സൗദി അറേബ്യ പിന്മാറി; ഇടിച്ചുകയറാന്‍ യുഎഇ... ഇന്ത്യ മുതലെടുത്തേക്കും, നിര്‍ണായക യോഗം 26ന്
ദുബായ്: മലയാളികളുടെ രണ്ടാം വീടാണ് യുഎഇ. ഒട്ടേറെ പ്രത്യേകതകളും നേട്ടങ്ങളും കൈവരിച്ച രാജ്യം. എണ്ണയാണ് പ്രധാന വരുമാനം. മറ്റു വരുമാന മാര്‍ഗങ്ങളും യുഎഇക്ക് കൈമുതലായുണ്ട്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ മൂന്നാമത്തെ ശക്തിയാണ് യുഎഇ. സൗദി അറേബ്യയും ഇറാഖും കഴിഞ്ഞാല്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം.
ഒപെക് അംഗങ്ങളായ രാജ്യങ്ങള്‍ക്ക് തോന്നിയ പോലെ എണ്ണ ഉല്‍പ്പാദനം സാധ്യമല്ല. ഓരോ രാജ്യങ്ങള്‍ക്കും നിശ്ചിത ക്വാട്ടയുണ്ട്. നിശ്ചയിക്കപ്പെട്ട അളവില്‍ മാത്രമാണ് എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുക. പരിധി വിട്ട് ഓരോ രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിച്ചാല്‍ വിപണിയുടെ താളം തെറ്റും. ഇക്കാര്യത്തില്‍ ഒപെക് നേതൃത്വം കൃത്യമായ അവലോകനം നടത്തുകയാണ് പതിവ്.

ഒപെകില്‍ തങ്ങള്‍ക്ക് അനുവദിച്ച ക്വാട്ട വളരെ കുറവാണ് എന്നാണ് യുഎഇയുടെ വര്‍ഷങ്ങളായുള്ള നിലപാട്. ക്വാട്ട വര്‍ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന ഒപെക് യോഗം ഇക്കാര്യത്തില്‍ ചില ഇളവുകള്‍ യുഎഇക്ക് നല്‍കിയിട്ടുണ്ട്. ഇതോടെ അടുത്ത വര്‍ഷം മുതല്‍ യുഎഇക്ക് നിലവിലുള്ളതിനേക്കാള്‍ രണ്ട് ലക്ഷം ബാരല്‍ അധികം പ്രതിദിനം ഉല്‍പ്പാദിപ്പിക്കാം. അതായത് ഒരു ദിവസം മൊത്തം 32 ലക്ഷം ബാരല്‍ ഉല്‍പ്പാദിപ്പിക്കാം.
എണ്ണവില ഉയര്‍ത്താനുള്ള ശ്രമത്തിലാണ് സൗദി അറേബ്യയും റഷ്യയും. ഈ വര്‍ഷം ഡിസംബര്‍ 31 വരെ പ്രതിദിനം 10 ലക്ഷം ബാരല്‍ ഉല്‍പ്പാദനമാണ് സൗദി അറേബ്യ വെട്ടിക്കുറച്ചിരിക്കുന്നത്. റഷ്യ മൂന്ന് ലക്ഷം ബാരലും. ഇതോടെ വിപണിയില്‍ ലഭ്യത കുറയുമ്പോള്‍ എണ്ണവില കൂടുമെന്ന് സൗദി പ്രതീക്ഷിച്ചു. എന്നാല്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ സൗദിയുടെ തന്ത്രം ഇതുവരെ വിജയിച്ചിട്ടില്ല. വില ബാരലിന് 80 ഡോളറില്‍ നില്‍ക്കുകയാണ്.
ഈ സാഹചര്യത്തില്‍ സൗദി അറേബ്യ ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടി അടുത്ത വര്‍ഷം മാര്‍ച്ച് വരെ തുടര്‍ന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. വിപണി നിരീക്ഷകര്‍ ഇക്കാര്യം ശരിവെയ്ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ മറ്റു വഴികള്‍ തേടുകയാണ്. നൈജീരിയ, വെനസ്വേല ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്.
ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടി തുടരണമോ, പിന്‍വലിക്കണമോ എന്ന കാര്യത്തില്‍ അടുത്ത ഒപെക് യോഗത്തില്‍ തീരുമാനമുണ്ടാകും. ഈ മാസം 25-26 തിയ്യതികളിലാണ് ഒപെക് യോഗം. സൗദി അറേബ്യ യോഗത്തിലെടുക്കുന്ന തീരുമാനം ആഗോള വ്യവസായ ലോകം ഉറ്റുനോക്കുകയാണ്. ഈ വേളയിലാണ് യുഎഇയുടെ നിലപാട് നിര്‍ണായകമാകുക.
എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ യുഎഇ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള അനുമതിയും അവര്‍ക്ക് ലഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറക്കുമതി വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയും യുഎഇയും വലിയ സൗഹൃദമുള്ള രാജ്യങ്ങളാണ്. പ്രാദേശിക കറന്‍സിയില്‍ ഇന്ത്യയുമായി ഇടപാട് നടത്താന്‍ തയ്യാറായ രാജ്യം കൂടിയാണ് യുഎഇ. അതുകൊണ്ട് തന്നെ യുഎഇയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യയ്ക്ക് പ്രയാസമല്ല.












Click it and Unblock the Notifications