സൗദി അറേബ്യ, പാകിസ്താന്‍, തുര്‍ക്കി സഖ്യത്തിന്റെ ആദ്യ യോഗം; ബിന്‍ സല്‍മാന്‍ ഇസ്താംബൂളിലേക്ക് ഇല്ല
മക്ക കരാറില്‍ ഒപ്പുവച്ച സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങളുടെ സുപ്രധാന യോഗം നാളെ ഇസ്താംബൂളില്‍. മൂന്ന് രാജ്യങ്ങളിലെയും പ്രമുഖര്‍ പങ്കെടുക്കുന്ന യോഗത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉണ്ടാകില്ല. വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദ്, പ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് എന്നിവരാകും പങ്കെടുക്കുക.
മൂന്ന് രാജ്യങ്ങളിലെയും വിദേശ-പ്രതിരോധ മന്ത്രിമാര്‍ക്ക് പുറമെ സൈനിക ഓഫീസര്‍മാരും ഇസ്താംബൂളില്‍ എത്തും. വിദേശ രാഷ്ട്രീയ സാഹചര്യമാകും പ്രധാന ചര്‍ച്ച എന്നാണ് വിവരം. ഇസ്രായേല്‍, ഇറാന്‍, അമേരിക്ക, പശ്ചിമേഷ്യയിലെ സായുധ സംഘങ്ങള്‍, സൈനിക സഹകരണം എന്നിവ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നു.

മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് പ്രതിരോധ സഖ്യം രൂപീകരിച്ച ശേഷം നടക്കാന്‍ പോകുന്ന ആദ്യ യോഗമാണ് തുര്‍ക്കിയിലേത്. ഈ മാസം ഏഴിനാണ് മക്കയില്‍ വച്ച് മൂന്ന് രാജ്യങ്ങളുടെയും ഭരണാധികാരികള്‍ പ്രതിരോധ കരാറില്‍ ഒപ്പുവച്ചത്. ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ എല്ലാവരെയും ആക്രമിച്ച പോലെ കരുതി ഇടപെടുമെന്നതാണ് കരാറിന്റെ കാതല്‍.
അമേരിക്കയുടെ പ്രധാന്യം മേഖലയില്‍ ചുരുങ്ങുന്നതിന്റെ സൂചനയായി ഈ പുതിയ കൂട്ടായ്മയെ വിലയിരുത്തുന്നവരുണ്ട്. അതേസമയം, ഇറാനെതിരായ നീക്കങ്ങളുടെ ഭാഗമായുള്ള സഖ്യമാണിത് എന്നും പറയപ്പെടുന്നു. എന്നാല്‍ ഇറാനെ പുതിയ സഖ്യത്തിലേക്ക് ക്ഷണിച്ചു എന്നാണ് പിന്നീട് പുറത്തുവന്ന വിവരം. ഈജിപ്ത്, ബംഗ്ലാദേശ്, കുവൈത്ത് എന്നീ രാജ്യങ്ങള്‍ പ്രതിരോധ സഖ്യത്തിന്റെ ഭാഗമാകുമെന്നും വാര്‍ത്തകളുണ്ട്.
ജിസിസി രാജ്യങ്ങളുടെ സുരക്ഷാ ചുമതല ഇതുവരെ അമേരിക്ക മാത്രമാണ് ഏറ്റെടുത്തിരുന്നത്. സമീപകാലത്ത് പാകിസ്താനും തുര്‍ക്കിയും കൂടി ഈ കളത്തിലേക്ക് എത്തി. സൗദിയും പാകിസ്താനും തുര്‍ക്കിയും സുന്നി രാജ്യങ്ങളായതിനാലാണ് ഇറാനെതിരായ സഖ്യം എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ചില പാശ്ചാത്യ മാധ്യമങ്ങള്‍ ഈ കൂട്ടായ്മയെ ഇസ്ലാമിക് നാറ്റോ എന്നും വിശേഷിപ്പിക്കുന്നുണ്ട്.
അന്താരാഷ്ട്ര സുരക്ഷാ വെല്ലുവിളികളാണ് ഇസ്താംബൂളിലെ യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുകയത്രെ. പ്രതിരോധ ശേഷി, സൈനിക സഹകരണം, പ്രതിരോധ വ്യവസായം തുടങ്ങിയ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള ഊര്‍ജ പ്രതിസന്ധിയും ചര്‍ച്ചയാകും. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ആറ് മാസം പിന്നിട്ട സാഹചര്യത്തില്‍ കൂടിയാണ് യോഗം എന്നത് എടുത്തു പറയണം.
നാറ്റോ സൈനിക സഖ്യത്തിലെ രണ്ടാമത്തെ സൈനിക ശക്തിയാണ് തുര്‍ക്കി, മുസ്ലിം രാജ്യങ്ങളിലെ ഏക ആണവ ശക്തിയാണ് പാകിസ്താന്‍, ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ... ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഈ മൂന്നു രാജ്യങ്ങളുടെയും പുതിയ സഖ്യം എല്ലാ രാജ്യങ്ങളും നിരീക്ഷിക്കുന്നുണ്ട്. ഇതിലേക്ക് പുതിയ രാജ്യങ്ങള്‍ വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.





Click it and Unblock the Notifications