പിപി ദിവ്യയെ അറസ്റ്റുചെയ്യണം: കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബാനര്‍, ബഹളമയം
കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായ പിപി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഭരണകക്ഷി അംഗങ്ങളായ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പി പി ദിവ്യ രാജി വയ്ക്കണമെന്ന് ആവശ്യമുള്ള ബാനര്‍ ഉയര്‍ത്തിക്കാട്ടിയതോടെ പ്രതിഷേധവുമായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്തു വരികയായിരുന്നു. ഇതു ഏറെ നേരത്തെ വാക് തര്‍ക്കത്തിനിടയാക്കി.
പിപി ദിവ്യയുടെ അറസ്റ്റ് മനപൂര്‍വ്വം വൈകിപ്പിക്കുന്നതാണെന്നും അധികാരികളുടെ മൂക്കിന് താഴെ സുരക്ഷിതമായി കഴിയുന്ന പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നു കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണകക്ഷി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ജനപ്രതിനിധികള്‍ ജനസേവകര്‍, എഡിഎമ്മിനെ അപമാനിച്ച് കൊല ചെയ്ത പി.പി ദിവ്യയെ അറസ്റ്റ് ചെയ്യുക എന്നീ രണ്ട് ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്‍ തന്റെ വാര്‍ഡില്‍ നടക്കുന്ന എഡി എമിന്റെ മരണത്തിന് ഉത്തരവാദിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരപരിപാടികളെ സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നു അറിയിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ അറസ്റ്റ് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് തുടങ്ങിയത്.ഇതിനെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ എതിര്‍ത്തു. ഇതോടെയാണ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദമുണ്ടായത്. ഇതേ തുടര്‍ന്ന് ഇരു ചേരികളിലായി ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വാദമുഖങ്ങള്‍ ഉന്നയിച്ചു.
യോഗത്തില്‍ അജന്‍ഡ അനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് മേയറുടെ സമ്മതത്തോടെ ഇതുമായി ബന്ധപ്പെട്ട് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ സംസാരിക്കവെയാണ് ഭരണപക്ഷ അംഗങ്ങള്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്. ഇതോടെ പ്രതിപക്ഷത്തെ എന്‍ സുകന്യ, ടി രവീന്ദ്രന്‍ , അഡ്വ: പി കെ അന്‍വര്‍ , പ്രതീപന്‍ തുടങ്ങി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. നവീന്‍ ബാബുവിന്റ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്നും ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലാണെന്നും എന്‍ സുകന്യ പറഞ്ഞു.
ദിവ്യയല്ല ഒളിച്ചു നടക്കുന്നതെന്നും കേരളത്തിലെ അഭ്യന്തര വകുപ്പും പൊലീസുമാണെന്നും ഭരണപക്ഷ കൗണ്‍സിലറായ കെപി അബ്ദുള്‍ റസാഖ് പറഞ്ഞു. പരിഗണനക്കായിനിരവധി അജന്‍ഡകള്‍ഉണ്ടെന്നിരിക്കെ ഭരണപക്ഷംഇത്തരം പൊറാട്ട് നാടകം കളിക്കുന്നത് ശരിയല്ലെന്ന് അഡ്വ.പി കെ അന്‍വര്‍ പറഞ്ഞു. മരണം സംഭവിച്ചാല്‍ അതെങ്ങിനെ സംഭവിച്ചുവെന്ന് കണ്ടെത്തേണ്ട പൊലീസ് വീഡിയോ ക്ലിപ്പിംഗ് സംഘടിപ്പിക്കാന്‍ ഓടി നടക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്ന് ബി.ജെ.പികൗണ്‍സിലറായ വി കെ ബൈജു പറഞ്ഞു.
യോഗത്തില്‍ എല്ലാവരും പറയുന്ന വിഷയങ്ങള്‍ മിനുട്‌സില്‍ രേഖപ്പെടുത്തുന്നില്ലെന്നും, നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയോ കൊലപാതകമാണോ എന്ന സംശയമുണ്ടെന്നും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പികെ രാഗേഷ് ചൂണ്ടിക്കാട്ടി. ഇതിനിടെ പയ്യാമ്പലം ശ്മശാനത്തിലെ ശുചിത്വം സംബന്ധിച്ച് ആരോഗ്യ വിഭാഗം നടപടികള്‍ സ്വീകരിച്ചിട്ടുള്ളതാണെന്നും കൃത്യമായ രീതിയില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുന്നുണ്ടെന്നും മേയര്‍ പറഞ്ഞു.
ശ്മശാനത്തിലെ ക്രമക്കേട് സംബന്ധിച്ച് ചര്‍ച്ചയില്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി ചട്ട പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്ന് മേയര്‍ അറിയിച്ചു..കോര്‍പ്പറേഷനിലെ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ ഒഴിവാക്കി പകരമായി പുതിയ വാഹനങ്ങള്‍ വാങ്ങിക്കുന്നതിന് നടപടി സ്വീകരിച്ച് വരുന്നുണ്ടെന്നും മേയര്‍ പറഞ്ഞു. പികെ രാഗേഷ്, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, ടിഒ മോഹനന്‍, കെപി അബ്ദുല്‍ റസാഖ്, സുകന്യ ടീച്ചര്‍, ടി.രവീന്ദ്രന്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications