അമേരിക്കയില്‍ അതിശൈത്യം ആഞ്ഞടിക്കുന്നു; മരണസംഖ്യ 50 പിന്നിട്ടതായി റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: അമേരിക്കയിലെ ശൈത്യ കാറ്റില്‍ മരണം 50 പിന്നിട്ടതായി റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 30 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 'നൂറ്റാണ്ടിലെ ഹിമപാതം' എന്ന് വിളിക്കുന്ന, ശൈത്യ കാറ്റ് വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്.
യു എസിന്റെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ഹിമപാതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. പലയിടത്തും മണിക്കൂറുകള്‍ നീണ്ട് നില്‍ക്കുന്ന വൈദ്യുതി തടസ്സത്തിനും യാത്രാ കാലതാമസത്തിനും ഹിമപാതം കാരണമായിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ബഫലോയില്‍, മണിക്കൂറുകളോളം നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ വാഹനങ്ങളിലും സ്‌നോ ബാങ്കുകള്‍ക്ക് കീഴിലും മൃതദേഹങ്ങള്‍ കണ്ടെത്തി.

ശൈത്യകാറ്റിന്റേയും പൂജ്യത്തിന് താഴെയുള്ള താപനിലയുടേയും അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 15,000-ല്‍ അധികം യു എസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ബഫലോയില്‍ ആണ് ഏറ്റവും കൂടുതല്‍ നാശ നഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് ഈ നൂറ്റാണ്ടിലെ മഞ്ഞ് വീഴ്ചയാണ് എന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ പറഞ്ഞത്.
പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ചില പട്ടണങ്ങളില്‍ 0.75 മുതല്‍ 1 മീറ്റര്‍ വരെ വരെ മഞ്ഞ് വീഴ്ച ഉണ്ടായതായി ഹോച്ചുള്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. 1977 ല്‍ ബഫലോയില്‍ ഉണ്ടായ ഹിമ പാതത്തില്‍ 30 ഓളം പേര്‍ മരിച്ചിരുന്നു.
മഞ്ഞ് വീഴ്ച ഇനിയും ശക്തമായേക്കും എന്നാണ് പ്രവചനം. ബങ്കര്‍ ഇറക്കി നിലവിലെ സ്ഥലത്ത് തുടരാന്‍ താമസക്കാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി പേരെ ദേശീയ സുരക്ഷാ സേന മഞ്ഞ് മൂടിയ കാറുകളില്‍ നിന്നും വൈദ്യുതി ഇല്ലാത്ത വീടുകളില്‍ നിന്നും രക്ഷിച്ചിട്ടുണ്ട്.
എന്നാല്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ബഫലോയുടെ അന്താരാഷ്ട്ര വിമാനത്താവളം ചൊവ്വാഴ്ച വരെ അടച്ചിരിക്കും. നഗരത്തിലും എറി കൗണ്ടിയിലും ഡ്രൈവിംഗ് നിരോധനം തുടരുന്നുണ്ട്. ക്രിസ്തുമസ് ദിനത്തിന്റെ തലേന്ന് തുടങ്ങിയതാണ് അതിശൈത്യവും ഹിമതാപവും. ഇപ്പോഴും ഇത് തുടരുകയാണ്.
ജീവന് ഭീഷണിയാവും വിധത്തിലാണ് കാലാവസ്ഥ മാറ്റം എന്നും ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുത് എന്നും അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്. അമേരിക്കയിലെ 48 സംസ്ഥാനങ്ങളെ ആണ് അതിശൈത്യം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.












Click it and Unblock the Notifications