'പ്രിഗോഷിന്‍ ജീവനോടെയുണ്ട്, എല്ലാം പുടിന്റെ തന്ത്രം': അപകടത്തിന് പിന്നാലെ ഗൂഢാലോചന സിദ്ധാന്തങ്ങള്‍
മോസ്കോ: തലസ്ഥാനമായ മോസ്കോ പിടിച്ചെടുക്കാന്‍ നീങ്ങിയ റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനപകടത്തില്‍ കൊല്ലപ്പെട്ടെന്ന വാർത്തയുണ്ടാക്കിയ അമ്പരപ്പിലാണ് ലോകം. എതിരാളികളെ ഒരോന്നായി വകവരുത്തുന്നുവെന്ന ആരോപണം നേരിടുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിർ പുട്ടിനിലേക്ക് സ്വാഭാവികമായും സംശയ മുനകള്‍ നീണ്ടു കഴിഞ്ഞു.
'ആ വിമാനം തിവീർ മേഖലയിൽ തകർന്നു. അതില്‍ യെവ്ഗിനി പ്രിഗോഷിനും ഉൾപ്പെടുന്നു' എന്നാണ് യെവ്ഗിനി പ്രിഗോഷിന്റെ മരണത്തെ കുറിച്ച് റഷ്യന്‍ വ്യോമയാന ഏജൻസി റൊസാവിയാറ്റ്സ്യ പുറത്തുവിട്ട റിപ്പോർട്ട്. പ്രിഗോഷിൻ ഉൾപ്പെടെ പത്തുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അതേസമയം തന്നെ ചില അഭ്യൂഹങ്ങളും ഇപ്പോള്‍ റഷ്യയില്‍ നിന്നും പുറത്ത് വരുന്നുണ്ട്.

തകർന്ന് വീണ വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ പേരുണ്ടെങ്കിലും വിമാനത്തിൽ പ്രിഗോഷിൻ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പുട്ടിനെതിരായ നീക്കം പരാജയപ്പെട്ടതോടെ പൊതു പരിപാടികളില്‍ നിന്നും അപ്രത്യക്ഷനായിരുന്നു. ഇതോടെ തന്നെ പ്രിഗോഷിൻ ജയിലിലടയ്ക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകാമെന്ന റിപ്പോർട്ടുകളും പുറത്ത് വരാന്‍ തുടങ്ങി.
എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമിട്ടാണ് ബെലാറൂസില്‍ നിന്നും പ്രഗോഷിന്‍ റഷ്യയിലേക്ക് മടങ്ങിയെത്തുന്നത്. അട്ടിമറി നീക്കങ്ങളിൽനിന്ന് പിന്മാറിയ പ്രിഗോഷിനെതിരെയും വാഗ്നർ ഗ്രൂപ്പിനെതിരെയും ഉണ്ടായിരുന്ന കേസുകളും റഷ്യ പിന്‍ വലിച്ചു. എന്നാല്‍ ഇപ്പോള്‍ ഒരു വിമാന അപകടത്തില്‍ പ്രഗോഷിന്‍ കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്ത് വരുമ്പോള്‍ സംശങ്ങളും അഭ്യൂഹങ്ങളും വീണ്ടും ശക്തമാവുകയാണ്. അത്തരത്തില്‍ ചില സാധ്യതകളാണ് ഇവിടെ പരിശോധിക്കുന്നത്
അപകടം എന്നത് ഒഴിച്ച് നിർത്തിയാല്‍ ഏറ്റവും വലിയ സാധ്യത ഇത് കൃത്യമായ ഗൂഢാലോചനയില്‍ നടന്ന കൊലപാതകമാണെന്നുള്ളതാണ്. അതായത് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ട കൊലപാതകം വിമാനാപകടത്തിന്റെ രൂപത്തില്‍ സംഭവിച്ചതാകാമെന്നാണ് ഡ്യൂക്ക് സർവകലാശാലയിലെ സാൻഫോർഡ് സ്കൂൾ ഓഫ് പബ്ലിക് പോളിസിയിലെ അസിസ്റ്റന്റ് പ്രൊഫസറും സോവിയറ്റ് യൂണിയന്റെയും യുഎസ്-സോവിയറ്റ് ബന്ധങ്ങളുടെയും ചരിത്രകാരനുമായ സൈമൺ മൈൽസിനെ ഉദ്ധരിച്ച് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നത്.
