ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണം ഉയർത്തിക്കാട്ടി ട്രംപ്; ഇന്ത്യയുമായി നല്ല ബന്ധം, ലക്ഷ്യം വോട്ടുബാങ്ക്
ന്യൂയോർക്ക്: യുഎസ് തിരഞ്ഞെടുപ്പിന് നാല് നാൾ മാത്രം ശേഷിക്കെ സ്ഥാനാർത്ഥികൾ അവസാനഘട്ട ഒരുക്കങ്ങളിലാണ്. മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് കൂടുതൽ വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണെന്ന് വ്യക്തം. ഇന്ത്യക്കാരുടെ ഏറ്റവും വലിയ ആഘോഷമായ ദീപാവലിയുടെ ഭാഗമായ ട്രംപ് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
ബംഗ്ലാദേശിലെ ഹിന്ദുക്കൾ നേരിടുന്ന ആക്രമണത്തെ കുറിച്ചും, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെ കുറിച്ചുമൊക്കെയാണ് ട്രംപ് കാര്യമായി സംസാരിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. യുഎസിലെ എഴുതിത്തള്ളാൻ കഴിയാത്ത വോട്ട് ബാങ്കായ ഇന്ത്യൻ സമൂഹത്തെ ഒപ്പം നിർത്താനാണ് ഡൊണാൾഡ് ട്രംപ് പുതിയ നീക്കവുമായി രംഗത്ത് ഇറങ്ങിയതെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന അഭിപ്രായം.

തന്റെ ദീപാവലി സന്ദേശത്തിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നതിനൊപ്പം തിരഞ്ഞെടുപ്പിലെ തന്നെ മുഖ്യ എതിരാളിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി കമല ഹാരിസിനെയും, പ്രസിഡന്റ് ജോ ബൈഡനെയും കടുത്ത രീതിയിൽ വിമർശിക്കാനും ട്രംപ് മറന്നില്ല.
ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ മനപൂർവം അവഗണിച്ചുവെന്നാണ് ട്രംപ് ഇരുവർക്കും എതിരെ ഉയർത്തുന്ന പ്രധാന ആക്ഷേപം. ബംഗ്ലാദേശിൽ ഹിന്ദു, ക്രിസ്ത്യൻ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച ട്രംപ് താനാണ് യുഎസിൽ അധികാരത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇത് സംഭവിക്കാൻ അനുവദിക്കുകയില്ലായിരുന്നു എന്നും പറഞ്ഞു.
ആഗോള തലത്തിലെ ഹിന്ദു സമൂഹത്തെ കമലയും ജോയും അവഗണിച്ചു. ഇസ്രായേൽ-യുക്രൈൻ വിഷയത്തിൽ ഉൾപ്പെടെ, യുഎസിന്റെ തെക്കൻ അതിർത്തിയിലെ വിഷയങ്ങളിൽ അടക്കം ഇവർ പരാജയമാണ്. ഞാൻ അധികാരത്തിൽ വന്നാൽ യുഎസിനെ കൂടുതൽ ശക്തമാക്കും, അതിലൂടെ സമാധാനം പുലർത്തുമെന്നും ട്രംപ് എക്‌സിലൂടെ വ്യക്തമാക്കി.
ഇടതുപക്ഷത്തിന്റെ മതവിരുദ്ധ നിലപാടുകളിൽ നിന്ന് ഹിന്ദു അമേരിക്കൻ വിഭാഗത്തെ സംരക്ഷിക്കുമെന്നും ട്രംപ് വ്യക്തമാക്കി. എന്റെ അധികാരത്തിന് കീഴിൽ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നും സുഹൃത്തായ നരേന്ദ്ര മോദിയുമായി നല്ല ബന്ധം പുലർത്തുമെന്നും ട്രംപ് അറിയിച്ചു.
വൈകി വന്ന ബോധോദയമോ? അല്ലെങ്കിൽ വോട്ടുബാങ്കിലെ കണ്ണോ?
അമേരിക്കയിൽ ഏതാണ്ട് 23 ലക്ഷത്തോളം ഇന്ത്യക്കാർക്ക് വോട്ടവകാശം ഉണ്ടെന്നാണ് കണക്കാക്കുന്നത്. അത് സാമാന്യം വലിയൊരു എണ്ണം തന്നെയാണ്. കൂടാതെ അടുത്തിടെ വന്ന ഒട്ടുമിക്ക സർവേകളും ഇന്ത്യൻ അമേരിക്കൻ വിഭാഗത്തിന് ഇടയിൽ കമല ഹാരിസിന് കൃത്യമായ സ്വാധീനം ഉണ്ടെന്നാണ് പ്രവചിക്കുന്നത്. ഇത് ട്രംപ് ക്യാംപിനെ അലട്ടുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ദീപാവലി ആഘോഷത്തിൽ കൃത്യമായ രാഷ്ട്രീയം പറയാൻ അദ്ദേഹം മുതിരുന്നത്.
വലിയ വോട്ടുബാങ്കായ അമേരിക്കൻ ഹിന്ദു വിഭാഗത്തെയും ഒപ്പം നിർത്തി തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുക എന്നതാവും ട്രംപിന്റെ ശ്രമം. പ്രധാനമായും അത് ലക്ഷ്യമിട്ട് തന്നെയാണ് ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിന് നേരെയുള്ള അതിക്രമം ഉൾപ്പെടെ അദ്ദേഹം ചൂണ്ടിക്കാണിച്ചത്. നവംബർ അഞ്ചിനാണ് യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡെമോക്രാറ്റുകൾക്ക് വേണ്ടി കമല ഹാരിസും റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി ഡൊണാൾഡ് ട്രംപുമാണ് കളത്തിൽ ഇറങ്ങുന്നത്.












Click it and Unblock the Notifications