വലിയ ഇടയന് ആദരം അർപ്പിച്ച് ലോകം: മാർപ്പാപ്പയോടുള്ള ആദരം, ഈഫല്‍ ടവർ ഇന്ന് ലൈറ്റ് അണിയില്ല
ഫ്രാന്‍സിസ് മാർപ്പാപ്പയ്ക്ക് ലോകം മുഴുവന്‍ ആദരവോടെ വിട ചെല്ലുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ എല്ലാ രാഷ്ട്ര തലവന്‍മാരും സെലിബ്രിറ്റികളും ഫ്രാന്‍സിസ് മാർപ്പാപ്പയ്ക്ക് ആദരവ് അർപ്പിച്ച് മുന്നോട്ട് വന്നു. മാർപ്പാപ്പയോടുള്ള ആദരസൂചകമായി ഈഫല്‍ ടവറിലെ പ്രസിദ്ധമായ ലൈറ്റ് ഷോ ഇന്ന് ഉണ്ടായിരിക്കില്ലെന്ന് പാരീസ് മേയർ ആൻ ഹിഡാൽഗോ അറിയിച്ചു. പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നതിന് വേണ്ടി വാദിച്ച പോപ്പിന്റെ സ്മരണക്കായി നഗരത്തിലെ ഒരു സ്ഥലത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുമെന്നും മേയർ പറഞ്ഞു.
പോപ്പിന്റെ 88 വർഷത്തെ ജീവിതത്തെ അടിസ്ഥാനമാക്കി പാരിസിലെ നോതർ ഡാം കത്തീഡ്രലിന്റെ ചരിത്രപ്രസിദ്ധമായ പള്ളി മണി 88 തവണ മുഴക്കി. "88 റിങ്‌സ് ഫോർ 88 ഇയേഴ്‌സ് ഓഫ് ലൈഫ്" എന്ന സന്ദേശവുമായിട്ടായിരുന്നു ഈ മണി മുഴക്കമെന്ന് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർപാപ്പയുടെ വിയോഗമെന്ന് വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞിരുന്നെങ്കിലും തിരിച്ചെത്തിയ അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഈസറ്റർ ദിനത്തില്‍ അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്ത് തന്റെ സന്ദേശം കൈമാറിയിരുന്നു.
ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു അർജന്റീനക്കരാനായ കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയെ പുതിയ പോപ്പായി തിരഞ്ഞെടുക്കുന്നത്. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പ് എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച അദ്ദേഹം, ലളിത ജീവിതശൈലിക്കും പാവപ്പെട്ടവർക്ക് വേണ്ടി നടത്തിയ ഇടപെടലുകളിലൂടേയുമാണ് ശ്രദ്ധേയനാകുന്നത്.
അതേസമയം, ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. ദുഃഖത്തിന്റെ ഈ അവസരത്തിൽ ആഗോള കത്തോലിക്കാ സമൂഹത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പ എപ്പോഴും നിലകൊള്ളും. ക്രിസ്തുവിന്റെ ആദർശങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനായി അദ്ദേഹം സ്വയം സമർപ്പിച്ചു. ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും അദ്ദേഹം സേവിച്ചു. കഷ്ടപ്പെടുന്നവർക്ക് അദ്ദേഹം പ്രത്യാശയുടെ ചൈതന്യം നൽകി. അദ്ദേഹവുമായുള്ള എന്റെ കൂടിക്കാഴ്ചകളെ ഞാൻ സ്നേഹത്തോടെ ഓർക്കുന്നു. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം എപ്പോഴും വിലമതിക്കാനാവാത്തതാണ്, ദൈവ സന്നിധിയിൽ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.' എന്നും അദ്ദേഹം കുറിച്ചു.












Click it and Unblock the Notifications