ട്രംപ് പതറുന്നു, വിസ്‌കോണ്‍സിനില്‍ ജോ ബൈഡന് ജയം, പ്രസിഡണ്ടാകാൻ ഇനി വേണ്ടത് 22 വോട്ടുകൾ
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്കുളള സാധ്യതകള്‍ ഉയര്‍ത്തി വിസ്‌കോണ്‍സിനില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന് വിജയം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിസ്‌കോണ്‍സിനിലെ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 20697 വോട്ടുകള്‍ക്കാണ് ട്രംപിനെ ജോ ബൈഡന്‍ പരാജയപ്പെടുത്തിയിരിക്കുന്നത്. തുടക്കം മുതല്‍ ഇരുവരും തമ്മില്‍ നേരിയ ഭൂരിപക്ഷത്തിന് കടുത്ത മത്സരമാണ് വിസ്‌കോണ്‍സിനില്‍ നടന്ന് കൊണ്ടിരുന്നത്.
വിസ്‌കോണ്‍സിനില്‍ വിജയിച്ചതോടെ ഇനി 270 എന്ന മാന്ത്രിക സഖ്യയിലേക്ക് എത്താന്‍ 22 വോട്ടുകള്‍ കൂടിയാണ് ബൈഡന് വേണ്ടത്. ഇതുവരെ 248 ഇലക്ടറല്‍ വോട്ടുകള്‍ ആണ് ബൈഡന്‍ നേടിയിരിക്കുന്നത്. ട്രംപിനുളളത് 213 ഇലക്ടറല്‍ വോട്ടുകള്‍ ആണ്. ഇനി നെവാഡയിലും മിഷിഗണിലുമാണ് ബൈഡന് ലീഡുളളത്. രണ്ടിടത്തും പോരാട്ടം ശക്തമാണ്. അതിനിടെ വിസ്‌കോണ്‍സിനില്‍ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് ട്രംപ് രംഗത്ത് എത്തി. ട്രംപിന്റെ ക്യാംപെയ്ന്‍ മാനേജരാണ് ഇക്കാര്യം അറിയിച്ചത്.
2016ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ച സംസ്ഥാനമാണ് വിസ്‌കോണ്‍സിന്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായിരുന്നു ഈ സംസ്ഥാനം. 1984 മുതല്‍ 2016 വരെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി അല്ലാതെ മറ്റാരും ഇവിടെ നിന്ന് ജയിച്ചിട്ടില്ല. ആ ചരിത്രമാണ് 2016ല്‍ ട്രംപ് തിരുത്തിക്കുറിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റണെ ഏകദേശം 23,000 വോട്ടുകള്‍ക്കാണ് ഇവിടെ നിന്നും ട്രംപ് പരാജയപ്പെടുത്തിയത്.
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബൈഡന്‍ ലീഡ് ചെയ്യുന്ന മിഷിഗണില്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെക്കണം എന്നാവശ്യപ്പെട്ട് ട്രംപ് ക്യാമ്പ് കോടതിയെ സമീപിച്ചതായാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരിയ ഭൂരിപക്ഷത്തിനാണ് ഇവിടെ ബൈഡന്റെ മുന്നേറ്റം. ജോര്‍ജിയയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ട്. അതേസമയം പെന്‍സില്‍വാനിയയില്‍ ജോ ബൈഡനെതിരെ ട്രംപ് ലീഡ് ഉയര്‍ത്തുകയാണ്.