ഖത്തര്‍ തകരുന്നു; വളര്‍ച്ച കുത്തനെ ഇടിഞ്ഞു!! എണ്ണയും ആയുധവും തിരിച്ചടിച്ചു, പുതിയ കണക്കുകള്‍ പുറത്ത്
കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തറിന്റെ വളര്‍ച്ച വെറും 0.6 ശതമാനമാണ്. 2009ന് ശേഷം ഇത്രയും കുറഞ്ഞ വളര്‍ച്ച രേഖപ്പെടുത്തുന്നത് ആദ്യമാണ്.
ദോഹ: ഖത്തര്‍ ഗള്‍ഫിലെ സുരക്ഷിത രാജ്യമാണെന്ന പ്രചാരണങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയാണോ? ഈ കൊച്ചു ജിസിസി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിയുന്നുവെന്ന് ഏറ്റവും പുതിയ സര്‍ക്കാര്‍ രേഖകള്‍. എന്നാല്‍ എല്ലാവരും പ്രതീക്ഷിക്കുന്ന പോലെ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും പ്രഖ്യാപിച്ച ഉപരോധം കാരണമല്ല ഖത്തര്‍ തകരുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ഏറ്റവും താഴ്ന്ന വളര്‍ച്ചയാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നതെന്നാണ് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ആഗോളതലത്തില്‍ എണ്ണ വിപണിയില്‍ പ്രതിസന്ധി നേരിട്ടതിന് ശേഷം ഖത്തറില്‍ ഇത്രയും സാമ്പത്തിക വളര്‍ച്ച കുറയുന്നത് ആദ്യമായാണ്. പുതിയ കണക്കുകള്‍ വിശദീകരിക്കാം.

ഏറ്റവും കുറവ് വളര്‍ച്ച
നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ ഏറ്റവും കുറവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ള്. സൗദി സഖ്യം ചുമത്തിയ ഉപരോധം ഖത്തറിനെ നേരിയ തോതില്‍ മാത്രമേ ബാധിച്ചിട്ടുള്ളൂ.

ഞായറാഴ്ച വന്ന കണക്കുകള്‍
ഞായറാഴ്ചയാണ് ഖത്തര്‍ പുതിയ സാമ്പത്തിക വളര്‍ച്ചാ രേഖകള്‍ പുറത്തുവിട്ടത്. അതുപ്രകാരം എണ്ണവിപണിയിലെ തകര്‍ച്ചയാണ് രാജ്യത്തിന് തിരിച്ചടിയായത്. അത് എല്ലാ ജിസിസി രാജ്യങ്ങള്‍ക്കും ബാധിച്ചിട്ടുമുണ്ട്.

2009ന് ശേഷം കുറഞ്ഞ വളര്‍ച്ച ആദ്യം
കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തറിന്റെ വളര്‍ച്ച വെറും 0.6 ശതമാനമാണ്. 2009ന് ശേഷം ഇത്രയും കുറഞ്ഞ വളര്‍ച്ച രേഖപ്പെടുത്തുന്നത് ആദ്യമാണ്.

ഖനന മേഖല
മുന്‍ പാദവാര്‍ഷികവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലുണ്ടായ വളര്‍ച്ച 0.5 ശതമാനം മാത്രം. കാര്യമായ തിരിച്ചടി നേരിട്ടത് ഖനന മേഖലയില്‍ നിന്നാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

എണ്ണയും പ്രകൃതി വാതകവും
ഖനന മേഖലയിലാണ് എണ്ണയും പ്രകൃതി വാതകവും. ഈ മേഖലയില്‍ 2.7 ശതമാനത്തിന്റെ കുറവാണിപ്പോള്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഖത്തര്‍ ഉള്‍പ്പെടുന്ന എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

കുറവ് ഇങ്ങനെ
എണ്ണ ഇതര വരുമാനത്തില്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 4.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാകട്ടെ 3.9 ശതമാനമായി കുറഞ്ഞു.

