കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി നാടിന്: ഉദ്ഘാടനം നിര്‍വഹിച്ചത് മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഉത്തരമലബാറിലെ ജലാശയങ്ങളെ കോര്‍ത്തിണക്കി നടപ്പാക്കുന്ന മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി വടക്കന്‍ കേരളം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിനോദസഞ്ചാര പദ്ധതിയാണെന്നും പ്രദേശത്തിന്റെ വികസനചരിത്രത്തിലെ നാഴികക്കല്ലായി ഇത് മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പറശ്ശിനിക്കടവില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ടൂറിസം വികസനത്തിന് കുതിപ്പേകുന്ന ഈ പദ്ധതി റിവര്‍ ക്രൂയിസ് ടൂറിസം രംഗത്ത് ദക്ഷിണേന്ത്യയിലെ ആദ്യ പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നദീ തീരങ്ങളിലെ പൈതൃകങ്ങളെയും കലാ-സാംസ്‌കാരിക സവിശേഷതകളെയും സംരക്ഷിക്കുകയും അവയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയാണിത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നദികള്‍, ജലാശയങ്ങള്‍, തീരപ്രദേശങ്ങള്‍, കലാരൂപങ്ങള്‍, പ്രകൃതിവിഭവങ്ങള്‍ തുടങ്ങിയ മലബാറിന്റെ ടൂറിസം സാധ്യതകള്‍ കോര്‍ത്തിണക്കി ഭാവനാപൂര്‍ണമായി തയ്യാറാക്കിയതാണ് ക്രൂയിസ് ടൂറിസം പദ്ധതി.

photo-201

ഓരോ പ്രദേശത്തെയും സവിശേഷതകള്‍ക്കനുസരിച്ചുള്ള തീമാറ്റിക് ക്രൂയിസ് ടൂറിസമാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുക. കണ്ണൂര്‍ ജില്ലയിലെ നദികളായ മാഹി (മാര്‍ഷ്യല്‍ ആര്‍ട്‌സ് & കളരി ക്രൂയിസ്), അഞ്ചരക്കണ്ടി (പഴശ്ശിരാജ & സ്‌പൈസസ് ക്രൂയിസ്), വളപട്ടണം (മുത്തപ്പന്‍ മലബാറി ക്യൂസീന്‍ ക്രൂയിസ്), കുപ്പം (കണ്ടല്‍ ക്രൂയിസ്), പെരുമ്പ (മ്യൂസിക് ക്രൂയിസ്), കവ്വായി (ഹാന്റ്‌ലൂം & ഹാന്റി ക്രാഫ്റ്റ്‌സ് ക്രൂയിസ്), കാസര്‍കോഡ് ജില്ലയിലെ തേജസ്വിനി (വാട്ടര്‍ സ്‌പോര്‍ട്‌സ് & റിവര്‍ ബാത്തിംഗ് ക്രൂയിസ്), ചന്ദ്രഗിരി (യക്ഷഗാനം ക്രൂയിസ്), വലിയപറമ്പ കായല്‍ (മോഡല്‍ റെസ്‌പോണ്‍സിബ്ള്‍ വില്ലേജ് ക്രൂയിസ്) എന്നീ ജലാശയങ്ങളെയും ഇവയുടെ തീരപ്രദേശങ്ങളെയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വിനോദസഞ്ചാരികള്‍ക്കായി മുസിരിസ് മാതൃകയില്‍ ശീതീകരിച്ച വിനോദസഞ്ചാര ബോട്ടുകളൊരുക്കും. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും പദ്ധതി. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ബയോ ടോയ്‌ലെറ്റുകള്‍, പ്ലാസ്റ്റിക് മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ തുടങ്ങി മാലിന്യ നിര്‍മാര്‍ജനത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കും. കൈത്തറി, കള്ള്‌ചെത്ത്, മത്സ്യബന്ധനം, നെല്‍കൃഷി, മണ്‍പാത്ര നിര്‍മാണം തുടങ്ങി പദ്ധതി പ്രദേശങ്ങളിലെ പരമ്പരാഗത വ്യവസായങ്ങള്‍ക്കും കൃഷിക്കും പദ്ധതി പുതുജീവന്‍ നല്‍കും. അതോടൊപ്പം തെയ്യം, ഒപ്പന, പൂരക്കളി, കോല്‍ക്കളി, യക്ഷഗാനം തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ഇത് നവോന്‍മേഷം പകരും. ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെട്ട മലബാറിന്റെ വിനോദസഞ്ചാരസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും അതിന്റെ ഗുണമേന്‍മ വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന് മുന്‍ഗണന നല്‍കണം. അതിഥികളായി നമ്മുടെ നാടുകളിലെത്തുന്നവരെ ആതിഥ്യമര്യാദകളോടെ സ്വീകരിക്കണം. അവര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഒന്നും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനാണ് ടൂറിസ്റ്റുകള്‍ ഇവിടെയെത്തുന്നത്. പ്രകൃതിയെ കൂടുതല്‍ ഭംഗിയോടെ സംരക്ഷിച്ചു നിര്‍ത്തുകയാണ് അതിന് നാം ചെയ്യേണ്ടത്. നാട്ടുകാര്‍ക്കു കൂടി ടൂറിസ്റ്റ് വികസനത്തിന്റെ നേട്ടം ലഭിക്കുന്ന രീതിയിലുള്ള ഉത്തരവാദിത്ത ടൂറിസം എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും പ്രധാന വരുമാന മാര്‍ഗമാവുന്ന രീതിയില്‍ ടൂറിസത്തെ ജനങ്ങളുമായി ബന്ധപ്പെടുത്തണം.

325 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് സ്വദേശി ദര്‍ശന്‍ സ്‌കീമിലുള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. വളപട്ടണം, കുപ്പം, പറശ്ശിനിക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ആദ്യഘട്ടമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. സമയമെടുത്ത് ആസൂത്രണം ചെയ്യേണ്ട പദ്ധതിയാണിത് എന്നതിനാല്‍ തുടക്കത്തില്‍ തന്നെ ഈ മേഖലയിലെ വിദഗ്ധരുമായി സഹകരിച്ചുവേണം പദ്ധതി തയ്യാറാക്കാനെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.പിമാരായ പി.കെ. ശ്രീമതി ടീച്ചര്‍, കെ.കെ രാഗേഷ്, എം.എല്‍.എമാരായ ജെയിംസ് മാത്യു, ടി.വി രാജേഷ്, സി കൃഷ്ണന്‍, എം രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ. ശ്യാമള ടീച്ചര്‍, മുന്‍ എം.എല്‍.എ പി ജയരാജന്‍, ജനപ്രതിനിധികള്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും കോഴിക്കോട് മേഖലാ ജോയിന്റ് ഡയരക്ടര്‍ അനിതകുമാരി സി.എന്‍ നന്ദിയും പറഞ്ഞു.

English summary
Kannur Local News malanadu river cruis tourism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X