ഖാലിസ്ഥാന്‍ തീവ്രവാദത്തിനെതിരെ ശബ്ദിച്ചു; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം
സിഡ്‌നി: ഓസ്ട്രേലിയയിലെ 23 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഇരുമ്പ് വടി കൊണ്ട് മര്‍ദിച്ചതായി റിപ്പോര്‍ട്ട്. ഖാലിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദിച്ചതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചത്. സിഡ്നിയുടെ പടിഞ്ഞാറന്‍ മേഖലയായ മെറിലാന്‍ഡ്സില്‍ വച്ചാണ് സംഭവം. ജോലിക്ക് പോകുന്ന വിദ്യാര്‍ത്ഥിയെ ഖാലിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡ്രൈവര്‍ ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥി തന്റെ പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 'രാവിലെ 5.30ന് ജോലിക്ക് പോകുന്ന എന്നെ അഞ്ചോളം വരുന്ന ഖാലിസ്ഥാന്‍ സംഘം ആക്രമിക്കുകയായിരുന്നു. വാഹനത്തില്‍ കയറുന്നതിനിടെയാണ് ആക്രമിച്ചത്. ഇടതുവശത്തെ വാതില്‍ തുറന്ന് ഇടതുകണ്ണിന് തൊട്ടുതാഴെ കവിളെല്ലില്‍ ഇരുമ്പ് വടികൊണ്ട് അടിച്ചു'- വിദ്യാര്‍ത്ഥി പറഞ്ഞു.

വിദ്യാര്‍ത്ഥിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. തന്നെ മര്‍ദിക്കുന്നതിനിടയില്‍, അക്രമികള്‍ തുടര്‍ച്ചയായി ഖലിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ചു കൊണ്ടിരുന്നെന്നും വിദ്യാര്‍ത്ഥി പറയുന്നു. '5 മിനിറ്റിനുള്ളില്‍ എല്ലാം സംഭവിച്ചു, ഖാലിസ്ഥാനികളെ എതിര്‍ത്തതിന് എനിക്ക് ഇതൊരു പാഠമാകണം എന്നാണ് അവര്‍ മര്‍ദ്ദിച്ചതിന് ശേഷം പറഞ്ഞത്'- വിദ്യാര്‍ത്ഥി പറഞ്ഞു.
ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാലിനും തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. റൂപര്‍ട്ട് സ്ട്രീറ്റിലൂടെ നടന്നുപോവുകയായിരുന്ന 23 കാരനായ വിദ്യാര്‍ത്ഥിയെ ഇരുമ്പ് വടിയുമായെത്തിയ നാല് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതികരിച്ച് മേരിലാന്‍ഡ് എം പി രംഗത്തെത്തി. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദത്തിനോ അക്രമത്തിനോ നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ലെന്ന് എം പി പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് അധികരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും എം പി വ്യക്തമാക്കി.












Click it and Unblock the Notifications