പാരിസ് അക്രമിച്ച തീവ്രവാദിയെക്കുറിച്ച് തുര്‍ക്കി ഒരു വര്‍ഷം മുന്‍പുതന്നെ മുന്നറിയിപ്പു നല്‍കി
പാരിസ്: 130ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ പാരിസ് അക്രമത്തെക്കുറിച്ച് തുര്‍ക്കി ഒരു വര്‍ഷം മുന്‍പുതന്നെ ഫ്രാന്‍സിന് മുന്നറിയിപ്പു നല്‍കിയിരുന്നതായി തുര്‍ക്കി അധികൃതരുടെ വെളിപ്പെടുത്തല്‍. ഡിസംബര്‍ 2014ലും ജൂണ്‍ 2015ലും പാരിസ് അക്രമത്തിന് നേതൃത്വം നല്‍കിയ ഒമര്‍ ഇസ്മയില്‍ മൊസ്തഫായിയെക്കുറിച്ച് തങ്ങള്‍ ഫ്രാന്‍സിന് വിവരം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍.
രണ്ടുതവണയും ഫ്രാന്‍സ് തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചു. തങ്ങളുടെ മുന്നറിയിപ്പിന് ഒരു മറുപടിപോലും ഫ്രാന്‍സ് അയച്ചില്ലെന്ന് തുര്‍ക്കി പറയുന്നു. പാരിസിലെ സംഗീത പരിപാടി നടക്കുകയായിരുന്ന ഹാളില്‍ കയറി 89 പേരെ കൊലപ്പെടുത്തിയത് മൊസ്തഫായി ഉള്‍പ്പെടുന്ന സംഘമായിരുന്നു. ചാവേര്‍ ആക്രമണമാണ് ഇയാള്‍ നടത്തിയത് എന്നാണ് സൂചന.

ആക്രമണത്തിന് ശേഷം ഫ്രഞ്ച് അധികൃതര്‍ ഇയാളുടെ വിരലടയാളം പരിശോധിച്ചതോടെയാണ് വിവരങ്ങള്‍ വെളിപ്പെട്ടത്. 29 വയസുകാരനായ മുസ്തഫായി 2013ലാണ് തുര്‍ക്കിയില്‍ എത്തിയതെന്ന് പറയപ്പെടുന്നു. 2004 മുതല്‍ 2010വരെ 8 പെറ്റി കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന ഇയാള്‍ ഇതുവരെ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നില്ല.
2013ല്‍ രാജ്യത്തെത്തിയ മൊസ്തഫായി എപ്പോഴാണ് രാജ്യം വിട്ടതെന്ന് അറിയില്ലെന്ന് തുര്‍ക്കി അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്ക് ഐസിസ് തീവ്രവാദികളുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ പാരിസ് ആക്രമണത്തിന് ശേഷമാണ് ഫ്രാന്‍സ് മൊസ്തഫായിയെക്കുറിച്ചുള്ള വിവരത്തിന് തുര്‍ക്കിയെ സമീപിക്കുന്നതെന്ന് തുര്‍ക്കി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.












Click it and Unblock the Notifications