സൗദിയില്‍ മുസ്ലിം നേതാക്കള്‍ സംഘടിക്കുന്നു, കൂടെ അമേരിക്കന്‍ പ്രസിഡന്റും, കോടികളുടെ ആയുധകരാര്‍

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യ ആയുധം വാങ്ങിക്കൂട്ടുന്നു. അമേരിക്കയില്‍ നിന്നു ശതകോടി ഡോളറിന് ആയുധം വാങ്ങാനാണ് ആലോചന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം സൗദി സന്ദര്‍ശിക്കുമ്പോള്‍ കരാറില്‍ ഒപ്പുവയ്ക്കും. മുസ്ലിം രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനവും ഈ വേളയില്‍ സൗദിയില്‍ നടക്കും.

പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഡൊണാള്‍ഡ് ട്രംപ് വിദേശ യാത്രക്ക് ഒരുങ്ങുന്നത്. ആദ്യ യാത്രയ്ക്ക് തന്നെ അദ്ദേഹം തിരഞ്ഞെടുത്തത് സൗദി അറേബ്യയെ ആണ്. ഗള്‍ഫ് മേഖലയില്‍ അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വലിയ രാജ്യമാണ് സൗദി.

ആശങ്കയോടെ ഇറാന്‍

യമനിലും സിറിയയിലും ആ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്ന സൗദി ഇത്രയധികം ആയുധങ്ങള്‍ വാങ്ങിക്കുന്നത് ആശങ്കയോടെയാണ് മറ്റു രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. പ്രത്യേകിച്ച് ഇറാന്‍. ഇറാനും യമനും സൗദിയുടെ നീക്കങ്ങളില്‍ അമ്പരപ്പുണ്ട്.

ആയുധങ്ങള്‍ കൂടുതലും അമേരിക്കയില്‍ നിന്ന്

സൗദി അറേബ്യ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നത് അമേരിക്കയില്‍ നിന്നാണ്. എഫ്-15 യുദ്ധ വിമാനം മുതല്‍ മിസൈല്‍ കവചങ്ങള്‍ വരെ അമേരിക്കയില്‍ നിന്നു സൗദി വാങ്ങിയിട്ടുണ്ട്. അമേരിക്കയുടെ വിദേശ വ്യാപാരം ശക്തിപ്പെടുത്തുക കൂടിയാണ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി യാത്രയുടെ ലക്ഷ്യം.

സൗദിയുടെ ഉദ്ദേശം

ടെര്‍മിനല്‍ ഹൈ ആള്‍ട്ടിട്ടൂഡ് ഏരിയ ഡിഫന്‍സ് (താഡ്) മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ സൗദി ആലോചിക്കുന്നുണ്ട്. ദക്ഷിണ കൊറിയയില്‍ ഈ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. 100 കോടി ഡോളറാണ് ഇതിന്റെ ചെലവ്.

സി2 ബിഎംസി എന്ന സോഫ്റ്റ് വെയറും

കൂടാതെ ഉപഗ്രഹ സര്‍വേയും നിയന്ത്രണവും സാധ്യമാകുന്ന സി2 ബിഎംസി എന്ന സോഫ്റ്റ് വെയറും അമേരിക്കയില്‍ നിന്നു സൗദി വാങ്ങുമെന്നാണ് വിവരം. ബ്രാഡ്‌ലി ഫൈറ്റിങ് വെഹ്ക്കിള്‍, എം109 ആര്‍ട്ടിലെറി വെഹ്ക്കിള്‍ തുടങ്ങി യുദ്ധമുഖത്ത് ഉപയോഗിക്കുന്ന വാഹനങ്ങളും വാങ്ങും.

യുദ്ധക്കപ്പലുകള്‍

വര്‍ഷങ്ങളായി ചര്‍ച്ചകളിലുള്ളതും എന്നാല്‍ ഇതുവരെ സൗദി കൈവശപ്പെടുത്തിയിട്ടില്ലാത്തതുമായ ആയുധങ്ങളാണ് ഇപ്പോള്‍ സൗദി വാങ്ങാന്‍ ഒരുങ്ങുന്നത്. യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങാന്‍ 2015 അമേരിക്കന്‍ വിദേശകാര്യ വകുപ്പുമായി ധാരണയുണ്ടാക്കിയിരുന്നെങ്കിലും കരാറില്‍ സൗദി ഒപ്പുവച്ചിരുന്നില്ല. ഉടന്‍ തന്നെ ഈ കരാറും നിലവില്‍ വരും.

