കണ്ണൂര്‍ നഗരമധ്യത്തിലെ ലോറി ഡ്രൈവറുടെ കൊലപാതകം: മൂന്നാം പ്രതിയും അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ നഗരമധ്യത്തില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ മൂന്നാംപ്രതിയും അറസ്റ്റില്‍. കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി സ്വദേശിയായ വി.ഡി ജിന്റോയെ (39) കൊലപ്പെടുത്തിയ കേസില്‍ഓട്ടൊ ഡ്രൈവറായ കൊളച്ചേരിയിലെ റാഫിയെ (30)യാണ് സി.ഐ.ബിനു മോഹനനും സംഘവും അറസ്റ്റു ചെയ്തത്.
കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി സ്വദേശി വി.ഡി ജിന്റോയെ(39)യാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടേകാലിന് പൊലിസ് സ്‌റ്റേഷന്‍ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കോഴിക്കോട് കുറ്റ്യാടി കിളിയേട്ടമ്മേല്‍ അല്‍ത്താഫ്(36) കതിരൂര്‍ വേറ്റുമ്മല്‍ രയരോത്ത് ഹൗസില്‍ ഷബീര്‍(36) എന്നിവരെ നേരത്തെ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.

മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിന് സമീപം ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്തു നിര്‍ത്തിയിട്ട ലോറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന ജിന്റോയെ മോഷണം ലക്ഷ്യമിട്ടെത്തിയ പ്രതികള്‍ കത്തിക്കൊണ്ടു കുത്തുകയായിരുന്നു. ഈ കത്തി പിന്നീട് പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
ജിന്റോയുടെ വലതുകാല്‍മുട്ടിനു താഴെയാണ് കുത്തേറ്റത്. ഇവിടെ നിന്നും 160-മീറ്ററോളം ഓടിയ ജിന്റോ പൊലിസ് സ്‌റ്റേഷന്‍ റോഡില്‍ ഫുട്‌ബോള്‍ ഫ്രന്‍ഡ് കോച്ചിങ് സെന്ററിനു സമീപം വീഴുകയായിരുന്നു. പൊലിസ് സ്‌റ്റേഷനിലെത്താമെന്ന പ്രതീക്ഷയില്‍ ഒരു ഭാഗത്തേക്ക് ഓടിയെന്നാണ് കരുതുന്നത്.
തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടേകാലിനാണ് ജിന്റോയെ റോഡരികില്‍ കണ്ടെത്തിയത്. മറ്റൊരു ലോറിയിലുണ്ടായിരുന്ന ഡ്രൈവറും അതുവഴിയെത്തിയ രണ്ടു യുവാക്കളും ചേര്‍ന്നാണ് പൊലിസില്‍ വിവരമറിയിച്ചത്.
അഗ്‌നിരക്ഷാ സേനയുടെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. ചോരവാര്‍ന്നാണ് മരം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അറസ്റ്റിലായ അല്‍ത്താഫ് എട്ടുകേസുകളില്‍ പ്രതിയാണ്. ഇപ്പോള്‍ കാഞ്ഞങ്ങാടാണ് താമസം.
ഇയാള്‍ നാലുമാസം മുന്‍പാണ് ജയിലില്‍ നിന്നുമിറങ്ങിയതെന്നു പൊലിസ് പറഞ്ഞു.പ്രതികള്‍ ഉപയോഗിച്ച കത്തി, ഇടിക്കട്ട, ചോര പുരണ്ട വസ്ത്രങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു.കാസര്‍ഗോഡ് കുമ്പള, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനുകളില്‍ വധശ്രമമുള്‍പ്പെടെയുള്ള കേസുകള്‍ കസ്റ്റഡിയിലായ റാഫിക്കെതിരെ നിലവിലുണ്ടെന്നും ജയിലില്‍ വെച്ചാണ് മൂവരു പരിചയപ്പെടുന്നതെന്നും പോലീസ് പറഞ്ഞു . അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.












Click it and Unblock the Notifications