ചിമ്പാന്‍സി മനുഷ്യനല്ല; മനുഷ്യാവകാശവുമില്ലെന്ന് കോടതി
ന്യൂയോര്‍ക്ക്: മനുഷ്യനോട് ഏറ്റവും സാമ്യമുള്ള മൃഗവും മനുഷ്യന്‍ കഴിഞ്ഞാല്‍ ബുദ്ധിയുടെ കാര്യത്തില്‍ അടുത്തുനില്‍ക്കുന്ന ജന്തുവിഭാഗമായ ചിമ്പാന്‍സിക്ക് മനുഷ്യാവകാശത്തിന് അര്‍ഹതയുണ്ടോ? ഇല്ലെന്നാണ് അമേരിക്കയിലെ ഒരു കോടതിയുടെ ഉത്തരവ്. ചിമ്പാന്‍സിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അതിനെ സ്വതന്ത്രമാക്കണമെന്നും കാട്ടി നോണ്‍ ഹ്യൂമണ്‍ റൈറ്റ്‌സ് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.
ഫുള്‍ട്ടണ്‍ കൗണ്ടിയിലെ പാട്രിക് ലവെറി എന്നയാളാണ് ടോമിയെന്ന ചിമ്പാന്‍സിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടന പറയുന്നു. ചിമ്പാന്‍സികള്‍ മനുഷ്യരുടെ സ്വഭാവ സവിശേഷതകളുള്ളതാണെന്നും അതിനാല്‍ മനുഷ്യര്‍ക്കുള്ള എല്ലാ അവകാശവും ചിമ്പാന്‍സിക്കും ഉണ്ടെന്നുമായിരുന്നു വാദം. എന്നാല്‍ വാദം പൂര്‍ണമായും കോടതി തള്ളിക്കളഞ്ഞു.

എന്തൊക്കെ സമാനതകളുണ്ടായാലും ചിമ്പാന്‍സി മനുഷ്യനല്ല, മൃഗം തന്നെയാണെന്ന് മൂന്ന് ജഡ്ജിമാര്‍ അടങ്ങിയ കോടതിയുടെ അപ്പ്‌ലെറ്റ് ഡിവിഷന്‍ നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ മനുഷ്യാവകാശത്തിന് ചിമ്പാന്‍സിക്ക് അര്‍ഹതയില്ല. മൃഗങ്ങള്‍ക്ക് മനുഷ്യാവകാശം നല്‍കിയ അവസരം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. മാത്രവുമല്ല, ചിമ്പാന്‍സിയെ ഉടമ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുന്നതായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.
ടോമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോണ്‍ ഹ്യൂമണ്‍ റൈറ്റ്‌സ് സംഘടന നേരത്ത വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മേല്‍ക്കോടതിയെ സമീപിച്ചത്. അനുകൂല വിധി ലഭിക്കാത്തതിനാല്‍ അപ്പീല്‍ നല്‍കാനാണ് സംഘടനയുടെ തീരുമാനം. ടോമിയെ മോചിപ്പിക്കാതെ വിശ്രമമില്ലെന്നാണ് സംഘടനയ്ക്ക് വേണ്ടി ഹാജരായ സ്റ്റീവ് വൈസ് പറയുന്നത്.












Click it and Unblock the Notifications