അമേരിക്കന്‍ അദ്ധ്യാപികയുടെ കൊലപാതകം; യുഎഇ യുവതിയെ സാഹസികമായി പിടികൂടി
അബുദാബി: അമേരിക്കന്‍ അദ്ധ്യാപികയെ കൊലപ്പെടുത്തുകയും അമേരിക്കക്കാരനായ ഡോക്ടറുടെ വീട്ടില്‍ ബോംബ് വെക്കുകയും ചെയ്തു യുഎഇ സ്വദേശിനിയെ പോലീസ് സാഹസികമായി പിടികൂടി. മുപ്പത്തെട്ടു വയസുള്ള യുഎഇ സ്വദേശിനിയാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടില്ല.
തിങ്കളാഴ്ച വൈകിട്ട് അബുദാബിയിലെ അല്‍ റീം ഐലന്റ് മാളിലെ കുളിമുറിയില്‍ വെച്ചാണ് അമേരിക്കന്‍ സ്വദേശിനിയായ അദ്ധ്യാപിക ഇബൊല്യ റയന്‍ കൊല്ലപ്പെടുന്നത്. യുവതി കൊല്ലപ്പെട്ട് 48 മണിക്കൂറിനുള്ള പ്രതിയെ പോലീസ് വലയിലാക്കുകയായിരുന്നു. ഷോപ്പിംഗ് മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും യുവതിയുടെ ദൃശ്യം ലഭിച്ചിരുന്നെങ്കിലും പര്‍ദ്ദകൊണ്ട് മുഖം മറച്ചിരുന്നതിനാല്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല.

അദ്ധ്യാപികയെ കൊലപ്പെടുത്തിയശേഷം യുവതി ഒരു അമേരിക്കന്‍ ഡോക്ടറുടെ വസതിക്കുമുന്നില്‍ മാരകശേഷിയുള്ള ബോംബ് സ്ഥാപിക്കുകയും ചെയ്തു. ഡോക്ടറുടെ മകന്‍ ബോംബ് കണ്ടെത്തിയതോടെ ഉടന്‍ സ്ഥലത്തെത്തിയ ബോംബ്‌സ്വാഡ് ബോബ് നിര്‍വീര്യമാക്കി. ചെറിയ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചായിരുന്നു ബോംബ് സ്ഥാപിച്ചത്. സ്‌ഫോടനം നടന്നിരുന്നെങ്കില്‍ മാരകമായി പരിക്കേല്‍ക്കുമായിരുന്നെന്ന് യുഎഇ ആഭ്യന്തരമന്ത്രി ഷെയ്ഖ് സെയ്ഫ് ബിന്‍ സെയ്ദ് അറിയിച്ചു.
കൊലപാതകി ഷോപ്പിംഗ് മാളില്‍ നിന്നും രക്ഷപ്പെട്ട കാര്‍ കണ്ടെത്താന്‍ കഴിഞ്ഞതാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. കാര്‍ പിന്തുടര്‍ന്ന പോലീസ് അവരുടെ വീട് കണ്ടെത്തുകയും വീടിനുള്ളില്‍ മിന്നലാക്രമണം നടത്തി യുവതിയെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. അമേരിക്കന്‍ സ്വദേശികള്‍ക്കെതിരെ യുവതി ആക്രമണം നടത്തിയതിന്റെ കാരണം വ്യക്തമായിട്ടില്ല. ഏതെങ്കിലും തീവ്രവാദ സംഘടന ഇവര്‍ക്ക് പിന്നിലുള്ളതായാണ് പോലീസ് സംശയിക്കുന്നത്.












Click it and Unblock the Notifications