ഇസ്രായേലിന്റെ സുരക്ഷ

ഡൊണാള്‍ഡ് ട്രംപ് സൗദിയില്‍ എത്തിയാല്‍ യുദ്ധക്കപ്പല്‍ വാങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകും. അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന ലിറ്ററല്‍ കോംമ്പാറ്റ് ഷിപ്പിന്റെ മാതൃകയിലുള്ളതാണ് സൗദി സ്വന്തമാക്കുക. എന്നാല്‍ ഇസ്രായേലിന്റെ സുരക്ഷ പരിഗണിച്ച് മാത്രമേ അമേരിക്ക ഈ കരാറിന് ഒരുങ്ങൂവെന്നാണ് വിവരം.

ആയുധ ശേഖരം സ്വന്തമാക്കുന്നു

നേരത്തെ വന്‍ ആയുധ ശേഖരം സ്വന്തമാക്കാന്‍ സൗദി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ഇതിന് അനുമതിയും നല്‍കിയിരുന്നു. പക്ഷേ യമനില്‍ സൗദി സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി ഒബാമ ഭരണകൂടം ആയുധ കൈമാറ്റം തടയുകയാണ് ചെയ്തത്.

വൈറ്റ് ഹൗസില്‍ ഇരുരാജ്യങ്ങളുടെ ചര്‍ച്ച

സൗദി-അമേരിക്ക ആയുധ കൈമാറ്റങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വൈറ്റ് ഹൗസില്‍ ഇരുരാജ്യങ്ങളുടെയും സംയുക്ത സമിതി യോഗം ചേരുന്നുണ്ട്. ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ ചര്‍ച്ച. ട്രംപ് എത്തിയാല്‍ ഒപ്പുവയ്ക്കുന്ന കരാറുകള്‍ സംബന്ധിച്ച് ഈ യോഗം അന്തിമ രൂപമുണ്ടാക്കും.

സൗദി വിദേശകാര്യ മന്ത്രി അമേരിക്കയില്‍

സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈര്‍ കഴിഞ്ഞാഴ്ച അമേരിക്കന്‍ സന്ദര്‍ശനം നടത്തിയിരുന്നു. സെനറ്റര്‍മാരായ ബോബ് കോര്‍ക്കര്‍, ബെന്‍ കാര്‍ഡിന്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. തൊട്ടുപിന്നാലായണ് സംയുക്ത സമിതി യോഗം ചേരുന്നതും ട്രംപ് എത്തുന്നതും.

ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനം

അതേസമയം, ട്രംപിന്റെ സന്ദര്‍ശന വേളയില്‍ അറബ് ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനം ലക്ഷ്യമിടുന്നുണ്ട്. ജിസിസി രാഷ്ട്രത്തലവന്‍മാരുടെ പ്രത്യേക ഉച്ചകോടിയും നടക്കും. ഭീകരത, ഇറാന്‍, യമന്‍ എന്നീ കാര്യങ്ങളായിരിക്കും ഈ യോഗങ്ങളിലെ പ്രധാന ചര്‍ച്ച.

സൗദി ക്ഷണം തുടങ്ങി

ഈജിപ്ത്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെ സൗദി അറേബ്യ ഇപ്പോള്‍ തന്നെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആയുധ കരാറുകളും ആയുധങ്ങളുടെ കൈമാറ്റവും സംബന്ധിച്ച ചര്‍ച്ചകളും നടക്കും. സല്‍മാന്‍ രാജാവുമായും ട്രംപ് കൂടിക്കാഴ്ച നടത്തും.

English summary
Washington is working to push through contracts for tens of billions of dollars in arms sales to Saudi Arabia, some new, others in the pipeline, ahead of U.S. President Donald Trump's trip to the kingdom this month, people familiar with the talks told Reuters this week.
Please Wait while comments are loading...