സൗദി അറേബ്യയേയും യുഎഇയേയും വാരിപ്പുണർന്ന് റിലയന്‍സ്, ഒപ്പം നയാരയും: വന്‍ തിരിച്ചടി നേരിട്ട് റഷ്യ
റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ വന്‍ കുറവ് വരുത്തി ഇന്ത്യയിലെ സ്വകാര്യ റിഫൈനറികള്‍. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, നയാര എനർജി തുടങ്ങിയ പ്രമുഖ സ്വകാര്യ റിഫൈനറിമാർ നവംബറില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 18 ശതമാനത്തോളം കുറച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. റഷ്യയില്‍ നിന്നുള്ള വിലക്കിഴിവ് വലിയ തോതില്‍ കുറഞ്ഞതാണ് ഇന്ത്യന്‍ കമ്പനികളുടെ നിലപാട് മാറ്റത്തിന് പ്രധാനമായും കാരണമായത്.
ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ വലിയ തോതില്‍ വിലക്കിഴിവ് നല്‍കിയായിരുന്നു ഇന്ത്യന്‍ കമ്പനികളെ റഷ്യ ആകർഷിച്ചത്. ഇതോടെ ഇറക്കുമതി ചിലവ് കൂടുതലാണെങ്കില്‍ ഇന്ത്യ റഷ്യയില്‍ നിന്നും വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. 2022 ഫെബ്രുവരിക്ക് ശേഷം ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ റഷ്യന്‍ വിഹിതം ശരാശരി 40 ശതമാനത്തോളമാണ്. എന്നാല്‍ അടുത്തിടെയായി നല്‍കി വരുന്ന വിലക്കിഴിവ് റഷ്യ വലിയ തോതില്‍ വെട്ടിക്കുറച്ചു.

സ്വകാര്യ റിഫൈനർമാർ റഷ്യയിൽ നിന്ന് നവംബറിൽ 726585 ബി പി ഡി എണ്ണ ഇറക്കുമതി ചെയ്തെന്നാണ് എനർജി കാർഗോ ട്രാക്കിംഗ് സ്ഥാപനമായ വോർടെക്‌സയുടെ കണക്കുകള്‍ പറയുന്നത്. ഒക്ടോബറിൽ ഇത് 885983 ബി പി ഡിയും സെപ്റ്റംബറിൽ 761941 ബി പി ഡിയുമായിരുന്നു. ഇറക്കുമതിയിൽ കുറവുണ്ടായിട്ടും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരായി തുടരാന്‍ റഷ്യക്ക് സാധിക്കുന്നുണ്ട്.
നവംബറില്‍ ഇന്ത്യയിലെ റഷ്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി വിഹിതം 38 ശതമാനമാണ്. ഒക്ടോബറിലെ 39 ശതമാനത്തില്‍ നിന്നും ഒരു ശതമാനത്തിന്റെ കുറവുണ്ടായി. റഷ്യക്ക് മാത്രമല്ല ഇന്ത്യൻ ക്രൂഡ് ഇറക്കുമതിയിൽ ഇറാഖിനും കഴിഞ്ഞ മാസം തിരിച്ചടി നേരിടേണ്ടി വന്നു. അറബ് രാഷ്ട്രത്തിന്റെ ഇറക്കുമതി വിഹിതം ഒക്ടോബറിലെ 20 ശതമാനത്തില്‍ നിന്നും നവംബറില്‍ 17 ശതമാനമായി കുറഞ്ഞു.
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ മാസത്തെ ഇറക്കുമതിയില്‍ വർധനവ് രേഖപ്പെടുത്തിയത് സൗദി അറേബ്യയും (13%) യു എ ഇയുമാണ് (9%). പട്ടികയില്‍ മൂന്നും നാലും സ്ഥാനം ഇവർ നിലനിർത്തുമ്പോള്‍ 5 ശതമാനവുമായി അമേരിക്ക അഞ്ചാമതുണ്ട്. ഇക്കാലയളവില്‍ തന്നെ രാജ്യത്തെ ആഭ്യന്തര പെട്രോളിയം ഉൽപന്ന ഉപഭോഗത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം, ദ്രവീകൃത പെട്രോളിയം വാതകം എന്നിവയുടെ ഡിമാൻഡ് വർധിച്ചതോടെ ഏപ്രിൽ-ഒക്ടോബർ മാസങ്ങളിൽ ഇന്ത്യയുടെ ആഭ്യന്തര പെട്രോളിയം ഉൽപന്ന ഉപഭോഗം 137.6 ദശലക്ഷം ടണ്ണായി ഉയർന്നു.
നവംബറില്‍ സ്വകാര്യ റിഫൈനറുകളുടെ കയറ്റുമതിയിൽ വർദ്ധനവ് രേഖപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്. സ്വകാര്യ കമ്പനികളുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ 5 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. അതോടൊപ്പം തന്നെ യൂറോപ്പിലേക്കുള്ള കയറ്റുമതിയില്‍ വലിയ ഇടിവും നവംബറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യന്‍ രാജ്യങ്ങളിലേക്ക് 270300.93 ബി പി ഡി ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തപ്പോള്‍ 129499.30 ബി പി ഡിയുമായി യൂറോപ്പ് നാലാം സ്ഥാനത്താണ്. 223363 ബി പി ഡിയുമായി ആഫ്രിക്കയും 138121 ബി പി ഡിയുമായി ഓഷ്യാനിയയുമാണ് യഥാക്രമം രണ്ടും മുന്നൂം സ്ഥാനങ്ങളില്‍.












Click it and Unblock the Notifications