അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്നവർക്ക് യുഎഇ മുന്നറിയിപ്പ്: ലംഘിച്ചാൽ 50,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ!!
ദുബായ്: യുഎഇയിലെ തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി അധികൃതർ. കാലാവധി കഴിഞ്ഞ ശേഷവും യുഎഇയിൽ തങ്ങുന്നവരെയും അനധികൃതമായി താമസിച്ചുവരുന്നവരെയും ജോലിക്കെടുക്കരുതെന്നാണ് അധികൃതർ നൽകിയിട്ടുള്ള മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് ബോധവൽക്കരണം നടത്തുന്നതിനുള്ള നീക്കങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓറ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
യുഎഇ അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് അനധികൃതമായി താമസിച്ച് വരുന്നവരെ ജോലിക്കെടുത്താൽ 50,000 മുതൽ ഒരു ലക്ഷം വരെയാണ് നിയമലംഘകരിൽ നിന്ന് പിഴയിനത്തിൽ ഈടാക്കുക. താമസ നിയമങ്ങൾ ലംഘിച്ച് ജനങ്ങൾ രാജ്യത്ത് തങ്ങുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാവുന്നതാണെന്നും ദുബായ് പോലീസും മുന്നറിയിപ്പ് നൽകുന്നു.

അനധികൃതമായി ആളുകൾ രാജ്യത്ത് താമസിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി ദുബായിൽ റെയ്ഡ് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അധികൃതർ വ്യക്തമാക്കി. വിസ കാലാവധി കഴിഞ്ഞവർക്കും അനധികൃത താമസക്കാർക്കും ഡിസംബർ 31 വരെ മാത്രമാണ് രാജ്യത്ത് താമസിക്കാൻ കഴിയുക. ഈ സമയപരിധിക്കുള്ളിൽ തന്നെ രാജ്യം വിടേണ്ടതുണ്ട്.












Click it and Unblock the Notifications