തോല്‍വി സമ്മതിക്കൂ 'അമ്മാവാ'...ഡൊണാള്‍ഡ് ട്രംപിനോട് മരുമകന്‍ ജറെദ് കുഷ്‌നെറിന്റെ അഭ്യര്‍ത്ഥന
വാഷിംഗ്ടണ്‍: അമേരിക്കയുടെ 46ാമത്തെ പ്രസിഡന്റ് ആയി ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ട്രംപിനെതിരെ 290 ഇലക്ടറല്‍ വോട്ടുകളുമായി കുറ്റന്‍ വിജയമാണ് ബൈഡന്‍ നേടിയത്. ട്രംപിന് ലഭിച്ചതാകട്ടെ വെറും 214 വോട്ടുകളും.അതേസമയം പരാജയപ്പെട്ടെങ്കിലും വൈറ്റ് ഹൗസില്‍ നിന്ന് ട്രംപ് ഇറങ്ങാന്‍ തയ്യാറാകുമോയെന്നാണ് ഇപ്പോള്‍ ഉറ്റുനോക്കപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്നും ബൈഡന്റെ വിജയത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
Recommended Video

എന്നാല്‍ ഇപ്പോഴിതാ ട്രംപിനോട് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് മരുമകനും മുതിര്‍ന്ന ഉപദേഷ്ടാവുമായ ജറെദ് കുഷ്‌നെര്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോല്‍വി സമ്മതിക്കണമെന്നാണ് ജറെദ് കുഷ്‌നെര്‍ ട്രംപിനോട് പറഞ്ഞെന്നാണ് പേര് വെളിപ്പെടുത്താത്ത സ്രോതസുകളില്‍ നിന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരത്തിന്റെ ഫലം എന്ത് തന്നെയായാലും അംഗീകരിക്കണമെന്നും കുഷ്‌നെര്‍ പറഞ്ഞതായും വിവരമുണ്ട്. ട്രംപിന്റെ കാലയളിവില്‍ വൈറ്റ് ഹൗസില്‍ സുപ്രധാന ചുമതല വഹിച്ച വ്യക്തി കൂടിയാണ് കുഷ്‌നെര്‍.
അതേസമയം, തിരഞ്ഞെടുപ്പ് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ജോ ബൈഡന്‍ ഒരു സംസ്ഥാനത്തും വിജയിയായി വന്നിട്ടില്ല. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ക്യാമ്പയിന്‍ ശക്തമായിരുന്ന എല്ലാ സംസ്ഥാനത്തും ബൈഡന്റെ വിജയത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ ധാരാളമായി ഇപ്പോഴും യുഎസ്സിലുണ്ട്. അതുകൊണ്ട് രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടം ഇനിയുണ്ടാവാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.
ട്രംപ് അത്ര പെട്ടെന്ന് ഒന്നും വൈറ്റ് ഹൗസ് ഒഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ ടീം നല്‍കുന്ന സൂചന. അതേസമയം ബൈഡന്‍ ക്യാമ്പും അഭിഭാഷകരെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. കോടതിയില്‍ വമ്പന്‍ പോരാട്ടം തന്നെ കാണാം. ഇത് ബൈഡന്റെ സ്ഥാനാരോഹണത്തെ വൈകിപ്പിക്കാന്‍ വരെ സാധ്യതയുണ്ട്. കടുത്ത സാഹചര്യം തന്നെ വൈറ്റ് ഹൗസില്‍ ഇതുണ്ടാക്കാം. എന്തൊക്കെ നടന്നാലും ബൈഡന്റെ വിജയത്തെ ട്രംപ് ഒരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ല.












Click it and Unblock the Notifications