'രക്തച്ചൊരിച്ചിലിന്റെയും നാശത്തിന്റെയും പാത', റഷ്യൻ ആക്രമണത്തെ അപലപിച്ച് ലോക നേതാക്കൾ
വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡ്മീർ പുടിൻ യുക്രൈനിൻ നടത്തിയ സൈനിക അധിനിവേശത്തിൽ പ്രതികരണവുമായി ലോകനേതാക്കൾ. പുലർച്ചെ ടെലിവിഷൻ ചാനലിൽ പുടിൻ യുക്രൈൻ വിഷയം പരാമർശിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു റഷ്യ യുക്രൈനിൽ സൈനിക ആക്രമണം നടത്തിയത്.
യുക്രൈന്റെ നിരവധി നഗരങ്ങളിൽ മിസൈൽ ആക്രമണങ്ങളും വെടിവയ്പ്പുകളും നടക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതിനോട് വിവിധ ലോകനേതാക്കൾ എങ്ങനെ പ്രതികരിച്ചു എന്ന് നോക്കാം

റഷ്യക്കായിരിക്കും ഉത്തരവാദിത്തം: യു.എസ്
യുക്രൈന് അമേരിക്ക പിൻതുണ നൽകുമെന്നും സൈനിക ആക്രമണത്തിന് ലോകം റഷ്യയെ ഉത്തരവാദികളാക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. "ഈ ആക്രമണം വരുത്തുന്ന മരണത്തിനും നാശത്തിനും റഷ്യ മാത്രമാണ് ഉത്തരവാദി, അമേരിക്കയും അതിന്റെ സഖ്യകക്ഷികളും വിഷയത്തിൽ പ്രതികരിക്കും. ലോകം റഷ്യയെ ഉത്തരവാദിയാക്കും," അദ്ദേഹം പറഞ്ഞു.

പുടിൻ രക്തച്ചൊരിച്ചിലിന്റെ പാത തിരഞ്ഞെടുത്തു: യുകെ
യുക്രൈനെതിരായ റഷ്യയുടെ പ്രകോപനമില്ലാത്ത ആക്രമണത്തിന് യുകെയും സഖ്യകക്ഷികളും നിർണ്ണായകമായി മറുപടി നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുക്രൈനിൽ നടന്ന സംഭവങ്ങളിൽ താൻ ഞെട്ടിപ്പോയെന്നും അടുത്ത നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി സംസാരിച്ചിട്ടുണ്ടെന്നും ജോൺസൺ ട്വിറ്റർ വഴി അറിയിച്ചു.
"പ്രസിഡന്റ് പുടിൻ യുക്രൈനെതിരെ പ്രകോപനമില്ലാതെ ഈ ആക്രമണം അഴിച്ചുവിട്ട് രക്തച്ചൊരിച്ചിലിന്റെയും നാശത്തിന്റെയും പാത തിരഞ്ഞെടുത്തു. യുകെയും ഞങ്ങളുടെ സഖ്യകക്ഷികളും നിർണ്ണായകമായി പ്രതികരിക്കും," എന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.

'അന്താരാഷ്ട്ര ക്രമത്തിന്റെ അടിത്തറ ഇളക്കുന്നു': ജപ്പാൻ പ്രധാനമന്ത്രി
യുക്രൈനെതിരായ റഷ്യയുടെ ആക്രമണം "അന്താരാഷ്ട്ര ക്രമത്തിന്റെ അടിത്തറ ഇളക്കുന്നു" ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവുമായി ഞങ്ങൾ ശ്രമങ്ങൾ ഏകോപിപ്പിക്കുകയും ഇത് വേഗത്തിൽ നേരിടുകയും ചെയ്യും," അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണം 'നീതിയില്ലാത്തതും നീതീകരിക്കാനാവാത്തതും': ഇറ്റലി
യുക്രൈനെതിരായ റഷ്യയുടെ ആക്രമണത്തെ "നീതിയില്ലാത്തതും നീതീകരിക്കാനാവാത്തതും" എന്ന് ആക്ഷേപിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി. യൂറോപ്പും നാറ്റോയും ഉടനടി പ്രതികരണത്തിനായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications