സൗദി അറേബ്യ വന്‍ നീക്കത്തിന്, യുഎഇ ഔട്ട്; ഈജിപ്തും സോമാലിയയും കൂട്ടുചേരും, കൂടെ വമ്പന്മാരും
റിയാദ്: യുഎഇയെ ഒറ്റപ്പെടുത്തി സൗദി അറേബ്യയുടെ പുതിയ നീക്കങ്ങള്‍. സോമാലിയ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി പുതിയ സൈനിക സഖ്യമുണ്ടാക്കാന്‍ നീക്കം. പാകിസ്താനുമായി സൈനിക പ്രതിരോധ കരാര്‍ ഒപ്പുവച്ച പിന്നാലെയാണ് സൗദിയുടെ പുതിയ ശ്രമം. ഇതിന് പിന്നില്‍ യുഎഇക്കും ഇസ്രായേലിനും കെണി ഒരുക്കുക എന്ന ലക്ഷ്യവും സൗദിക്കുണ്ടത്രെ.
ഐക്യത്തോടെ മുന്നോട്ട് പോയിരുന്ന സൗദി അറേബ്യയും യുഎഇയും യമന്‍ വിഷയത്തിലാണ് തെറ്റിയത്. യമനിലെ വിഘടനവാദികളായ എസ്ടിസിക്ക് യുഎഇ പിന്തുണ നല്‍കിയതും എസ്ടിസി സൗദി അതിര്‍ത്തി മേഖല നിയന്ത്രണത്തിലാക്കിയതുമാണ് കാരണം. എസ്ടിസിക്കെതിരെ ആക്രമണം നടത്തിയ സൗദി അറേബ്യ, സംഘത്തിന്റെ നേതാവിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും യുഎഇ രക്ഷപ്പെടുത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

യുഎഇയുമായുള്ള സൈനിക പ്രതിരോധ കരാര്‍ യമന്‍ റദ്ദാക്കി. സൗദിയുടെ ആവശ്യം കണക്കിലെടുത്താണ് ഈ തീരുമാനം. കഴിഞ്ഞ ദിവസം സോമാലിയയും യുഎഇയുമായുള്ള സൈനിക കരാര്‍ റദ്ദാക്കി. ഇതിന് പിന്നിലും സൗദിയാണ് എന്നാണ് വിവരം. സോമാലിയയുടെ പ്രസിഡന്റ് ഹസന്‍ ശൈഖ് മുഹമ്മദ് ഉടനെ റിയാദിലെത്തി സൈനിക സഖ്യ കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
യമനിലെ എസ്ടിസി നേതാവ് ഐദറൗസ് അല്‍ സുബൈദിയെ യുഎഇ രക്ഷപ്പെടുത്തിയത് സോമാലിലാന്റ് വഴിയാണത്രെ. സൗദി അറേബ്യ ഇദ്ദേഹത്തെ പിടികൂടാന്‍ ശ്രമിക്കവെയായിരുന്നു രക്ഷപ്പെടുത്തല്‍. ആദ്യം സോമാലിലാന്റിലേക്കും പിന്നീട് യുഎഇയിലേക്കും അല്‍ സുബൈദിയെ കൊണ്ടുപോയി എന്നാണ് സൗദി അരോപിച്ചത്. ഇക്കാര്യത്തില്‍ യുഎഇ പ്രതികരിച്ചിട്ടില്ല.
വന്‍ ശക്തി രാജ്യങ്ങള്‍ ഒന്നിക്കുന്നു
സോമാലിയയില്‍ നിന്ന് വേര്‍പ്പെട്ട് രൂപീകരിക്കപ്പെട്ട സ്ഥലമാണ് സോമാലിലാന്റ്. ഇവിടെ പ്രത്യേക സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോക രാജ്യങ്ങളും യുഎന്നും സോമാലിലാന്റിനെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ അടുത്തിടെ ഇസ്രായേല്‍ അംഗീകാരം നല്‍കി. ഇതിനെതിരെ കടുത്ത എതിര്‍പ്പാണ് സൗദിയും മറ്റു മുസ്ലിം രാജ്യങ്ങളും ഉന്നയിച്ചത്. സോമാലിയയുടെ പരമാധികാരം സംരക്ഷിക്കുമെന്നും ഇവര്‍ പ്രഖ്യാപിച്ചു. ഇതിനൊപ്പം യുഎഇയും ഉണ്ടായിരുന്നു.
സോമാലിയയുടെ പരമാധികാരം സംരക്ഷിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചെങ്കിലും സോമാലിലാന്റ്, പുണ്ട്‌ലാന്റ് തുടങ്ങിയ സോമാലി മേഖലയിലെ സ്വയംഭരണ കേന്ദ്രങ്ങളുമായി നേരിട്ട് ബന്ധം നിലനിര്‍ത്തുന്നുണ്ട് യുഎഇ. ഇത് സോമാലിയയുടെ എതിര്‍പ്പിന് കാരണമായിരുന്നു. സോമാലിലാന്റിലെ ബെര്‍ബറ തുറമുഖം, പുണ്ട്‌ലാന്റിലെ ബസാസോ തുറമുഖം എന്നിവിടങ്ങളില്‍ യുഎഇക്ക് നിക്ഷേപമുണ്ട്.
സോമാലിയക്ക് പുറമെ ഈജിപ്തും സൗദിയുമായി സൈനിക സഖ്യ കരാറിന് തയ്യാറെടുക്കുകയാണ്. എസ്ടിസിയുടെയും യുഎഇയുടെയും യമനിലെ നീക്കങ്ങള്‍ ഈജിപ്ത് ആണ് സൗദിയെ അറിയിച്ചത് എന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. യുഎഇയെ വിട്ട് സൗദിക്കൊപ്പം നില്‍ക്കുകയാണ് ഈജിപ്ത്. ഇസ്രായേല്‍ ഭീഷണി നേരിടാന്‍ മേഖലയിലെ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സൈനിക സഖ്യം വേണമെന്ന് ഈജിപ്ത് ഏറെ കാലമായി ആവശ്യപ്പെടുന്നു. ഈ വേളയിലാണ് സൗദി-പാകിസ്താന്‍ സൈനിക സഖ്യം നിലവില്‍ വന്നത്. ഇതില്‍ ചേരാന്‍ തുര്‍ക്കിയും ചര്‍ച്ച നടത്തുന്നുണ്ട്.












Click it and Unblock the Notifications