ഇസ്രായേല്‍ കപ്പല്‍ ആക്രമിക്കും; വിദേശികള്‍ കയറരുത് എന്ന് ഹൂതികള്‍... യുദ്ധം വ്യാപിച്ചേക്കും
സന്‍ആ: ഇസ്രായേല്‍ കപ്പലില്‍ ജോലി ചെയ്യുകയോ യാത്ര ചെയ്യുകയോ പാടില്ലെന്ന് യമനിലെ ഹൂതി വിമതര്‍. ഇസ്രായേല്‍ പതാക വച്ചുള്ള കപ്പലുകള്‍ ആക്രമിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രായേലിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഒരുങ്ങുകയാണെന്ന് ഹൂതി നേതാവ് യഹ്‌യ സരിയ പറഞ്ഞു.
ഇസ്രായേല്‍ സൈന്യം ഗാസയില്‍ ആക്രമണം തുടങ്ങിയ വേളയില്‍ തന്നെ ഹൂതികള്‍ യുദ്ധത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ യമനിലെ സൈന്യവും ഇസ്രായേലിനെതിരെ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. ഇസ്രായേലിലേക്ക് ഇരുവരും മിസൈലുകള്‍ തൊടുത്തുവിടുകയും ചെയ്തിരുന്നു.

സൗദി അറേബ്യ, ജോര്‍ദാന്‍ അതിര്‍ത്തികള്‍ കടന്നുവേണം യമനില്‍ നിന്നുള്ള മിസൈലുകള്‍ ഇസ്രായേലില്‍ എത്താന്‍. അതുകൊണ്ടുതന്നെ ഹൂതികളും യമന്‍ സൈന്യവും നടത്തിയ മിസൈല്‍ ആക്രമണം ഇസ്രായേലിന് ഭീഷണിയായിരുന്നില്ല. എന്നാല്‍ ഹൂതികളുടെ പുതിയ ഭീഷണി ഗൗരവമുള്ളതാണ്. ഇസ്രായേല്‍ കപ്പല്‍ എവിടെ കണ്ടാലും ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്.
ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഷിയാ സംഘമാണ് ഹൂതികള്‍. ഇവര്‍ നേരത്തെ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഹൂതികളെ പരാജയപ്പെടുത്താന്‍ സൗദി-യുഎഇ സൈനിക സഖ്യത്തിന് സാധിച്ചതുമില്ല. ഇപ്പോള്‍ ഹൂതികളുമായി സൗദി സമവായ ചര്‍ച്ചകള്‍ തുടര്‍ന്നുവരികയാണ്.
യമന്‍ സൈന്യത്തിന് പിന്തുണ നല്‍കുന്നത് സൗദി അറേബ്യയാണ്. ഇറാന്‍ പിന്തുണയ്ക്കുന്ന ഹൂതികളും സൗദി പിന്തുണയ്ക്കുന്ന യമന്‍ സൈന്യവും ഇസ്രായേലിനെതിരെ രംഗത്തുവന്നിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചെങ്കടലിലൂടെ പോകുന്ന ചരക്കു കപ്പലുകള്‍ക്ക് ഭീഷണിയാണ് ഹൂതികള്‍. പശ്ചിമേഷ്യയിലെ രണ്ട് പ്രധാന ചരക്കു പാതകളിലൊന്നാണ് ചെങ്കടല്‍ പാത. മറ്റൊന്നു ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഇവിടെ ഇറാന്റെ സ്വാധീനം ശക്തമാണ്.
ഇസ്രായേല്‍ കമ്പനികളുടെ കപ്പല്‍, ഇസ്രായേല്‍ പതാക വച്ചുള്ള കപ്പല്‍, ഇസ്രായേലിന് ഓഹരിയുള്ള കമ്പനികളുടെ കപ്പല്‍ എന്നിവയെല്ലാം ആക്രമിക്കുമെന്നാണ് ഹൂതികളുടെ ഭീഷണി. മേഖലയിലൂടെ പോകുന്ന ചരക്കു കപ്പലുകളില്‍ ജോലി ചെയ്യുന്നവര്‍ പല രാജ്യക്കാരാണ്. അതുകൊണ്ടാണ് ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളില്‍ വിദേശ പൗരന്മാര്‍ കയറരുത് എന്ന് ഹൂതികള്‍ താക്കീത് ചെയ്യാന്‍ കാരണം. ചെങ്കടലില്‍ നിന്ന് ഇസ്രായേലി ചരക്കുകപ്പല്‍ ഹൂതികള്‍ പിടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹൂതികള്‍ ഇസ്രായേല്‍ കപ്പലുകള്‍ ആക്രമിച്ചാല്‍ യുദ്ധം വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. ഇസ്രായേല്‍ കപ്പലുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഴി യാത്ര ചെയ്യാറുണ്ട്. യമനിലെ ഹൂതികള്‍, ലബ്‌നാനിലെ ഹിസ്ബുല്ല, സിറിയയിലെ ഷിയാ സംഘങ്ങള്‍ എന്നിവരെല്ലാം ഇസ്രായേലുമായി കൊമ്പുകോര്‍ക്കുന്നുണ്ട്. സിറിയയിലെ ഷിയാ കേന്ദ്രങ്ങളില്‍ അടുത്തിടെ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു.












Click it and Unblock the Notifications