അതില്‍ ഞങ്ങളിപ്പോള്‍ ഖേദിക്കുന്നു; കൈലാസയമായുള്ള കരാര്‍ റദ്ദാക്കി യുഎസ് നഗരം
നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണ് എന്ന് യു എന്‍ യോഗത്തില്‍ മാ വിജയപ്രിയ പറഞ്ഞിരുന്നു. ഇന്ത്യ അദ്ദേഹത്തെ പീഡിപ്പിക്കുന്നെന്നായിരുന്നു യു എന്‍ യോഗത്തില്‍ പ്രതിനിധി പറഞ്ഞത്.

ന്യൂദല്‍ഹി: പീഡനക്കേസ് പ്രതിയും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ നിത്യാനന്ദയുടെ സാങ്കല്‍പിക രാജ്യമായ 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ'യുമായുള്ള കരാര്‍ റദ്ദാക്കി യു എസ് നഗരമായ നെവാര്‍ക്ക്. കരാറുണ്ടാക്കിയതില്‍ ഖേഗദിക്കുന്നു എന്ന് നെവാര്‍ക്ക് അധികൃതര്‍ പറഞ്ഞു.
നേരത്തെ തന്റെ പ്രതിനിധികള്‍ നെവാര്‍ക്കില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കാണുകയും കരാര്‍ ഒപ്പിടുകയും ചെയ്യുന്നതിന്റെ നിരവധി ചിത്രങ്ങള്‍ നിത്യാനന്ദ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരി 12 നാണ് കരാര്‍ ഒപ്പിടല്‍ ചടങ്ങ് നടന്നത്.

കൈലാസയെ കുറിച്ച് പിന്നീട് മനസിലാക്കി
എന്നാല്‍ കൈലാസയെ കുറിച്ച് പിന്നീട് മനസിലാക്കി എന്നും കാര്യങ്ങള്‍ അറിഞ്ഞയുടനെ നടപടിയെടുക്കുകയും ചെയ്തു എന്നും നെവാര്‍ക്ക് സിറ്റി കമ്യൂണിക്കേഷന്‍സ് വകുപ്പ് പ്രസ് സെക്രട്ടറി സൂസന്‍ ഗാരോഫാലോ പറഞ്ഞു. ജനുവരി 18 ന് കരാര്‍ റദ്ദാക്കി എന്നും സൂസന്‍ ഗാരോഫാലോ പറഞ്ഞു. അടിസ്ഥാനരഹിതമായ ചടങ്ങാണ് നടന്നത് എന്നും ഇത് ഖേദകരമായ സംഭവമാണ് എന്നും സൂസന്‍ ഗാരോഫാലോ കൂട്ടിച്ചേര്‍ത്തു.

കൈലാസ ഇക്വഡോറിന് അടുത്തുള്ള ദ്വീപുകളിലൊന്നില്‍
ഇക്വഡോറിന് അടുത്തുള്ള ദ്വീപുകളിലൊന്നില്‍ സാങ്കല്‍പ്പിക രാജ്യമായ കൈലാസ സ്ഥാപിച്ചു എന്നാണ് നിത്യാനന്ദയുടെ അവകാശവാദം. അടുത്തിടെ ജനീവയില്‍ നടന്ന സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക വിഷയങ്ങള്‍ക്കുള്ള യു എന്‍ സമിതി യോഗത്തിലെ ചര്‍ച്ചയില്‍ നിത്യാനന്ദയുടെ രാജ്യത്തെ പ്രതിനിധി മാ വിജയപ്രിയ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇടവേളക്ക് ശേഷം വീണ്ടും നിത്യാനന്ദയും കൈലാസയും വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞത്.

ഇന്ത്യയില്‍ നിന്ന് നിത്യാനന്ദ ഭീഷണി നേരിടുന്നു
നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണ് എന്നായിരുന്നു മാ വിജയപ്രിയ പറഞ്ഞത്. അദ്ദേഹത്തെ ഇന്ത്യ പീഡിപ്പിക്കുന്നെന്നാണ് യു എന്‍ യോഗത്തില്‍ പ്രതിനിധി പറഞ്ഞത്. മാ വിജയപ്രിയ കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസഡറാണെന്നാണ് അവകാശപ്പെടുന്നത്. തന്റെ മാതൃരാജ്യമായ ഇന്ത്യയില്‍ നിന്ന് നിത്യാനന്ദ ഭീഷണി നേരിടുന്നു എന്നും ഇതില്‍ നിന്ന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ വേണം എന്നും മാ വിജയപ്രിയ പറഞ്ഞിരുന്നു.

ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളി
എന്നാല്‍ ആവശ്യം യു എന്‍ തള്ളിക്കളഞ്ഞിരുന്നു. ലൈംഗികാതിക്രമ കേസില്‍ ഇന്റര്‍പോള്‍ അടക്കം തിരയുന്ന കുറ്റവാളിയാണ് നിത്യാനന്ദ. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ നിത്യാനന്ദക്കെതിരെ ചുമത്തിയിട്ടുണ്ട്. 2019 ല്‍ ആണ് നിത്യാനന്ദ ഇന്ത്യയില്‍ നിന്ന് പലായനം ചെയ്തത്. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം സ്വന്തം രാജ്യം സ്ഥാപിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തുകയായിരുന്നു.












Click it and Unblock the Notifications