Get Updates
Get notified of breaking news, exclusive insights, and must-see stories!

കസാഖിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ റഷ്യന്‍ സൈന്യം

നൂര്‍-സൂല്‍ത്താന്‍: ഇന്ധനവില വര്‍ധനയിലെ ആഭ്യന്തര പ്രതിഷേധം മൂലം സര്‍ക്കാരിന് രാജിവെച്ചൊഴിയേണ്ടി വന്ന കസാഖിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ റഷ്യന്‍ സൈന്യം എത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ ക്രമസമാധാനപാലനം വീണ്ടെടുക്കാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവിനെ സഹായിക്കാനാണ് മോസ്‌കോയുടെ അധീനതയിലുള്ള സൈനിക സഖ്യം കസാഖിസ്ഥാനിലെത്തിയതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യ, അര്‍മേനിയ, ബെലാറസ്, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിഖിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷന്‍ (സി എസ് എസ് ടി ഒ) രാജ്യത്തെ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് കാസിം-ജോമാര്‍ട്ട് ടോകയേവ് ആവശ്യപ്പെട്ടിരുന്നു. കസാഖിസ്ഥാനില്‍ പ്രതിഷേധക്കാരും പൊലീസും സൈന്യവും തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ഇത്.

അക്രമസംഭവങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയില്‍ 12 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണം തുടരുകയാണെന്നാണ് പൊലീസ് ഭാഷ്യം.

kazakhstan

353 പൊലീസുകാര്‍ക്കും സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റതായും 12 പേര്‍ കൊല്ലപ്പെട്ടതായുമാണ് അല്‍മാട്ടി സിറ്റി അധികൃതര്‍ അറിയിക്കുന്നത്. വ്യാഴാഴ്ച രാവിലെ, അല്‍മാട്ടിയുടെ പ്രധാന ചത്വരത്തില്‍ സൈന്യം പ്രവേശിച്ചപ്പോള്‍ വെടിവയ്പുണ്ടായി എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം നാഷണല്‍ ബാങ്ക് ഓഫ് കസാഖിസ്ഥാന്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങളും പൂട്ടിയതായി സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് പലയിടത്തും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സേവനങ്ങളും തകരാറിലാണ്.

കഴിഞ്ഞ ദിവസവും അല്‍മാട്ടിയിലും മറ്റ് നഗരങ്ങളിലും അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെയും വെടിവയ്പ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

അതേസമയം കസാഖിസ്ഥാനിലെ സമാധാനം പുനസ്ഥാപിക്കാന്‍ സഖ്യസേനയെ അയക്കുമെന്ന് അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിനിയന്‍ പറഞ്ഞിരുന്നു. എന്നാല്‍ സി എസ് എസ് ടി ഒ എത്ര യൂണിറ്റ് സൈന്യത്തെയാണ് അയച്ചിരിക്കുന്നതെന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണമില്ല.

'കസാഖിസ്ഥാന്‍ പ്രസിഡന്റിന് എത്രകാലം സേവനം വേണമെന്ന് ആവശ്യപ്പെടുന്നോ അത്രയും കാലം സി എസ് എസ് ടി ഒ രാജ്യത്ത് തുടരും. കസാഖിസ്ഥാനില്‍ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും സംരക്ഷിക്കുന്നതിനായിരിക്കും അവര്‍ ഇടപെടുക,' റഷ്യന്‍ എം പി ലിയോനിഡ് കലാഷ്നിക്കോവ് പറഞ്ഞു.

ബുധനാഴ്ചയാണ് പ്രതിഷേധങ്ങള്‍ക്കിടെ കസാഖിസ്ഥാന്‍ സര്‍ക്കാരിന്റെ രാജി പ്രസിഡന്റ് സ്വീകരിച്ചത്. സര്‍ക്കാര്‍ രാജിവെച്ച ശേഷം പ്രതിഷേധം രൂക്ഷമാകുന്നതാണ് കണ്ടത്. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഏറ്റെടുക്കുകയും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ അല്‍മാട്ടിയിലെ വിമാനത്താവളം ആക്രമിക്കുകയും ചെയ്തിരുന്നു.

''അല്‍മാട്ടി ആക്രമിക്കപ്പെട്ടു, നശിപ്പിക്കപ്പെട്ടു. അല്‍മാട്ടിയിലെ നിവാസികള്‍ തീവ്രവാദികളുടെയും കൊള്ളക്കാരുടെയും ആക്രമണത്തിന് ഇരയായി, അതിനാല്‍ നമ്മുടെ രാജ്യത്തെ സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടത് ഞങ്ങളുടെ കടമയാണ്,'' എന്നായിരുന്നു പ്രസിഡന്റ് ടോകയേവ് ഇന്നലെ സ്റ്റേറ്റ് ടെലിവിഷനിലൂടെ അറിയിച്ചത്.

അതേസമയം ഉക്രൈനിലെ ഇടപെടലുകള്‍ക്കിടെയാണ് കസാഖിസ്ഥാനിലും റഷ്യ ഇടപെടുന്നത് എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. റഷ്യയുമായുള്ള സാമ്പത്തിക യൂണിയന്റെ ഭാഗമാണ് കസാക്കിസ്ഥാന്‍.

ഇന്ധന വിലയിലെ വര്‍ധനവ് നിത്യോപയോഗ സാധനങ്ങളെയും ബാധിച്ചിരുന്നു. കൊവിഡിനിടയില്‍ ജനങ്ങള്‍ക്കിത് തിരിച്ചടിയായി. കാലങ്ങളായി തുടരുന്ന ഇന്ധനവില വര്‍ധനവ് പുതുവര്‍ഷത്തില്‍ ഇന്ധനവില വര്‍ധന ഇരട്ടിയായതോടെയാണ് രാജ്യത്ത് പ്രതിഷേധം മറ്റൊരു ദിശയിലേക്ക് നീങ്ങിയത്.

പ്രതിഷേധം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയതോടെ പ്രതിരോധിക്കാന്‍ പൊലീസും സൈന്യവും രംഗത്തെത്തി. ആശയവിനിമയ ഉപാധികള്‍ വിച്ഛേദിച്ചു കൊണ്ടായിരുന്നു സര്‍ക്കാര്‍ പ്രതിഷേധങ്ങളോട് പ്രതികരിച്ചത്. ഇന്റര്‍നെറ്റ് ബന്ധം ഇല്ലാതായതോടെ വാട്സാപ്പ്, മെസഞ്ചര്‍ തുടങ്ങിയവ നിശ്ചലമായി.

പ്രതിഷേധം തണുപ്പിക്കാന്‍ ഇന്ധനവില വര്‍ധനവ് പിടിച്ചുനിര്‍ത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. ഇതോടെയാണ് ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ രാജിവെച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+