• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നിയമസഭാ തിരഞ്ഞെടുപ്പ്: പേരാവൂരിൽ പോരാടാൻ പുതുമുഖത്തെയിറക്കി എൽഡിഎഫ്, പോര് കനക്കും

  • By Desk

ഇരിട്ടി: പേരാവൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി യുവജന നേതാവിനെ രംഗത്തിറക്കും. സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറിയാണ് സക്കീർ ഹുസൈൻ.

എസ്എഫ്ഐ രംഗത്ത് പ്രവർത്തിച്ചിരുന്ന സക്കീർ ഹുസൈൻ പിന്നീട് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായി വരെ പ്രവർത്തിച്ചു. ഇരിട്ടി സ്വദേശിയാണ്. അഡ്വ ബിനോയ് കുര്യൻ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചതോടെയാണ് ഇരിട്ടി ഏരിയാ സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി സിറ്റിങ് എം.എൽ എ സണ്ണി ജോസഫ് തന്നെയാണ് പേരാവൂരിൽ ജനവിധി തേടുകയെന്നത് ഉറപ്പായിട്ടുണ്ട്.

സർക്കാർ വില നിശ്ചയിച്ചില്ല: ആറളം ഫാം ഗോഡൗണിൽ ടൺ കണക്കിന് കശുവണ്ടി കെട്ടിക്കിടന്നു നശിക്കുന്നു

അഞ്ചുവർഷത്തിനിടെ വികസനവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായ മണ്ഡലങ്ങളിലൊന്നാണ് പേരാവൂർ. ബാരാപോൾ പദ്ധതി, അനധികൃത കരിങ്കൽ ക്വാറി ഖനനം, റോഡുവികസനം എന്നിവയെ ചൊല്ലി എം.എൽ.എയും പ്രതിപക്ഷ പാർട്ടിയായ സി.പി.എമ്മും തമ്മിൽ ഏറ്റുമുട്ടിയ അഞ്ചു വർഷങ്ങളാണ് കഴിഞ്ഞു പോയത്. തുടർച്ചയായി പത്തു വർഷം സിറ്റിങ്ങ് എം.എൽ എ യായ സണ്ണി ജോസഫിനെതിരെ നിരവധി ആരോപണങ്ങളാണ് സി.പി.എം ഉയർത്തി കൊണ്ടുവന്നത് എന്നാൽ മണ്ഡലത്തിൽ താൻ നടപ്പിലാക്കിയ സമഗ്ര വികസനം വോട്ടായി മാറുമെന്ന അവകാശവാദമാണ് സണ്ണി ജോസഫ് ഉയർത്തുന്നത്.

എൽഡിഎഫ്‌ സർക്കാരിന്റെ സർവതലസ്‌പർശിയായ വികസന–- ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം രാഷ്‌ട്രീയ സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളും മലയോരത്ത് മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഇടതു നേതാക്കൾ പറയുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കൈവരിച്ച വൻ മുന്നേറ്റം യുഡിഎഫ്‌ വോട്ടിലുണ്ടായ ചോർച്ച കൃത്യമായി അടയാളപ്പെടുത്തുണ്ടെന്നും ഇടതു നേതൃത്വം അവകാശപ്പെടുന്നു.

1977ൽ നിലവിൽവന്ന മണ്ഡലത്തിന്‌ എൽഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി വരിച്ച ചരിത്രമാണുള്ളത്‌. ആദ്യ അഞ്ച്‌ തെരഞ്ഞെടുപ്പുകളിൽ തുടർവിജയം കരസ്ഥമാക്കിയ കെ പി നുറുദ്ദീൻ ഇതിൽ രണ്ടുതവണ ജയിച്ചത്‌ ഇടതുപക്ഷത്തിനൊപ്പംനിന്നായിരുന്നു. പിന്നീട്‌ യുഡിഎഫിലായ നുറുദ്ദീനെതിരെ 1996ൽ എൽഡിഎഫിലെ കെ ടി കുഞ്ഞഹമ്മദ്‌ അട്ടിമറി വിജയം നേടി. അടുത്ത തെരഞ്ഞെടുപ്പിൽ പ്രൊഫ. എ ഡി മുസ്‌തഫയിലൂടെ വീണ്ടും യുഡിഎഫ്‌ ഒപ്പം നിർത്തിയെങ്കിലും 2006ൽ കെ കെ ശൈലജ തിരിച്ചുപിടിച്ചു. 2011ലും 2016ലും അഡ്വ. സണ്ണി ജോസഫിലൂടെ വീണ്ടും യുഡിഎഫ്‌. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ്‌ വിജയത്തിൽ നിർണായക പങ്കുവഹിച്ച മണ്ഡലം പക്ഷേ, അവിടുന്നിങ്ങോട്ട്‌ ഇടതുപക്ഷത്തിന്‌ വർധിച്ച പ്രതീക്ഷ നൽകുകയാണ്‌.

ആറളം, അയ്യങ്കുന്ന്‌, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്‌, പായം, പേരാവൂർ എന്നീ എട്ടു പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും ചേർന്നതാണ്‌ മണ്ഡലം. ഇതിൽ അയ്യങ്കുന്ന്‌, കൊട്ടിയൂർ ഒഴികെയുള്ള ആറു പഞ്ചായത്തുകളിലും നഗരസഭയിലും എൽഡിഎഫ്‌ ഭരണമാണ്‌. ആറളവും കണിച്ചാറും ഇക്കുറി പുതുതായി പിടിച്ചെടുത്തു.

തുല്യസീറ്റായിരുന്ന കൊട്ടിയൂരിൽ യുഡിഎഫിന്‌ നറുക്കെടുപ്പിൽ പ്രസിഡന്റുസ്ഥാനം ലഭിച്ചെങ്കിലും വൈസ്‌ പ്രസിഡന്റുസ്ഥാനവും നാലു സ്‌റ്റാൻഡിങ്‌ കമ്മിറ്റി സ്ഥാനങ്ങളും എൽഡിഎഫിനാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം നടന്ന തില്ലങ്കേരി ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. ബിനോയ്‌ കുര്യന്‌ മികവാർന്ന വിജയം സമ്മനിക്കുന്നതിലും പേരാവൂർ മണ്ഡലം പരിധിയിൽ വരുന്ന പ്രദേശങ്ങൾ നിർണായക പങ്കുവഹിച്ചു. എന്നാൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ക്ഷീണം പറ്റിയിട്ടുണ്ടെന്നു സമ്മതിക്കുന്നുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് പാറ്റേൺ മാറ്റമാണെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിന് വ്യക്തമായ മേൽ കൈയ്യുണ്ടെന്നും അതു നിയമസഭാ തെരഞ്ഞെടുപ്പിലും നിലനിർത്തുമെന്നാണ് അവകാശവാദം.

English summary
Kerala Assembly election 2021: LDF to field new face in peravoor constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X