സിഒടി നസീറിനെ അഞ്ചംഗസംഘം അക്രമിച്ചു: പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
തലശേരി: തലശേരി മിഷൻ ആശുപത്രി പരിസരത്ത് വെച്ച് സി ഒ ടി നസീറിനു നേരെ വീണ്ടും ആക്രമണം. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭംവം. സിപിഎം പ്രവർത്തകരാണ് തന്നെ അക്രമിച്ചതെന്നാണ് തലശ്ശേരി ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ നസീർ ആരോപിച്ചു. 2019 ല്‍ തലശേരി കായ്യത്ത് റോഡില്‍ വെച്ച് നസീറിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ ഒന്നും രണ്ടും പ്രതികളായ ഷിജിന്‍, റോഷന്‍ ബാബു തുടങ്ങിയ അഞ്ച് പ്രവർത്തകർക്കെതിരെയാണ് പരാതി.
തലശേരി ഗുഡ് ഷെഡ് റോഡിലെ മിഷൻ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന രോഗിയെ കാണുന്നതിന് വേണ്ടിയാണ് നസീര്‍ ആശുപത്രിയില്‍ എത്തിയത്. ഈ സമയത്താണ് മദ്യപിച്ച് ബഹളം വച്ച സംഘം തന്നെ അക്രമിച്ചതെന്ന് നസീര്‍ പറഞ്ഞു. മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയവരാണ് തന്നെ രക്ഷപെടുത്തിയതെന്നും നസീര്‍ പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രണ്ടു പേരെ പിടികൂടിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നുവെന്നും നസീര്‍ പറഞ്ഞു. തന്നെ അക്രമിച്ചവരെ പിടികൂടാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ നിയമനടപടികളുമായി മുന്‍പോട്ടുപോകുമെന്ന് നസീര്‍ വ്യക്തമാക്കി.

2019 ല്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ വിമതസ്ഥാനാര്‍ത്ഥിയായി മത്‌സരിച്ചതിന് പിന്നാലെ കായ്യത്ത് റോഡില്‍ വെച്ച് നസീറിനെ ബൈക്കിലെത്തിയ സംഘം തലങ്ങും വിലങ്ങും വെട്ടിപരുക്കേല്‍പ്പിച്ചിരുന്നു. ഈ അക്രമത്തിന് ശേഷം ആറുമാസത്തോളം നസീര്‍ ചികിത്‌സയിലായിരുന്നു. ഈ കേസ് കോടതിയുടെ പരിഗണനയില്‍ നിലനില്‍ക്കവെയാണ് വീണ്ടും അക്രമമുണ്ടായത്. തലശേരി എം എല്‍ എ എഎന്‍ ഷംസീറിന്റെ ഡ്രൈവർ ഉള്‍പ്പെടെയുളള സി പി എം പ്രവര്‍ത്തകരെ പൊലിസ് നസീര്‍വധ ശ്രമക്കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തനിക്കെതിരെയുളള വധശ്രമ ഗൂഡാലോചനയില്‍ ഷംസീറിന് പങ്കുണ്ടെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നുവെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല.
ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ചു നസീര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
നേരത്തെ സി.ഒ.ടി നസീറിനെതിരെ സി.പി. എം പ്രവര്‍ത്തകര്‍ നടത്തിയ വധശ്രമം ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍സൃഷ്ടിച്ചിരുന്നു. അക്രമത്തെ തളളിപറഞ്ഞുകൊണ്ട് പി.ജയരാജന്‍ ഉള്‍പ്പടെയുളള നേതാക്കള്‍ രംഗത്തുവന്നു. ഇതോടെയാണ് സംഭവത്തില്‍ പൊലിസ് നടപടി ശക്തമാക്കിയത്. അത്ഭുതകരമായി രക്ഷപ്പെട്ട സി.ഒ.ടി നസീര്‍ പിന്നീട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നുവെങ്കിലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തിയിരുന്നില്ല.












Click it and Unblock the Notifications