പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ല; കടുത്ത നിയന്ത്രണത്തില്‍ മദീന
റിയാദ്: മദീനയില്‍ മുഹമ്മദ് നബിയുടെ ഖബറിടം സന്ദര്‍ശിക്കുന്നതില്‍ സ്ത്രീകള്‍ക്ക് വിലക്ക്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് സൗദിയിലെ ഒക്കാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പുരുഷന്‍മാര്‍ക്ക് അനുമതിയുണ്ടാകും. ഒരു വ്യക്തിക്ക് 30 ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ സന്ദര്‍ശന അനുമതി നല്‍കൂ. ഇത്മര്‍ന ആപ്പ് വഴി നേരത്തെ ബുക്ക് ചെയ്യണം. അതേസമയം, മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്ക വിലക്കില്ല. പള്ളിയുടെ ഭാഗമായുള്ള ഖബറിടത്തില്‍ പ്രവേശിക്കുന്നതിന് മാത്രമാണ് വിലക്ക്. ഇത് താല്‍ക്കാലികമായ നിയന്ത്രണമാണെന്നാണ് കരുതുന്നത്. നേരത്തെ സ്ത്രീകള്‍ക്കും ഖബറിടം സന്ദര്‍ശിക്കാന്‍ സാധിക്കുമായിരുന്നു. ഇതിന് വേണ്ടി പ്രത്യേക സമയവും അനുവദിച്ചിരുന്നു.

നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ടെങ്കിലും മദീനയിലെ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് നിയന്ത്രണങ്ങളില്ല. റൗളാ ശെരീഫ് സന്ദര്‍ശിക്കുന്നതിനും നേരത്തെ ബുക്ക് ചെയ്യണമെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് വാക്‌സിന്‍ എടുത്തിരിക്കണം. ആരോഗ്യ ആപ്പായ തവക്കല്‍നയില്‍ വാക്‌സിന്‍ എടുത്ത രേഖ കാണിക്കുകയും വേണം.
സൗദി അറേബ്യയില്‍ അതിവേഗം കൊവിഡ് വ്യാപനം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം വീണ്ടും രോഗ ഭീതി പരന്നിട്ടുണ്ട്. ഒമൈക്രോണ്‍ രോഗവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ സൗദിയില്‍ ഏറ്റവും കുറഞ്ഞ തോതിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ദിവസം 36 കേസുകള്‍ വരെയായി താഴ്ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി. ഞായറാഴ്ച 3460 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. മൊത്തം രോഗികളുടെ എണ്ണം 578753 ആയി ഉയര്‍ന്നു. ഞായറാഴ്ച ഒരാള്‍ കൂടി മരിച്ചതോടെ സൗദിയിലെ കൊവിഡ് മരണ നിരക്ക് 8893 ആയി.
ഗള്‍ഫ് മേഖലയില്‍ കൊവിഡ് ഭീതി വര്‍ധിച്ചിരിക്കുകയാണ്. സമാനമായ സാഹചര്യം തന്നെയാണ് ഇന്ത്യയിലും വരുന്നത്. കേരളത്തില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. രോഗം ഭേദമായെന്ന രേഖ ലഭിച്ചാലും ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണം വേണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു. ഇതിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം നിയന്ത്രണം നിര്‍ദേശിച്ച മലപ്പുറം കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പുതിയ പശ്ചാത്തലത്തില്‍ നാട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് പ്രവാസികള്‍.












Click it and Unblock the Notifications