അമേരിക്കയ്ക്ക് ലഭിച്ച ഏറ്റവും മോശം പ്രസഡിന്റ്,സഹാനുഭൂതിയില്ലാത്തയാൾ; ട്രംപിനെതിരെ മിഷേൽ ഒബാമ
വാഷിങ്ടൺ; പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷവിമർശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ. മറ്റുള്ളവരോട് യാതൊരു സഹാനഭൂതിയും കാണിക്കാത്ത നേതാവാണ് ട്രംപ്. അമേരിക്കയ്ക്ക് ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും മോശപ്പെട്ട പ്രസിഡന്റാണ് ട്രംപ് എന്നും മിഷേൽ പറഞ്ഞു. യുഎസ് ഡെമോക്രാറ്റിക് കൺവെൻഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
ഒരു മികച്ച നേതൃത്വത്തിനോ സമാശ്വാസത്തിനോ സ്ഥിരതയ്ക്കോ വേണ്ടി ജനം വൈറ്റ് ഹൗസിലേക്ക് ഉറ്റു നോക്കുമ്പോൾ അവിടെ നിന്ന് കാണാൻ സാധിക്കുന്നത് അരാജകത്വവും വിഭജനവും സഹാനുഭൂതിയുടെ അഭാവവുമാണ്. എനിക്ക് കഴിയാവുന്നത്ര വ്യക്തവും സത്യസന്ധവുമായി പറഞ്ഞാൽ അമേരിക്കയ്ക്ക് ലഭിച്ച ഏറ്റവും മോശം പ്രസിഡന്റ് ആണ് ട്രംപ്, മിഷേൽ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ മാറ്റം സംഭവിച്ചില്ലേങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് മിഷേൽ ഉറച്ച പിന്തുണ പ്രഖ്യാപിച്ചു. ജോൺ ബെയ്ഡന് വേണ്ടി പരമാവധി ജനങ്ങളും വോട്ട് ചെയ്യണം. ബാലറ്റ് ബോക്സ് വഴി ന്യായമായും വിജയിക്കാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാനുള്ള ശ്രമം അവർ നടത്തും. ഇതൊന്നും പുതിയ കാര്യങ്ങളല്ല. പ്രതിഷേധ സൂചകമായി വോട്ട് ചെയ്യാതിരിക്കാനോ വിജയസാധ്യത ഇല്ലാത്ത സ്ഥാനാർത്ഥികൾക്ക് വേണ്ടി ചെലവഴിക്കാനോ ഉള്ള സമയം അല്ലിത്. 2008 അല്ലെങ്കിൽ 2012 ൽ ചെയ്തതുപോലെ വോട്ട് ചെയ്യണം. അതേ തോതിലുള്ള അഭിനിവേശവും പ്രത്യാശയും ജനങ്ങൾ പ്രകടിപ്പിക്കണം.
ഇപ്പോൾ ഞാൻ പറയുന്ന കാര്യങ്ങൾ പിന്തുടരാൻ ചിലർ തയ്യാറാവില്ലെന്ന് എനിക്ക് അറിയാം. ആഴത്തിൽ ഭിന്നിക്കപ്പെട്ട ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. എനിക്ക് അനുഭവപ്പെടുന്നതാണ് ഞാൻ പറയുന്നത്. ഞാൻ രാഷ്ട്രീയത്തെ വെറുക്കുന്നുവെന്ന് നിങ്ങൾക്കറിയാം.അതേസമയം ഈ രാജ്യത്തെ ജനങ്ങളെ കുറിച്ച് എനിക്കുള്ള കരുതലും നിങ്ങൾക്ക് അറിയാം, മിഷേൽ പറഞ്ഞു.
എനിക്ക് ജോയെ അറിയാം. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ രക്ഷപ്പെടുത്താനും ഒരു മഹാമാരിയെ എങ്ങനെ നേരിടണമെന്നും നമ്മുടെ രാജ്യത്തെ എങ്ങനെയാണ് നയിക്കേണ്ടതെന്നും അദ്ദേഹത്തിന് അറിയാം. അദ്ദേഹം ജനങ്ങളെ കേൾക്കാൻ സന്നദ്ധനായ വ്യക്തിയാണ്. അദ്ദേഹം ശാസ്ത്രത്തെ വിശ്വസിക്കുകയും സത്യം പറയുകയും ചെയ്യുന്ന ആളാണ്. മികച്ച പദ്ധതികൾ ആസൂത്രണം ചെയ്യാനും ഒരു ടീമിനെ നല്ല രീതിയിൽ നയിക്കുവാനും അദ്ദേഹത്തിന് സാധിക്കും, മിഷേൽ പറഞ്ഞു.
കഴിയുന്നത്ര വേഗത്തിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ബാലറ്റുകൾ കഴിയുന്നത്ര വേഗത്തിൽ അയക്കണമെന്നും മിഷേൽ ആവശ്യപ്പെട്ടു. മെയിൽ ഇൻ ബാലറ്റുകൾക്ക് ഇന്ന് തന്നെ അപേക്ഷിക്കണം. കഴിയുമെങ്കിൽ ഇപ്പോൾ തന്നെ. അവ അധികൃതർക്ക് ലഭിച്ചുവെന്ന് ഉറപ്പുവരുത്തണം. നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണമെന്നും മിഷേൽ അഭ്യർത്ഥിച്ചു.
തപാൽ വോട്ടിങ് കൃത്യതയില്ലാത്തതും കൃത്രിമം നിറഞ്ഞതുമാണെന്നും അതിനാൽ ജനങ്ങൾക്ക് വ്യക്തമായി സുരക്ഷിതമായി വോട്ട് ചെയ്യാൻ കഴിയുന്നതുവരെ തെരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണമെന്നും ട്രംപ് നേരത്തേ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിനെ ട്രംപിന്റെ പാർട്ടിയിലെ നേതാക്കൾ തന്നെ എതിർത്തിരുന്നു. ഇക്കുറി കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭൂരിപക്ഷം ജനങ്ങളും തപാൽ വോട്ടാകും തിരഞ്ഞെടുക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്. തപാൽ വോട്ട് വിപുലപ്പെടുത്തണമെന്ന സമ്മർദം ജനങ്ങൾ സംസ്ഥാന അധികൃതരിൽ ചെലുത്തുന്നുമുണ്ട്. ട്രംപിന്റെ പാർടിക്കാരായ റിപ്പബ്ലിക്കന്മാരിൽ 49 ശതമാനവും തപാൽ വോട്ടിനെ അനുകൂലിക്കുന്നവരാണ്. ഡെമോക്രാറ്റിക്ക് പാർട്ടിയും തപാൽ വോട്ടിനെ സ്വാഗതം ചെയ്തിട്ടുണ്ട്.