യുക്രൈയ്‌നുമായി നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ക്കു തയാറെന്ന് പുടിന്‍
മോസ്‌കോ: യുക്രൈയ്‌നുമായി സമാധാന ചര്‍ച്ചകള്‍ക്കു തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ഇതാദ്യമായാണ് പുടിന്റെ ഭാഗത്തുനിന്ന് സമാധാന ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിക്കുന്നത്. ദിമിത്രി പെസ്‌കോവാണ് ഇക്കാര്യം അറിയിച്ചത്. ഈസ്റ്ററിനോടനുബന്ധിച്ച് 30 മണിക്കൂര്‍ നീണ്ടുനിന്ന വെടിനിര്‍ത്തലിന് ശേഷമാണ് റഷ്യയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത പ്രഖ്യാപനമുണ്ടാകുന്നത്.
അതേസമയം, ഈസ്റ്റര്‍ വെടിനിര്‍ത്തലിന് ശേഷം യുക്രൈനിലെ ആക്രമണം പുനരാരംഭിച്ചതായും പുടിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ സമാധാനപരമായ ഒത്തുതീര്‍പ്പിനുള്ള ഏതു ശ്രമങ്ങളെയും റഷ്യ സ്വാഗതം ചെയ്യുന്നുവെന്നും യുക്രൈനില്‍ നിന്നും അത് പ്രതീക്ഷിക്കുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞു. ഒത്തുതീര്‍പ്പു ശ്രമങ്ങളുടെ ഭാഗമായി തങ്ങള്‍ അമേരിക്കന്‍ പക്ഷവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. തീര്‍ച്ചയായും അത് ഫലം കാണുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു - പുടിന്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ സമ്മര്‍ദ ഫലമായിട്ടാണ് പുടിന്‍ സമാധാന ചര്‍ച്ചകള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയുടെ മധ്യസ്ഥതയിലാണ് സമാധാന ചര്‍ച്ചകള്‍ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ തങ്ങള്‍ സമാധാന ശ്രമങ്ങളില്‍ നിന്ന് പിന്മാറുമെന്ന് കഴിഞ്ഞ ആഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ പ്രസ്താവനയ്ക്കു ശേഷം ഞായറാഴ്ച കൂടുതല്‍ ശുഭാപ്തിവിശ്വാസത്തോടെയാണ് ട്രംപ് രംഗത്തെത്തിയത്. ഇരുപക്ഷവും ഈ ആഴ്ച ഒരു കരാറില്‍ എത്തുമെന്ന് ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് അമേരിക്കയുമായും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായും ചര്‍ച്ച നടത്താന്‍ അടുത്ത ദിവസം യുക്രൈന്‍ ഒരു പ്രതിനിധി സംഘത്തെ ലണ്ടനിലേക്ക് അയയ്ക്കുമെന്ന് പ്രസിഡന്റ് സെലന്‍സ്‌കി സ്ഥിരീകരിച്ചു.
'യുക്രൈന്‍, യുകെ, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങള്‍ ശാശ്വതമായ സമാധാനം കൈവരിക്കുന്നതിനായുള്ള ക്രിയാത്മക ചര്‍ച്ചകളുമായി മുന്നോട്ടു പോകുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായും ചര്‍ച്ചകള്‍ നടത്തിയെന്ന് സെലന്‍സ്‌കി അറിയിച്ചു.
കഴിഞ്ഞയാഴ്ച പാരീസില്‍ നടന്ന ഒരു യോഗത്തിന്റെ തുടര്‍ച്ചയായാണ് ലണ്ടനിലെ ചര്‍ച്ചകള്‍. പാരീസിലെ യോഗത്തില്‍ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്നാണ് യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തത്.
അതേസമയം, വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിച്ചതായി റഷ്യയും യുക്രൈനും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. പുടിന്‍ അവകാശപ്പെടുന്ന എല്ലാ ഭൂമിയും യുക്രൈന്‍ വിട്ടുകൊടുക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ നിന്ന് റഷ്യ ഇതുവരെ പിന്മാറിയിട്ടില്ല.












Click it and Unblock the Notifications