വളർത്തിയ സിംഹം തന്നെ കടിച്ചുകൊന്നു! ദക്ഷിണാഫ്രിക്കയിലെ 'അങ്കിൾവെസ്റ്റ്' മരിച്ചത് ഭാര്യയുടെ കൺമുന്നിൽ
ജോഹന്നാസ്ബര്‍ഗ്(ദക്ഷിണാഫ്രിക്ക): വന്യമൃഗങ്ങളെ വളര്‍ത്തുക എന്നത് നമ്മുടെ നാട്ടില്‍ നടപ്പുള്ള കാര്യമല്ല. എന്നാല്‍ പല വിദേശരാജ്യങ്ങളിലും നിയമപരമായിത്തന്നെ വന്യമൃഗങ്ങളെ വളര്‍ത്താനാകും. അത്തരത്തിലുള്ള ഒരുപാട് ചിത്രങ്ങളും വീഡിയോകളും പലരും കണ്ടിട്ടും ഉണ്ടാകും.
അത്തരത്തില്‍ ലോകം ശ്രദ്ധിച്ച ഒരാളായിരുന്നു ദക്ഷിണാഫ്രിക്കയിലെ ലിംപോപോ പ്രവിശ്യയിലെ വന്യജീവി സംരക്ഷകനായ വെസ്റ്റ് മാത്യൂസണ്‍. രണ്ട് വെള്ള സിംഹങ്ങളെ ആയിരുന്നു മാത്യൂസണ്‍ വളര്‍ത്തിയിരുന്നത്.
എന്നാല്‍, താന്‍ ചെറുപ്പം മുതല്‍ എടുത്ത് വളര്‍ത്തിയ സിംഹങ്ങളില്‍ ഒന്നിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടാന്‍ ആയിരുന്നു വെസ്റ്റ് മാത്യൂസണിന്റെ വിധി. അതും ഭാര്യയുടെ കണ്‍മുന്നില്‍ വച്ച്. ഓഗസ്റ്റ് 26, ബുധനാഴ്ചയാണ് സംഭവം നടന്നത്.

69 വയസ്സുകാരനായ വെസ്റ്റ് മാത്യൂസണ്‍ 'അങ്കിള്‍ വെസ്റ്റ്' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവരുടെ ഉടമസ്ഥതയില്‍ ഉള്ള ലയണ്‍ ട്രീ ടോപ് ലോഡ്ജിന്റെ പരിസരത്ത് വച്ചാണ് സംഭവം നടന്നത്. മാത്യൂസണിന്റെ ഭാര്യ ഗില്‍, അദ്ദേഹത്തിന്റെ പിറകേ വാഹനത്തില്‍ വരുന്നുണ്ടായിരുന്നു. അപ്പോഴാണ് സിംഹങ്ങളില്‍ ഒന്ന് അപ്രതീക്ഷിതമായി ആക്രമിച്ചത്.
സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഗില്‍ പരമാവധി ശ്രമിച്ചിരുന്നു എന്നാണ് കുടുംബത്തിന്റെ അഭിഭാഷകന്‍ പ്രസ്താവനയില്‍ അറിയിച്ചത്. വെസ്റ്റ് മാത്യൂസണ്‍- ഗില്‍ ദമ്പതിമാര്‍ക്ക് നാല് മക്കളാണ് ഉള്ളത്. സിംഹങ്ങളെ തത്കാലം ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അവയെ സ്ഥിരമായി എങ്ങോട്ട് മാറ്റും എന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല.
തന്റെ സ്വപ്‌നത്തിനൊപ്പം ജീവിക്കുന്നതിനിടെയാണ് വെസ്റ്റ് മാത്യൂസണ്‍ കൊല്ലപ്പെട്ടത് എന്നത് മാത്രമാണ് കുടുംബാംഗങ്ങളുടെ ആശ്വാസം. സിംഹങ്ങള്‍ അദ്ദേഹത്തിന്റെ ഹൃദയത്തോട് അത്രയും ചേര്‍ന്നുനിന്നിരുന്നവയായിരുന്നു എന്നും കുടുംബം പ്രതികരിച്ചു.












Click it and Unblock the Notifications