കടുത്ത നീക്കവുമായി യുഎഇ: യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യത്തില്‍ നിന്ന് പിന്മാറി, തിരിച്ചടി യുഎസിന്
ദുബായി: യുഎസ് നേതൃത്വത്തിലുള്ള നാവിക സഖ്യത്തിൽ നിന്ന് പിന്മാറി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ). ആഗോള എണ്ണ വ്യാപാരത്തില്‍ നിർണായകമായ ഗള്‍മേഖലയിലെ സമുദ്ര മേഖലകള്‍ സുരക്ഷിതമാക്കാൻ ചുമതലപ്പെടുത്തിയ യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തില്‍ നിന്നാണ് യു എ ഇ പിന്മാറിയത്. 38 രാജ്യങ്ങളുടെ സംയുക്ത സമുദ്ര സേനയിലെ പങ്കാളിത്തം രണ്ട് മാസം മുമ്പ് പിൻവലിച്ചുവെന്നാണ് യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.
"എല്ലാ സംഖ്യ പങ്കാളികളുമായും ഫലപ്രദമായ സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ തുടർച്ചയായ വിലയിരുത്തലിന്റെ ഫലമായി, രണ്ട് മാസം മുമ്പ്, യുഎഇ സംയോജിത മാരിടൈം ഫോഴ്‌സിലെ പങ്കാളിത്തം പിൻവലിച്ചു" ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പ്രസ്താവനയിൽ പറയുന്നു.

ബഹ്‌റൈൻ ആസ്ഥാനമായുള്ള സംയോജിത മാരിടൈം ഫോഴ്‌സ് 2001-ലാണ് സ്ഥാപിതമാവുന്നത്. തുടക്കത്തിൽ 12 രാജ്യങ്ങൾ മാത്രമുണ്ടായിരുന്ന സഖ്യത്തിലേക്ക് പിന്നീട് മറ്റ് രാജ്യങ്ങള്‍ കൂടി ചേരുകയായിരുന്നു. അതേസമയം, പങ്കാളിത്തം നിർത്തിവെച്ചെങ്കിലും യുഎഇ ഒരു പങ്കാളി രാഷ്ട്രമായി തുടരുകയാണെന്നാണ് സംയുക്ത മാരിടൈം ഫോഴ്‌സിന്റെ വക്താവ് അവകാശപ്പെടുന്നത്.
"സിഎംഎഫിൽ ഇപ്പോഴും 38 പങ്കാളി രാജ്യങ്ങൾ ഉൾപ്പെടുന്നു, അതിൽ യു എ ഇയുമുണ്ട്," കമാൻഡർ തിമോത്തി ഹോക്കിൻസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു. സമുദ്ര മേഖലയില്‍ ഇപ്പോഴും സംഘർഷഭരിതമായ സാഹചര്യം തുടരുന്നതിനിടയിലാണ് യു എ ഇയുടെ പിന്മാറ്റം എന്നതാണ് ശ്രദ്ധേയം.
യുഎഇ തുറമുഖങ്ങളായ ദുബായ്, ഫുജൈറ എന്നിവയ്ക്ക് സമീപം സഞ്ചരിച്ചിരുന്ന ഒരു ഒഴിഞ്ഞ കപ്പൽ ഉൾപ്പെടെ ഏപ്രിൽ അവസാനത്തിലും മെയ് തുടക്കത്തിലുമായി ഒരാഴ്ചയ്ക്കിടെ ഇറാൻ രണ്ട് ടാങ്കറുകൾ പിടിച്ചെടുത്തിരുന്നു. 2022 നവംബറിൽ അമേരിക്കയുമായുള്ള ബന്ധത്തില്‍ പിരിമുറുക്കം സൃഷ്ടിച്ച് ഇസ്രയേലിന്റെ ഉടമസ്ഥതയിലുള്ള ഒരു ടാങ്കറിന് നേരെ ഇറാന്‍ ഡ്രോൺ ആക്രമണം നടത്തുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ മെയ് ആദ്യം മുതല്‍ ഇറാനിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ലോകത്തിലെ സമുദ്രത്തിലൂടെയുള്ള എണ്ണ നീക്കത്തിന്റെ മൂന്നിലൊന്നെങ്കിലും നടത്തപ്പെടുന്ന മേഖലയിലേക്ക് കൂടുതല്‍ സേനയെ അയക്കുമെന്ന് യുഎസ് അറിയിച്ചിരുന്നു.
പിന്നീട് യുഎസ് നാവികസേനയുടെ അഞ്ചാമത്തെ കപ്പലിന്റെ കമാൻഡർ, വൈസ് അഡ്മിറൽ ബ്രാഡ് കൂപ്പർ, ബ്രിട്ടീഷ്, ഫ്രഞ്ച് നാവിക കമാൻഡർമാർക്കൊപ്പം ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോവുകയും ചെയ്തു.അതേസമയം, അയൽരാജ്യങ്ങളുമായി സഹകരിച്ച് ഗൾഫ് ജലത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ഇറാൻ പ്രതികരിച്ചു.












Click it and Unblock the Notifications