ജ്വല്ലറി തട്ടിപ്പ്: ഗള്‍ഫില്‍ നിന്ന് പ്രതിയെ നാട്ടിലെത്തിക്കാന്‍ നീക്കം, അന്വേഷണം ഊര്‍ജിതം
കണ്ണൂര്‍: നഗരഹൃദയത്തിലെ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപമുളള കൃഷ്ണ ജുവല്‍സില്‍ നിന്നും ഏഴരകോടിയോളം തട്ടിയെടുത്ത കേസിലെ മുന്‍ ചീഫ് അക്കൗണ്ടിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളിയാതോടെ അറസ്റ്റിനുളള നീക്കങ്ങള്‍ പൊലിസ് ശക്തമാക്കി. കണ്ണൂര്‍ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്. കേസില്‍ പ്രതിയായതിനെ മുന്‍ ചീഫ് അക്കൗണ്ടന്റെ് ചിറക്കല്‍ കടലായി സ്വദേശിനി കെ.സിന്ധു ഗള്‍ഫിലേക്ക് കടന്നതായാണ് പൊലിസിനു ലഭിച്ച വിവരം. ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.
ഇവരെ പിടികൂടുന്നതിനായി ഇന്റര്‍ പോളിന്റെയടക്കമുളള വിദേശ ഏജന്‍സിയുടെ സഹായം പൊലിസ് തേടിയേക്കുമെന്നാണ് സൂചന. കീഴടങ്ങിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനുളള നടപടികളും സ്വീകരിക്കും. ഇവരുടെ ബന്ധുക്കളെയും മറ്റും പൊലിസ് സ്റ്റേഷനില്‍ വിളിച്ചു ചോദ്യം ചെയ്തിരുന്നുവെങ്കിലും എവിടെയാണെന്ന വിവരം ലഭിച്ചിട്ടില്ല. സിന്ധുവിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയാണ് ജില്ലാ കോടതി തളളിയ സാഹചര്യത്തില്‍ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന സൂചനയുണ്ട്.

പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെതിരെ പ്രൊസിക്യൂഷന്‍ എതിര്‍ക്കുകയായിരുന്നു. സാമ്പത്തിക കുറ്റകൃത്യം കൂടി വരുന്നതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പബ്ളിക് പ്രൊസിക്യൂട്ടര്‍ കെ.അജിത്ത് കുമാര്‍ വാദിച്ചു. സ്ഥാപനത്തിന്റെ തുക സിന്ധു, ഭര്‍ത്താവ്, അമ്മ, സഹോദരന്‍ എന്നിവരുടെ പേരില്‍ നിക്ഷേപിച്ചതായി പൊലിസ് കണ്ടെത്തിയിരുന്നു.ഇതുസംബന്ധിച്ച ബാങ്ക് രേഖകള്‍ പ്രൊസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 7.55 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2004-ല്‍ മുതല്‍ അക്കൗണ്ടന്റായ സിന്ധു പലഘട്ടങ്ങളിലായി സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് സ്വന്തം അക്കൗണ്ടുകളിലെക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും തുകമാറ്റിയെന്നാണ് കൃഷ്ണ ജുവല്‍സ് എംഡി സിവി രവീന്ദ്രനാഥ് കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
സ്ഥാപനത്തിന്റെ ആഭ്യന്തര കണക്കെടുപ്പ് നടത്തുന്നതിനിടെ വ്യാപകമായ ക്രമക്കേടാണ് കണ്ടെത്തിയത്. ജുവലറിയുടെ മുഴുവന്‍ കണക്കുകളും കൈകാര്യം ചെയ്തിരുന്നത് സിന്ധുവാണ്. ഇവര്‍ ജി. എസ്.ടി ഉള്‍പ്പെടെയുളളവയില്‍ വെട്ടിപ്പു നടത്തിയെന്നായിരുന്നു കണ്ടെത്തല്‍. ഇതേ തുടര്‍ന്നുളള അന്വേഷണമാണ് സിന്ധു നടത്തിയ വെട്ടിപ്പിലേക്ക് വെളിച്ചം വീശിയിരുന്നത്. കണ്ണൂരിലെ പ്രമുഖസ്വര്‍ണവ്യാപാരസ്ഥാപനമായ കൃഷ്ണ ജുവല്‍സിന്റെ ജീവനാഡിയായിരുന്ന സിന്ധു മറ്റു ജീവനക്കാരുമായി അത്രസുഖകരമായ ബന്ധമല്ല പുലര്‍ത്തിയതെന്നാണ് വിവരം. ഇവര്‍ അനാവശ്യമായി ജീവനക്കാരെ ചോദ്യം ചെയ്യുകയും ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മാനേജ്മെന്റിന്റെ വിശ്വസ്തയായിരുന്ന കാലത്താണ് സിന്ധുവന്‍ വെട്ടിപ്പു നടത്തിയിരുന്നത്.












Click it and Unblock the Notifications