സൗദി അറേബ്യ: സല്‍മാന്‍ രാജാവിന് കടുത്ത പനി, വീണ്ടും പരിശോധന, പുതിയ വിവരങ്ങള്‍
റിയാദ്: സൗദി അറേബ്യയുടെ ഭരണാധികാരി സല്‍മാന്‍ രാജാവിന് കടുത്ത പനി. അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കടുത്ത പനിയും ശരീര വേദനയും അനുഭവപ്പെടുന്നതിനാല്‍ ഞായറാഴ്ച വൈദ്യ പരിശോധന നടത്തുമെന്നാണ് വിവരം. ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തിലുള്ള റോയല്‍ ക്ലിനിക്കിലാണ് പരിശോധന.
88 കാരനായ സല്‍മാന്‍ രാജാവ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. കഴിഞ്ഞ മാസം അദ്ദേഹത്തെ പതിവായി നടത്തുന്ന പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈകാതെ മടങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പനി ശക്തമായി വരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു.

ശേഷമാണ് ചില ടെസ്റ്റുകള്‍ക്ക് വിധേനാക്കാന്‍ തീരുമാനിച്ചത്. മറ്റു വിവരങ്ങളൊന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കഴിഞ്ഞ കുറച്ച് കാലമായി ഭരണകാര്യങ്ങളില്‍ സജീവമായി രാജാവ് ഇടപെടുന്നില്ല. മകനും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് ദൈനംദിന ഭരണകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. സല്‍മാന്‍ രാജാവിന്റെ ആരോഗ്യ വിവരങ്ങള്‍ സംബന്ധിച്ച് വൈകാതെ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.
2015ലാണ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സൗദി അറേബ്യയുടെ രാജാവായി ചുമതലയേറ്റത്. അതിന് മുമ്പ് കിരീടവകാശിയും ഉപ പ്രധാനമന്ത്രിയുമായിരുന്നു. രാജാവിന്റെ പദവി ഏറ്റെടുത്ത പിന്നാലെ മകന്‍ മുഹമ്മദിനെ അദ്ദേഹം കിരീടവകാശിയായി നിയോഗിച്ചു. ശേഷം അതിവേഗമായിരുന്നു സൗദിയിലെ മാറ്റങ്ങള്‍. ഒട്ടേറെ പരിഷ്‌കാരങ്ങള്‍ വരുത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള വ്യക്തിയാണ്.
സൗദി അറേബ്യ-യുഎസ് ചര്‍ച്ച
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവനും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ വൈകാതെ ഒപ്പുവയ്ക്കുമെന്ന് കരുതുന്ന സുരക്ഷാ കരാര്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണവും ചര്‍ച്ചയില്‍ വിഷയമായി എന്നാണ് കരുതുന്നത്.
സൗദി അറേബ്യയിലെ ദഹ്‌റാന്‍ നഗരത്തിലായിരുന്നു ചര്‍ച്ച എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സൗദിയുടെ എണ്ണ കമ്പനിയായ അരാംകോയുടെ പ്രധാന ഓഫീസ് സ്ഥിതി ചെയ്യുന്ന നഗരമാണിത്. പശ്ചിമേഷ്യയിലെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. പലസ്തീന്‍ വിഷയത്തില്‍ രമ്യമായ പരിഹാരം ദ്വിരാഷ്ട്ര നിര്‍മാണത്തിലൂടെ മാത്രമേ സാധിക്കൂ എന്നാണ് സൗദിയുടെയും അമേരിക്കയുടെയും നിലപാട്.
1967ലെ അതിര്‍ത്തികള്‍ കണക്കാക്കി പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണം എന്നാണ് സൗദിയുടെ ആവശ്യം. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി വേണമെന്നും സൗദി ആവശ്യപ്പെടുന്നു. അതേസമയം, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇക്കാര്യം അംഗീകരിക്കുന്നില്ല. ദ്വിരാഷ്ട്ര പരിഹാരത്തെ എതിര്‍ക്കുന്ന പാര്‍ട്ടികളുടെ പിന്തുണയോടെയാണ് നെതന്യാഹുവിന്റെ ഭരണം. പലസ്തീനിലെ എല്ലാ പ്രദേശത്തും ജൂത കുടിയേറ്റം നടക്കണമെന്നാണ് ഇവരുടെ നിലപാട്.












Click it and Unblock the Notifications