ഉസ്‌ബെക്കിസ്താന്‍ വിസ ഇളവ് പ്രഖ്യാപിച്ചു; ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് നേട്ടം, 30 ദിവസം കഴിഞ്ഞാല്‍ ചെയ്യേണ്ടത്
തഷ്‌കന്റ്: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിസ ഇളവ് പ്രഖ്യാപിച്ച് ഉസ്‌ബെക്കിസ്താന്‍. ടൂറിസ്റ്റുകള്‍ക്കും ബിസിനസുകാര്‍ക്കും നേട്ടമാകുന്നതാണ് തീരുമാനം. 30 ദിവസം ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഉസ്‌ബെക്കിസ്താനില്‍ താമസിക്കാം. പ്രസിഡന്റ് ഷൗക്കത്ത് മിര്‍സിയോയേവ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന സന്ദര്‍ശനത്തിനിടെയാണ് പ്രഖ്യാപനം. ഇന്ത്യയുടെ ആണവോര്‍ജ പദ്ധതിക്ക് കരുത്തുപകരുന്ന ദീര്‍ഘകാല യുറേനിയം വിതരണ കരാറും ഇരുരാജ്യങ്ങളും ഇന്ന് ഒപ്പുവച്ചു.
ഇന്ത്യയുമായി വ്യാപാരം ശക്തിപ്പെടുത്താന്‍ ഉസ്‌ബെക്കിസ്താന്‍ ആഗ്രഹിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം 100 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടത്തിയത്. ഇരുരാജ്യങ്ങളുടെയും സംയുക്ത സംരംഭങ്ങളും വര്‍ധിച്ചു എന്ന് ഉസ്‌ബെക്കിസ്താന്‍ പ്രസിഡന്റ് പറഞ്ഞു. വിസ ഇളവ് നല്‍കിയതിലൂടെ കൂടുതല്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ക്ഷണിക്കുകയാണ് ഉസ്‌ബെക്കിസ്താന്‍.

ഇന്ത്യയ്ക്കും ഉസ്‌ബെക്കിസ്താനുമിടയില്‍ ആഴ്ചയില്‍ 14 നേരിട്ടുള്ള വിമാന സര്‍വീസുകളുണ്ട്. സാംസ്‌കാരിക രംഗത്ത് ഇന്ത്യ ഉസ്‌ബെക്കിസ്താന് നല്‍കുന്ന സംഭാവനകള്‍ ഷൗക്കത്ത് മിര്‍സിയോയേവ് എടുത്തു പറഞ്ഞു. യോഗയുടെ പ്രചാരണം ഉസ്‌ബെക്കിസ്താനില്‍ ശക്തിപ്പെട്ടുവരികയാണ്. ഇതിന് വേണ്ടി യോഗ ഫെഡറേഷന്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം ഉസ്‌ബെക്കിസ്താനില്‍ ദേശവ്യാപകമായി യോഗ ആഘോഷം നടന്നു എന്നും പ്രസിഡന്റ് പറഞ്ഞു.
പുതിയ വിസ ഇളവ് ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് മിര്‍സിയോയേവ് പറഞ്ഞു. 30 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് താമസിക്കുന്നതിന് വിസ ആവശ്യമില്ല. അതിന് ശേഷമുള്ള താമസത്തിന് ഇ-വിസയ്ക്ക് അപേക്ഷിക്കേണ്ടി വരും. 20 ഡോളറാണ് ഇതിനുള്ള ഫീസ്. നിരവധി ഇന്ത്യക്കാര്‍ പഠന ആവശ്യാര്‍ഥവും വിനോദ സഞ്ചാരത്തിന്റെ ഭാഗമായും ഉസ്‌ബെക്കിസ്താനില്‍ എത്താറുണ്ട്. അവര്‍ക്കെല്ലാം സന്തോഷം നല്‍കുന്നതാണ് പുതിയ തീരുമാനം.
90 ശതമാനത്തോളം മുസ്ലിങ്ങള്‍ താമസിക്കുന്ന രാജ്യമാണ് ഉസ്‌ബെക്കിസ്താന്‍. ഹനഫി വിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങളാണ് ഇവിടെയുള്ളത്. സമര്‍കന്ത്, ബുഖാറ തുടങ്ങിയ ഇസ്ലാമിക ചരിത്ര സ്ഥലങ്ങളും ഉസ്‌ബെക്കിസ്താനിലാണ്. ഒമ്പത് ശതമാനം റഷ്യന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളും ഉസ്‌ബെക്കിസ്താനിലുണ്ട്. ഔദ്യോഗികമായി ഒരു മതത്തിനും പ്രധാന്യം നല്‍കാതെയാണ് ഉസ്‌ബെക്കിസ്താന്റെ ഭരണഘടന.
1992 മുതല്‍ ഇന്ത്യ ഉസ്‌ബെക്കിസ്താനുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ഉസ്‌ബെക്കിസ്താന്റെ പരമാധികാരം ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2011 മുതല്‍ തന്ത്രപരമായ പങ്കാളിത്തം ആരംഭിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഉസ്‌ബെക്കിസ്താനിലെത്തിയ മോദി ഇന്ന് കസാഖിസ്താനിലേക്ക് പോകും. 2015, 2016, 2022 എന്നീ വര്‍ഷങ്ങളിലും മോദി ഉസ്‌ബെക്‌സ്താന്‍ സന്ദര്‍ശിച്ചിരുന്നു. 2018, 2019 വര്‍ഷങ്ങളില്‍ ഷൗക്കത്ത് മിര്‍സിയോയേവ് ഇന്ത്യയിലും സന്ദര്‍ശിച്ചിരുന്നു.





Click it and Unblock the Notifications