കണ്ണൂര്‍ കലക്ടര്‍ ഐഎഎസ് നേടിയത് എകെജി സെന്ററില്‍ നിന്നെന്ന് അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ ഐഎഎസ് എടുത്തത് ഐഎഎസ് അക്കാദമിയില്‍ നിന്നല്ലെന്നും മറിച്ച് ഇഎംഎസ് അക്കാദമിയില്‍ നിന്നാണെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി ആരോപിച്ചു. കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കലക്ടറുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച ദീപാവലി ദീപതെളിയിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീന്‍ ബാബുവിന്റെ ആത്മഹത്യാ പ്രേരണാ കുറ്റത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും പ്രതിഷേധത്തില്‍ ഗത്യന്തരമില്ലാതെയാണ്. ഇപ്പോള്‍ ദിവ്യയെ സംരക്ഷിക്കാന്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. എന്നാല്‍ കലക്ടറല്ല കലക്റ്ററുടെ മുതലാളി പിണറായി വിജയന്‍ വിചാരിച്ചാലും ദിവ്യയെ സംരക്ഷിക്കാന്‍ സാധ്യമല്ല. നവീന്‍ ബാബുവിന്റെ മരണത്തില്‍ കലക്ടറുടെ പങ്ക് തുടക്കത്തില്‍ തന്നെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. ഇപ്പോള്‍ പോലീസിന് മുന്നില്‍ കള്ള സാക്ഷിപറയുകയാണ് കലക്ടര്‍.

അരുണ്‍ കെ. വിജയന് പറ്റിയത് കലക്ടറുടെ പണിയല്ല മറിച്ച് കോടതികളില്‍ കള്ള സാക്ഷി പറയുന്നവരുടെ ജോലിയാണ്. കളക്ടര്‍ ദിവ്യയെ പോലെ മനുഷ്യന്റെ മുഖമുള്ള മൃഗമാണ്. ഇയാള്‍ ജനാധിപത്യത്തിന് കളങ്കമാണ്. കലക്ടര്‍ ആദ്യം പറഞ്ഞതല്ല പിന്നീട് പറഞ്ഞത്. ദിവ്യയുടെ സംരക്ഷണത്തിന് എം.വി ജയരാജനുമായി ഗൂഡാലോചന നടത്തുകയാണ് ഇദ്ദേഹം ചെയ്തത്. എന്നാല്‍ ഈ ജനാധിപത്യ ക്രമത്തില്‍ കലക്ടര്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കളക്ടര്‍ എഡിഎം തന്റെ ക്യാബിനില്‍ വന്ന് തെറ്റുപറ്റു പോയെന്ന് പറഞ്ഞുവെന്ന മൊഴി നല്‍കിയത് കള്ളമാണെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്കെല്ലാം അറിയാം. ഇതു പോലുള്ള ഒരു കലക്ടറെ കണ്ണൂര്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപി കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂര്‍, അര്‍ജുന്‍ മാവില കണ്ടി എന്നിവര്‍ പ്രതിഷേധ പരിപാടിയില്‍ പ്രസംഗിച്ചു.












Click it and Unblock the Notifications