ഉപരോധവും ബാധിച്ചു
ജൂണിലാണ് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഇത് നേരിയ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ എണ്ണ വിപണിയിലെ തകര്‍ച്ചയാണ് ശരിക്കും ബാധിച്ചത്.

കപ്പല്‍ മാര്‍ഗത്തിലൂടെ തിരിച്ചുപിടിക്കുന്നു
ഉപരോധം ഖത്തറിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയും തകിടംമറിച്ചു. സൗദി അറേബ്യ കരമാര്‍ഗമുള്ള ഏക ഖത്തര്‍ അതിര്‍ത്തി അടച്ചതും ഖത്തറിന് തിരിച്ചടിയായി. ഇപ്പോള്‍ കപ്പല്‍ മാര്‍ഗമാണ് ചരക്കുകടത്തിന് ഖത്തര്‍ ഉപയോഗിക്കുന്നത്.

നിര്‍മാണ മേഖലയില്‍ 4.1 ശമതാനം കുറവ്
ഉല്‍പ്പാദന മേഖലയിലാണ് ഖത്തര്‍ തിരിച്ചടി നേരിടുന്നത്. മുന്‍ സാമ്പത്തിക പാദവാര്‍ഷികവുമായി താരതമ്യം ചെയ്യുമ്പോള്‍ 1.2 ശതമാനം കുറവ് ഉല്‍പ്പാദന മേഖലയിലുണ്ടായി. നിര്‍മാണ മേഖലയില്‍ 4.1 ശമതാനം കുറവ് രേഖപ്പെടുത്തി.

ചരക്കുകള്‍ എത്താതായി
ഉപരോധം ബാധിച്ചത് നിര്‍മാണ മേഖലയെ ആണ്. ചരക്കുകള്‍ എത്താത്തതിനാല്‍ നിര്‍മാണ സാമഗ്രികള്‍ ഖത്തറിലേക്ക് എത്തുന്നതിന് തടസം നേരിട്ടു. അതിവേഗം കുതിക്കുന്ന വേളയിലാണ് ഉപരോധം പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്.

മാറ്റങ്ങള്‍ പ്രകടമാകുന്നു
ജൂലൈയിലും ഓഗസ്റ്റിലും പ്രതീക്ഷക്ക് വക നല്‍കുന്ന മാറ്റങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ പ്രകടമാണെന്ന് ഖത്തര്‍ അവകാശപ്പെടുന്നു. എന്നാല്‍ പ്രതിസന്ധികള്‍ ഇനിയും തരണം ചെയ്യേണ്ടതുണ്ടെന്നും അവര്‍ വിശദീകരിച്ചു.

ഫുട്‌ബോള്‍ മുന്നില്‍ കണ്ട്
അതേസമയം, 2022ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കാനിരിക്കുന്ന ഖത്തര്‍ ത്വരിതഗതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതിന് വേണ്ടി കോടികളാണ് മാറ്റിവച്ചിട്ടുള്ളത്. പക്ഷേ ഇതില്‍ ഖത്തര്‍ വന്‍തോതില്‍ വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.

സൈന്യത്തെ ശക്തിപ്പെടുത്താന്‍
സൈനിക ആവശ്യങ്ങള്‍ക്കും ഖത്തര്‍ കോടികള്‍ നീക്കിവച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളുമായി ഖത്തര്‍ കോടികളുടെ ആയുധ കരാറുകള്‍ ഒപ്പുവച്ചുകഴിഞ്ഞു. വ്യോമസേനയെ ശക്തിപ്പെടുത്താനാണ് ഖത്തര്‍ നീക്കം. ഇതെല്ലാം ഖത്തറിന്റെ സമ്പത്ത് ചോരാന്‍ കാരണമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഖത്തര്‍ സൈന്യത്തിന്റെ മാറ്റങ്ങളും പുതിയ കരാറുകളും വിശദീകരിക്കാം.

അടിമുടി മാറുന്ന ഖത്തര്‍ സൈന്യം
സപ്തംബര്‍ മാസത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് ഖത്തര്‍ സൈന്യം തുടക്കമിട്ടിരിക്കുന്നത്. ബ്രിട്ടനില്‍ നിന്ന് 24 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഖത്തര്‍ ഒപ്പുവച്ചു. അമേരിക്കയില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബ്രിട്ടനുമായുള്ള കരാര്‍.

