സ്വര്‍ണമാല കവര്‍ന്ന സംഭവം: തമിഴ്‌നാട് സ്വദേശിനികളുമായി പൊലിസ് തെളിവെടുപ്പ്

കണ്ണൂര്‍: ഓട്ടോറിക്ഷയില്‍ യാത്രചെയ്യുന്നതിനിടെ വയോധികയുട സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് സ്ത്രീകളെയും കൊണ്ടു മട്ടന്നൂര്‍ പൊലിസ് തെളിവെടുപ്പ് നടത്തി.പഴശിയിലെ ശൈലജയുടെ (60) മൂന്ന് സ്വര്‍ണമാലയാണ് കവര്‍ന്നത്. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ നിഷ (28) പാര്‍വതി (25) കല്യാണി (33) എന്നിവരെയാണ് കഴിഞ്ഞ ദിവസം മട്ടന്നൂര്‍ പൊലിസ് അറസ്റ്റു ചെയ്തത്.
തലശേരിയില്‍ മറ്റൊരു കേസില്‍ പിടിയിലായ ഇവര്‍ റിമാന്‍ഡ് കഴിയുന്നതിനിടെ മട്ടന്നൂര്‍ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. മൂന്നുപേരെയും മോഷണം നടത്തിയ സ്ഥലത്ത് എത്തിച്ചു പൊലിസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ മാസം ഒന്‍പതിന് ഉച്ചയ്ക്ക് ഉരുവച്ചാല്‍ പഴശിയിലായിരുന്നുസംഭവം. ശൈലജ ബന്ധുവീട്ടിലേക്ക് പോകുന്നതിന് പഴശിയില്‍ നിന്ന് ഉരുവച്ചാലിലേക്ക് ഓട്ടോറിക്ഷയില്‍ കയറിയിരുന്നു. ഇവര്‍ ഓട്ടോയില്‍ കയറുമ്പോള്‍ മറ്റു മൂന്നുപേര്‍ കൂടി ഓട്ടോയില്‍ കയറിയതായി പറഞ്ഞിരുന്നു.
വയോധിക ഉരുവച്ചാലില്‍ ഇറങ്ങുകയായിരുന്നു. പിന്നീട് ബസില്‍ കയറി ബന്ധുവീട്ടിലെത്തിയപ്പോഴാണ് സ്വര്‍ണമാലല കാണാനില്ലെന്നു മനസിലാകുന്നത്. തുടര്‍ന്ന് മട്ടന്നൂര്‍ പൊലിസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ പരിധിയില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. ബസിലും ഓട്ടോറിക്ഷയിലും സഞ്ചരിച്ചു യാത്രക്കാരികളുടെ സ്വര്‍ണമാല കവരുന്ന സംഘങ്ങള്‍ വ്യാപകമാകുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്.
ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ടു മാസങ്ങള്‍ക്കു മുന്‍പ് രണ്ടുപേരെ ചക്കരക്കല്‍ പൊലിസ് ചക്കരക്കല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചു പിടികൂടിയിരുന്നു. മട്ടന്നൂര്‍ എസ്. ഐടി.സി രാജീവന്‍, എ. എസ്. ഐ ഷമീര്‍, വനിതാ സിവില്‍ പൊലിസ് ഓഫീസര്‍മാരായ പ്രിയ, ബവിജ, സാന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പഴശിയില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്.












Click it and Unblock the Notifications