ആ സംഭവത്തിന് ശേഷം ബിന്‍ സല്‍മാന്‍ അമേരിക്ക കണ്ടിട്ടില്ല; സൗദി രാജകുമാരന്‍ വീണ്ടുമെത്തുന്നു
വാഷിങ്ടണ്‍: സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കയിലേക്ക്. ചൊവ്വാഴ്ച അദ്ദേഹം വാഷിങ്ടണില്‍ എത്തും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് ബിന്‍ സല്‍മാന്‍ എത്തുന്നത്. അദ്ദേഹത്തിനൊപ്പം ഉന്നത ഉദ്യോഗസ്ഥരും സൗദി ബിസിനസുകാരും ഉള്‍പ്പെടുന്ന വന്‍ സംഘവുമുണ്ടാകും. ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം അമേരിക്കയില്‍ ബിസിനസ് ഉച്ചകോടി നടക്കും.
സൗദി അറേബ്യയുടെ ഭരണാധികാരിയല്ല മുഹമ്മദ് ബിന്‍ സല്‍മാന്‍. കിരീടവകാശിയാണ്. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് സൗദിയുടെ രാജാവ്. അതുകൊണ്ടുതന്നെ അമേരിക്കക്ക് സ്‌റ്റേറ്റ് വിസിറ്റ് എന് ഗണത്തില്‍ ബിന്‍ സല്‍മാന്റെ സന്ദര്‍ശനം പരിഗണിക്കനാകില്ല. എങ്കിലും സമാനമായ ഒരുക്കങ്ങളാണ് അമേരിക്കയില്‍ നടക്കുന്നത്. വിരുന്നിനുള്ള എല്ലാ ഒരുക്കങ്ങളും പ്രഥമ വനിത മെലാനിയ ട്രംപ് ആണ് നടത്തുന്നത്.

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായ സംഭവത്തിന് തൊട്ടുമുമ്പ് 2018ലാണ് ഏറ്റവും ഒടുവില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്ക സന്ദര്‍ശിച്ചത്. അതായത്, ഏകദേശം ഏഴ് വര്‍ഷം മുമ്പ്. ഖഷഗ്ജിയുടെ മരണത്തില്‍ ബിന്‍ സല്‍മാന് പങ്കുണ്ട് എന്നാണ് അമേരിക്കയുടെ അന്വേഷണ സംഘം കണ്ടെത്തിയത്. ഇക്കാര്യം ബിന്‍ സല്‍മാന്‍ നിഷേധിച്ചിരുന്നു.
തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍ ചില രേഖകള്‍ ശരിയാക്കാന്‍ എത്തിയതായിരുന്നു ഖഷ്ഗജി. അകത്തേക്ക് പോയ അദ്ദേഹത്തെ പിന്നീട് കണ്ടിട്ടില്ല. ഖഷഗ്ജിയെ ബലമായി ചിലര്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. തുര്‍ക്കി പോലീസ് ഇക്കാര്യത്തില്‍ സൗദിക്കെതിരായ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
അബ്രഹാം കരാര്‍ പ്രധാന ചര്‍ച്ച
ഖഷഗ്ജി തിരോധാന വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച അമേരിക്ക പക്ഷേ, മുഹമ്മദ് ബിന്‍ സല്‍മാനുമായി അടുത്ത സൗഹൃദം നിലനിര്‍ത്തി. ട്രംപിന് ശേഷം അമേരിക്കന്‍ പ്രസിഡന്റായ ജോ ബൈഡനും സൗദി സന്ദര്‍ശിച്ച് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തി. ട്രംപ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ കഴിഞ്ഞ മെയില്‍ സൗദിയിലെത്തിയിരുന്നു.

ട്രംപിന് ഊഷ്മളമായ സ്വീകരണമാണ് സൗദിയില്‍ കിട്ടിയത്. സ്വര്‍ണ വാളുകള്‍ പിടിച്ചുള്ള ഭടന്മാരുടെ സ്വീകരണവും ആകാശത്ത് വിമാനത്തിന്റെ അകമ്പടിയുമെല്ലാം സൗദിയുടെ ഏറ്റവും വലിയ ആതിഥ്യ മര്യാദകളാണ്. അതെല്ലാം ട്രംപിന് ലഭിച്ചു. ശേഷം ഖത്തറും യുഎഇയും സന്ദര്‍ശിച്ചാണ് ട്രംപ് മടങ്ങിയത്. മൂന്ന് ജിസിസി രാജ്യങ്ങളില്‍ നിന്ന് കോടികളുടെ കരാര്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ലഭിക്കുകയും ചെയ്തു.
അന്ന് ഒപ്പുവച്ച പല കരാറുകളുടെയും തുടര്‍ ചര്‍ച്ചകള്‍ ബിന്‍ സല്‍മാന്‍ അമേരിക്കയിലെത്തുന്ന വേളയില്‍ നടക്കും. ഇസ്രായേലുമായി സൗദിയെ അടുപ്പിക്കുന്ന നീക്കവും ട്രംപ് നടത്തുന്നുണ്ട്. അബ്രഹാം കരാര്‍ ചര്‍ച്ചയാകുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിന്‍ സല്‍മാനു വേണ്ടി പ്രത്യേക അത്താഴ വിരുന്നും ട്രംപ് ഒരുക്കും. ബിസിനസ് ഉച്ചകോടിയും കഴിഞ്ഞാകും ബിന്‍ സല്‍മാന്റെ മടക്കം.












Click it and Unblock the Notifications