പതിറ്റാണ്ടുകളായി തുടരുന്ന പുടിന്‍ ഭരണത്തിന് നേരെയുണ്ടായ ഏറ്റഴും വലിയ വെല്ലുവിളിയായിരുന്നു വാഗ്നർ ഗ്രൂപ്പിന്റെ കലാപം. അതുകൊണ്ട് തന്നെ പുടിന് മുന്നില്‍ പ്രഗോഷിന്‍ കൊല്ലപ്പെട്ടാന്‍ മതിയായ കാരണമുണ്ടെന്നും സൈമൺ മൈൽസ് പറയുന്നു. "പുടിൻ പ്രതികാരം ചെയ്യുന്നതിൽ അതിശയിക്കാനില്ല. വാസ്തവത്തിൽ, ഞങ്ങൾ പുടിൻ നിരീക്ഷകർ ഇത് പ്രതീക്ഷിച്ചിരുന്നു, ഇന്ന് അത് സംഭവിച്ചു. വാഗ്നർ കലാപത്തിന് കൃത്യം രണ്ട് മാസം കഴിയുന്ന ദിവസമാണ് ഈ സംഭവം എന്നതും ശ്രദ്ധേയമാണ്" , സതേൺ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ റോബർട്ട് ഇംഗ്ലീഷ് പറയുന്നു.
രണ്ടാമതായി പ്രചരിക്കുന്ന ഒരു കാര്യം പ്രിഗോഷിന്‍ നേരത്തെ തന്നെ കൊല്ലപ്പെട്ടിരിക്കാം എന്നാണ്. ഇതിന് ശേഷം റഷ്യന്‍ സർക്കാറിന്റെ, അതായ് പുടിന്റെ നേതൃത്വത്തില്‍ നടന്ന ഒരു നാടകമായിരിക്കാം ഇന്ന് കണ്ടതെന്നാണ് ഗൂഢാലോചന സിദ്ധാന്തക്കാർ മുന്നോട്ട് വെക്കുന്ന മറ്റൊരു സാധ്യത. വിമാനത്തിലെ ഒരു യാത്രക്കാരനായി അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് മാത്രമാണ് പ്രിഗോഷിന്റെ മരണത്തിന്റെ ഏക തെളിവ് എന്നത് ഈ സിദ്ധാന്തത്തിന്റെ സാധ്യതയെ വർധിപ്പിക്കുന്നു.
മറ്റൊരു ഗൂഢാലോചന സിദ്ധാന്തം എന്ന് പറയുന്നത് പ്രിഗോഷിന്‍ മരിച്ചിട്ടില്ല എന്നുള്ളതാണ്. റഷ്യന്‍ മാധ്യമങ്ങളുടെ വാർത്തകള്‍ വിശ്വാസ്യ യോഗ്യമല്ലെന്നാണ് ചിലരുടെ വാദം. പ്രിഗോഷിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചതായുള്ള വിവരങ്ങള്‍ പോലും ഇപ്പോള്‍ ലഭ്യമല്ല. ഒന്നുകില്‍ പ്രിഗോഷിന്‍ നടത്തിയ ഗൂഢാലോചന, അല്ലെങ്കില്‍ പുടിനും പ്രിഗോഷിനും കൂടി നടത്തിയ ഗൂഢാലോചന എന്ന നിലക്കും ഇവർ ഇന്നത്തെ അപകടത്തെ കാണുന്നു. ജൂണിലെ കലാപം പോലും പുടിന്‍-പ്രിഗോഷിന്‍ ഗൂഡാലോചനയായി കാണുന്നവരുണ്ട്.












Click it and Unblock the Notifications