ്യരാജ്യങ്ങളുടെ കണക്കുകൂട്ടല്‍. എന്നാല്‍ അവയെല്ലാം തെറ്റിച്ച് ഇറാന്‍, തുര്‍ക്കി, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ ഖത്തറിന് സാധിച്ചു. ഇറാന്‍ ഉള്‍പ്പെടെയുള്ള ഭീകരരാജ്യങ്ങളെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു ഉപരോധത്തിന് കാരണമായി ഉന്നയിക്കപ്പെട്ട പ്രധാന ആരോപണങ്ങളിലൊന്ന്. എന്നാല്‍ തിരിച്ചുവിളിച്ചിരുന്ന ഇറാനിലെ അംബാസഡറെ വീണ്ടും അയച്ചുകൊണ്ട് കൂടുതല്‍ പ്രകോപനപരമായ സമീപനമായിരുന്നു ഖത്തറിന്റെ ഭാഗത്തുനിന്നുണ്ടായത്. ഭീഷണികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും മുമ്പില്‍ ഖത്തര്‍ വഴിങ്ങില്ലെന്ന സൂചനയാണ് ഇത് സഖ്യരാജ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ മുന്നുപാധികളില്ലാത്തതായിരിക്കണം ട്രംപിന്റെ മധ്യസ്ഥമെന്ന് ഖത്തര്‍ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തു.

English summary
president trump meets with emir of kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X