നിയമസഭാ തിരഞ്ഞെടുപ്പ് 2021: അഴീക്കോട് മുന്നാം തവണയും പോരിനിറങ്ങുമെന്ന് കെ എം ഷാജി
കണ്ണുർ: പാർട്ടി ആവശ്യപ്പെട്ടാൽ മുന്നാം തവണയും അഴിക്കോട് മണ്ഡലത്തിൽ ജനവിധി തേടുമെന്ന് കെ എം ഷാജി എംഎൽഎ. അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ച് മുസ്‌ലിംലീഗ് നേതാവ് കെ.എം ഷാജി രംഗത്തുവന്നത് കണ്ണുരിലെ രാഷ്ട്രീയ രംഗത്തെ ചുടു പിടിപ്പിച്ചിരിക്കുകയാണ്. യുഡിഎഫിന്റെ സ്ഥാനാർത്ഥിയേ അഴീക്കോട്ട് ജയിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം തവണയും പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട്ട് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉറപ്പല്ലേ എന്നായിരുന്നു ഷാജിയുടെ മറുപടി.
പിണറായിക്കെതിരെ ധർമ്മടത്ത് കോൺഗ്രസ് ഇറക്കുക ഈ നേതാവിനെ?; സുധകാരന്റെ പട്ടികയിലെ ആദ്യ പേര്
'ഞാൻ ആഗ്രഹിച്ചിട്ട് ഒരു തെരഞ്ഞെടുപ്പിൽ ഇതുവരെ മത്സരിച്ചിട്ടില്ല. ഞാൻ ആഗ്രഹിച്ച സ്ഥലത്ത് പാർട്ടി ഇടാറുമില്ല. പാർട്ടിക്ക് താത്പര്യമുള്ള ഇടത്താണ് മത്സരിക്കുന്നത്. ജയസാധ്യതയോ മറ്റു സാധ്യതകളോ പരിശോധിച്ചാണ് പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിക്കുക. എന്റെ കാര്യത്തിലും പാർട്ടിയുടെ ഭാഗത്തു നിന്ന് വിട്ടുവീഴ്ചയുണ്ടാകുമെന്ന് തോന്നുന്നുമില്ല' - ഷാജി വ്യക്തമാക്കി.
മൂന്നാം തവണയാണ് ഷാജി അഴീക്കോട്ട് മത്സരത്തിന് ഒരുങ്ങുന്നത്. നേരത്തെ, ഇനി മണ്ഡലത്തിൽ മത്സരത്തിനില്ലെന്ന് ഷാജി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയെ ഇത്തവണ മത്സരിപ്പിക്കാമെന്ന് നേതൃത്വം കണക്കുകൂട്ടുകയും ചെയ്തിരുന്നു. അത് സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിരുന്നു.എന്നാൽ അഴീക്കോട്ട് ഷാജി തന്നെ മത്സരിച്ചാൽ മാത്രമേ മണ്ഡലം നിലനിർത്താൻ കഴിയുകയുള്ളുവെന്ന് കെ.സുധാകരൻ എം.പിയടക്കമുള്ള കോൺഗ്രസ് നേതൃത്വം മുസ്ലീം ലീഗിനെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഴീക്കോട് മണ്ഡലത്തിൽ ഇക്കുറിയും മത്സരിക്കുമെന്ന കെ.എം ഷാജിയുടെ പ്രതികരണം പുറത്തുവന്നത്. അതേ സമയം കെ.എം ഷാജിക്കെതിരെ അതിരൂക്ഷ വിമർശനവുമായി സി.പി.എം നേതാവ് പി.ജയരാജൻ രംഗത്തു വന്നിട്ടുണ്ട്.
ആരുണ്ടിവിടെ കാണട്ടെ എന്ന മട്ടിലുള്ള കെ എം ഷാജിയുടെ വെല്ലുവിളി എല്‍ഡിഎഫിനോട് മാത്രമല്ല ജനങ്ങളോടും കൂടിയാണെന്ന് സിപിഎം നേതാവ് പി ജയരാജന്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് അയോഗ്യത കല്‍പിച്ച് കോടതി പുറത്താക്കിയ വ്യക്തിയാണ് വെല്ലുവിളിക്കുന്നത്. വർഗീയത പ്രചരിപ്പിച്ചും അഴിമതി കാട്ടിയും അയോഗ്യനാക്കപ്പെട്ട ആളാണ്. ഷാജി അഴിമതി നടത്തിയെന്ന് ലീഗ് നേതാക്കള്‍ തന്നെയാണ് പറഞ്ഞത്. വിജിലന്‍സ്, ഇ.ഡി അന്വേഷണങ്ങള്‍ നേരിടുന്ന ഷാജിയുടെ വെല്ലുവിളികൾ ജനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും ഇതിനുള്ള മറുപടി ഇപ്പോഴേ അവർ മനസ്സിൽ കരുതി വെച്ചിട്ടുണ്ടെന്നും പി ജയരാജന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി എന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി നികേഷ് കുമാറിന്‍റെ പരാതി പരിഗണിച്ച് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. പിന്നീട് ഈ അയോഗ്യത ഉപാധികളോടെ സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. കെ എം ഷാജിക്ക് നിയമസഭയില്‍ പ്രവേശിക്കാം, പക്ഷേ വോട്ടവകാശവും ആനുകൂല്യവും ലഭിക്കില്ല എന്ന ഉപാധിയോടെയായിരുന്നു സ്റ്റേ യെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.