ഇസ്രായേലില്‍ നിര്‍ത്തിയിട്ട ബസുകളില്‍ സ്‌ഫോടനം; ഭീകരാക്രമണമെന്ന് പൊലീസ്
ടെല്‍ അവീവ്: ഇസ്രായേലില്‍ നിര്‍ത്തിയിട്ട മൂന്ന് ബസുകളില്‍ സ്‌ഫോടനം. ആളപായമുണ്ടായില്ലെങ്കിലും ഭീകരാക്രമണമാണ് ഉണ്ടായതെന്ന് ഇസ്രായേല്‍ പൊലീസ് ആരോപിച്ചു. ടെല്‍ അവീവ് നഗരത്തില്‍ വ്യാഴാഴ്ച രാത്രിയാണ് ആശങ്ക സൃഷ്ടിച്ച സംഭവമുണ്ടായത്. ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ ആരംഭിച്ച് മൂന്നാഴ്ച്ച പിന്നിടുമ്പോഴാണ് പുതിയ ആക്രമണം. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ടെല്‍ അവീവിലെ ബാറ്റ് യാമിലെയും ഹോളോണിലെയും പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിര്‍ത്തിയിട്ട ബസുകളിലാണ് സ്‌ഫോടനമുണ്ടായത്. മൂന്ന് ആളൊഴിഞ്ഞ ബസുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സമീപമുള്ള ബസുകളില്‍ ഉണ്ടായിരുന്ന രണ്ട് സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കി. ബസുകള്‍ ആളിക്കത്തുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു.

വെള്ളിയാഴ്ച രാവിലെ ജനത്തിരക്കുള്ള സമയത്ത് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ടൈമറുകള്‍ തെറ്റായി സജ്ജീകരിച്ചതിനാലാണ് വന്‍ അപകടം ഒഴിവായതെന്നാണ് പൊലീസ് അനുമാനം. നാലര ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇസ്രായേലിലെ വലിയ നഗരമാണ് ടെല്‍ അവീവ്.
സംഭവത്തില്‍ പ്രതികള്‍ക്കായി വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഏകദേശം അഞ്ച് കിലോഗ്രാം വീതം ഭാരം വരുന്ന സ്‌ഫോടക വസ്തുക്കളാണ് നിര്‍വീര്യമാക്കിയത്. സ്‌ഫോടനത്തിന് പിന്നാലെ മുഴുവന്‍ ബസ് സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ ഗതാഗതമന്ത്രി മിരി റെഗെവ് ഉത്തരവിട്ടു. എല്ലാ ബസുകളിലും ട്രെയിനുകളിലും ലൈറ്റ് മെട്രോ സര്‍വീസുകളിലും പരിശോധന നടത്താനും മന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മൊറോക്കോയിലേക്കുള്ള സന്ദര്‍ശനവും ഗതാഗതമന്ത്രി വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ടുണ്ട്.
സ്‌ഫോടനത്തിന് പിന്നാലെ സ്ഥിതി സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. വെസ്റ്റ്ബാങ്കില്‍ ആക്രമണം കടുപ്പിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ആക്രമണം പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.












Click it and Unblock the Notifications