വാങ്ങുന്ന യുദ്ധവിമാനങ്ങള്‍
ബ്രിട്ടനില്‍ നിന്ന് യൂറോഫൈറ്റര്‍ ടൈഫൂണ്‍ ആണ് ഖത്തര്‍ വാങ്ങുന്നത്. അമേരിക്കയില്‍ നിന്ന് ബോയിങ് എഫ്-15 വിഭാഗത്തില്‍പ്പെട്ട ഈഗിള്‍സ് യുദ്ധവിമാനങ്ങളും. അമേരിക്കയുമായുള്ള കരാര് 1200 കോടി ഡോളറിന്റേതാണ്.

കഴിഞ്ഞില്ല, മിസൈലുകളും
അതേസമയം, ഫ്രാന്‍സില്‍ നിന്ന് 24 ദസ്സോള്‍ട്ട് റാഫേല്‍ യുദ്ധിവമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ നേരത്തെ തീരുമാനിച്ചിരുന്നു. 750 കോടി ഡോളറിന്റെ കരാറാണ് ഫ്രാന്‍സുമായി ഒപ്പുവച്ചിരിക്കുന്നത്. റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്ക് പുറമെ ഫ്രാന്‍സില്‍ നിന്ന് എംബിഡിഎ മിസൈലുകളും വാങ്ങുന്നുണ്ട്.

പരിശീലനവും നല്‍കുന്നു
വ്യോമസേനാംഗങ്ങള്‍ക്ക് ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വിധമുള്ള പരിശീലനം നല്‍കാന്‍ ഫ്രാന്‍സിനോട് ഖത്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ഗള്‍ഫ് സാഹചര്യത്തില്‍ ഖത്തര്‍ സൈന്യത്തില്‍ വരുന്ന മാറ്റങ്ങള്‍ ആശങ്കയോടെയാണ് സൗദിയും യുഎഇയും ബഹ്‌റൈനും കാണുന്നത്.

താവളങ്ങളും ആക്രമണങ്ങളും
അമേരിക്കന്‍ വ്യോമ സേനയുടെ ആസ്ഥാനം ഖത്തറിലുണ്ട്. അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക ആസ്ഥാനവും ഖത്തറിലാണ്. അതിന് പുറമെ തുര്‍ക്കി സൈന്യത്തിനും ഖത്തറില്‍ ആസ്ഥാനമുണ്ട്. സിറിയ, ഇറാഖ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ആക്രമണം നടത്തിയിരുന്നത് ഖത്തറില്‍ നിന്ന് ഉയരുന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങളായിരുന്നു.

12ല്‍ നിന്ന് 84ലേക്ക് ഒരു ചാട്ടം
2005 വരെ ഖത്തറിന് കൈവശം 12 ദസ്സോള്‍ട്ട് മിറാജ് യുദ്ധവിമാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. വിവിധ ഇനത്തില്‍പ്പെട്ട 84 യുദ്ധവിമാനങ്ങളാണ് ഈ കൊച്ചുരാജ്യത്തിന്റെ കൈവശമുള്ളത്.

ലോകയുദ്ധങ്ങള്‍ സാക്ഷി
ഇത്രയധികം യുദ്ധവിമാനങ്ങള്‍ ഖത്തര്‍ വാങ്ങിക്കൂട്ടുന്നതില്‍ ആശങ്ക പങ്കുവയ്ക്കുന്നവര്‍ നിരവധിയാണ്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ നടക്കുന്നതിന് തൊട്ടുമുമ്പ് സമാനമായ രീതിയില്‍ ചില രാജ്യങ്ങള്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയിരുന്നുവെന്നാണ് ഏവിയേഷന്‍ വീക്‌സിന്റെ ടോണി ഓസ്‌ബോണ്‍ നിരീക്ഷിക്കുന്നത്.












Click it and Unblock the Notifications