യുഎഇ പൊതുമാപ്പ് ഒരാഴ്ച പിന്നിട്ടു; ദുബായില്‍ ഇതിനകം സേവനം ഉപയോഗപ്പെടുത്തിയത് 10,000ത്തിലേറെ പേര്‍
ദുബായ്: അനധികൃത താമസക്കാര്‍ക്ക് തങ്ങളുടെ താമസം നിയമവിധേയമാക്കാനോ പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനോ അവസരമൊരുക്കി യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരാഴ്ച പിന്നിടുമ്പോള്‍ ദുബയില്‍ മാത്രം പതിനായിരത്തിലേറെ പേര്‍ സേവനം ഉപയോഗപ്പെടുത്തിയതായി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് വിഭാഗം അറിയിച്ചു. കോടിക്കണക്കിന് ദിര്‍ഹം പിഴയാണ് ഇവര്‍ക്കായി ഇളവുചെയ്തു നല്‍കിയതെന്ന് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അഹ്മദ് അല്‍ ഗൈത്ത് അറിയിച്ചു.
പൊതുമാപ്പിന്റെ ഭാഗമായി 3422 പേര്‍ക്ക് വിസ പുതുക്കി നല്‍കി. 2107 പേര്‍ക്ക് പുതിയ സ്‌പോണ്‍സറെ കണ്ടെത്തി നല്‍കി. ദുബയിലെ ആമിര്‍ സെന്ററുകള്‍ വഴി മാത്രം 5500 അപേക്ഷകള്‍ കൈകാര്യം ചെയ്തതായും അദ്ദേഹം പറഞ്ഞു. അതേസമയം, 2809 പേര്‍ പൊതുമാപ്പിനുള്ള അപേക്ഷ നല്‍കുന്നതിന് മുമ്പ് വിസ കാന്‍സല്‍ ചെയ്തതായും അദ്ദേഹം അറിയിച്ചു.

പുതിയ വിസയ്ക്കായി അപേക്ഷിക്കുകയോ പൊതുമാപ്പിനായി അപേക്ഷ നല്‍കുകയോ ചെയ്യാതെ നിലവിലെ വിസ കാന്‍സല്‍ ചെയ്യുന്ന കേസുകള്‍ നിരവധിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും. പൊതുമാപ്പിന്റെ ഭാഗമായി പിഴ ഒഴിവാക്കിക്കിട്ടണമെങ്കില്‍ വിസ കാന്‍സല്‍ ചെയ്യുന്നതിന് മുമ്പ് പൊതുമാപ്പിന് അപേക്ഷ നല്‍കണം.
വിസ കാന്‍സല്‍ ചെയ്താന്‍ അതിനു ശേഷം രാജ്യത്ത് തങ്ങുന്ന ഓരോ ദിവസത്തിനും താമസ നിയമലംഘനത്തിന് 25 ദിര്‍ഹമും വിസാനിയമ ലംഘനത്തിന് 100 ദിര്‍ഹമും നല്‍കേണ്ടിവരുമെന്നും ഇക്കാര്യത്തില്‍ എല്ലാവരും ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications