റഷ്യയ്ക്ക് രാജ്യസ്‌നേഹികള്‍, അമേരിക്കക്ക് അന്തര്‍ദേശീയ ക്രിമിനല്‍ സംഘടന; എന്താണ് വാഗ്നര്‍ ഗ്രൂപ്പ്?
മോസ്‌കോ: സൈന്യത്തെ വെല്ലുവിളിച്ച് വാഗ്നര്‍ ഗ്രൂപ്പ് രംഗത്തെത്തിയതോടെ അട്ടിമറി ഭീഷണിയിലാണ് വ്‌ളാഡിമിര്‍ പുടിന്റെ ഭരണകൂടം. എന്തും ചെയ്യാന്‍ മടിക്കാത്ത പുടിന്റെ കൂലിപ്പട്ടാളം എന്നാണ് വാഗ്നര്‍ ഗ്രൂപ്പ് അറിയപ്പെടുന്നത്. എന്നാല്‍ അവിചാരിതമായി വാഗ്നര്‍ ഗ്രൂപ്പ് തിരിഞ്ഞുകൊത്തിയതിന്റെ ഞെട്ടലിലാണ് സൈന്യം. റഷ്യ ആഭ്യന്തര യുദ്ധത്തിലേക്ക് കടക്കുകയാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അതിനിടെ പുറത്ത് വന്നിട്ടുണ്ട്.
പുടിന്‍ എന്ന ശക്തനായ ഭരണാധികാരിയെ വെല്ലുവിളിക്കാന്‍ പോലും ധൈര്യം കാണിച്ച വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗെനി പ്രിഗോസിന്‍ എന്ന പുടിന്റെ ഉറ്റ സുഹൃത്താണ് എന്നതാണ് ഇതിലെ വിരോധാഭാസം. എന്താണ് വാഗ്നര്‍ ഗ്രൂപ്പെന്നും എന്തെല്ലാമാണ് അവരുടെ സവിശേഷതകള്‍ എന്നും നമുക്ക് നോക്കാം.

സ്വകാര്യ സൈനിക കമ്പനി എന്നാണ് റഷ്യ വാഗ്നര്‍ ഗ്രൂപ്പിനെ വിശേഷിപ്പിക്കുന്നത്. അമേരിക്ക പ്രോക്‌സി ഫോഴ്‌സ് എന്നും മറ്റുള്ളര്‍ കൂലിപ്പട്ടാളം എന്നും വിളിക്കുന്ന വാഗ്നര്‍ ഗ്രൂപ്പ് 2014 ല്‍ ആണ് സ്ഥാപിതമായത്. 61 കാരനായ യെവ്ഗെനി പ്രിഗോസിന്റെ ഉടമസ്ഥതയിലാണ് വാഗ്നര്‍ ഗ്രൂപ്പ്. മുന്‍പ് പുടിന്റെ ഷെഫായിരുന്നു യെവ്ഗെനി പ്രിഗോസിന്‍ എന്നതാണ് മറ്റൊരു കൗതുകം. 2014 ലും 2015 ലും യുക്രെയ്‌നിലെ റഷ്യന്‍ നീക്കങ്ങളില്‍ വാഗ്നര്‍ ഗ്രൂപ്പിനും പങ്കുണ്ടായിരുന്നു.
പലപ്പോഴും ഈ സൈനിക ഗ്രൂപ്പ് റഷ്യന്‍ ഭരണകൂടവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വാഷിംഗ്ടണ്‍ തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പറയുന്നത്. എന്നാല്‍ തങ്ങളുടെ ഔദ്യോഗിക സൈനിക പ്രവര്‍ത്തനങ്ങളില്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ പങ്കാളിത്തം റഷ്യ പലകുറി നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ യുക്രെയ്‌നിനുള്ളില്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ 50000 പേരുണ്ട് എന്ന നിഗമനത്തിലായിരുന്നു യുഎസ്.
ആഫ്രിക്കയുള്‍പ്പെടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും വാഗ്നര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ലിബിയയിലെ ആഭ്യന്തര യുദ്ധത്തില്‍ വാഗ്നര്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നു. റഷ്യ യുദ്ധവിമാനങ്ങളും കവചിത വാഹനങ്ങളും ഉള്‍പ്പെടെയുള്ള സൈനിക ഉപകരണങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നു. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലേക്കും വാഗ്നര്‍ ഗ്രൂപ്പിനെ അയച്ചിട്ടുണ്ടായിരുന്നു.
അവിടെ പൗരന്‍മാരെ വധിച്ചതിനും യു എന്‍ സമാധാന സേനയെ ആക്രമിച്ചതിനും വാഗ്നര്‍ ഗ്രൂപ്പ് ആരോപണത്തിന്റെ നിഴലിലായിരുന്നു. ആഫ്രിക്കയിലെ ഒരു സ്വര്‍ണ്ണ ഖനിയുടെ നിയന്ത്രണം വാഗ്‌നര്‍ ഗ്രൂപ്പ് ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നിരായുധരായ ആളുകളെ വധിക്കുന്നതുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ വാഗ്നര്‍ ഗ്രൂപ്പ് നടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
ജനുവരിയില്‍ യുഎസ് വാഗ്നര്‍ ഗ്രൂപ്പിനെ ഒരു അന്തര്‍ദേശീയ ക്രിമിനല്‍ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുകയും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയും പ്രകൃതിവിഭവങ്ങള്‍ തട്ടിയെടുത്തും വാഗ്നര്‍ ഗ്രൂപ്പ് സംശയത്തിന്റെ നിഴലിലാണ് എന്ന് പറഞ്ഞ് കൊണ്ട് യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
യുക്രെയ്ന്‍ യുദ്ധം വാഗ്നര്‍ ഗ്രൂപ്പിന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ സഹായിച്ചതായാണ് യു എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് കിര്‍ബി പറയുന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തില്‍ വരെ നിര്‍ണായക സ്വാധീനം ചെലുത്താന്‍ വാഗ്നര്‍ ഗ്രൂപ്പിന് സാധിക്കുന്നുണ്ട് എന്നാണ് കിര്‍ബി പറയുന്നത്. ചില സന്ദര്‍ഭങ്ങളില്‍ റഷ്യയുടെ സൈനിക ഉദ്യോഗസ്ഥര്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ കമാന്‍ഡുകള്‍ക്ക് വിധേയരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാഗ്‌നര്‍ ഗ്രൂപ്പിലെ ഭൂരിഭാഗം പേരും പരിചയസമ്പന്നരായ മുന്‍ സൈനികരാണ്. 2022 ല്‍ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്യുകയും സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഒരു പുതിയ ആസ്ഥാനം തുറക്കുകയും ചെയ്തിട്ടുണ്ട് വാഗ്നര്‍ ഗ്രൂപ്പ്. 2014 ല്‍ ക്രെമിയ പിടിക്കാനുള്ള റഷ്യയുടെ നീക്കത്തിനിടെയാണ് വാഗ്നര്‍ ഗ്രൂപ്പ് രൂപം കൊള്ളുന്നത്.












Click it and Unblock the Notifications