കാട്ടാമ്പള്ളി ബാറിലെ കൊലപാതകം: പ്രതിയെ കണ്ടെത്താന്‍ എസ്‌ഐടി രൂപീകരിച്ചു
മയ്യില്‍: കാട്ടാമ്പള്ളി കൈരളി ബാറില്‍ ചിറക്കല്‍ കീരിയാട് സ്വദേശിയും വളപട്ടണത്തെ ഖലാസിയുമായ റിയാസിനെ കുത്തിക്കൊന്നതിനു ശേഷം രക്ഷപ്പെട്ട അഴീക്കോട് മൂന്നു നിരത്തിലെ ജിംനേഷ്യം നടത്തിപ്പുകാരന്‍ നിഷാമിനെ പിടികൂടുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കണ്ണൂര്‍ അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ ടികെ രത്നകുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഗള്‍ഫില്‍ വിപുലമായ ബന്ധങ്ങളുളള ഇയാള്‍ ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയാനായി കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലാണ് നോട്ടീസ് പതിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി സ്‌കൂട്ടറില്‍ കാട്ടാമ്പളളിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് റിയാസിനെ നെഞ്ചിന് കത്തിക്കൊണ്ടു കുത്തിയത് നിഷാമാണെന്ന് തെളിഞ്ഞത്.

ഗുരുതരമായി പരിക്കേറ്റ റിയാസ് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരിച്ചത്. കാട്ടാമ്പള്ളി ബാറില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി കണ്ണൂര്‍ ജില്ലവിട്ടതായി നേരത്തെ പൊലിസ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് വഴി നിസാം ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ തെളിവ് പൊലിസിന് ലഭിച്ചിട്ടുണ്ട്.
പ്രതിയെ പിടികൂടുന്നതിനായി സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പ്രതിയുടെ ബന്ധുക്കള്‍ കോഴിക്കോടുണ്ടെന്ന നിഗമനത്തില്‍ പൊലീിസ് ബന്ധുവീടുകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോഴിക്കോട് അതിര്‍ത്തി കടന്നതിനു ശേഷം ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലാണ്. പ്രതി സംസ്ഥാനം വിട്ടു പോയില്ലെന്ന നിഗമനത്തിലാണ് പൊലിസ്.
എന്നാല്‍ കൃത്യം നടത്തിയതിനു ശേഷം പ്രതി ജില്ല വിട്ടത് പൊലിസിന്റെ ഗുരുതരമായ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത് .പിറ്റേ ദിവസം രാവിലെ നിഷാം കോഴിക്കോട് അതിര്‍ത്തി കടന്നതായി മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറാ ദൃശ്യങ്ങളില്‍ നിന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബാറിലെ തര്‍ക്കത്തിനിടെ തന്റെ കൂടെയുണ്ടായി സുഹൃത്തായ സന്ദീപിനെ അക്രമിക്കുന്നത് തടയുന്നതിനിടെയാണ് റിയാസിന് കുത്തേറ്റത്.
അരയില്‍ തിരുകിയ കത്തി ഉപയോഗിച്ച് നിഷാം നെഞ്ചില്‍ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ആഴത്തിലുളള കുത്തേറ്റു ഹൃദയം തുളച്ചുകയറിയതാണ് അതിവേഗം തന്നെ ആശുപത്രിയിലെത്തിച്ചിട്ടും റിയാസിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നാണ് പൊലിസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications