സര്‍ക്കാര്‍ കുടിശ്ശിക നല്‍കാതെ വഞ്ചിച്ചു, വിഷുക്കാലത്ത് പെരുവഴിയിലായി ഖാദി തൊഴിലാളികള്‍
പയ്യന്നൂര്‍: വിഷുക്കാലത്തും വാഗ്ദാനം നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാതെ ഖാദി തൊഴിലാളികളെ വീണ്ടും വിഷുക്കാലത്തും പെരുവഴിയിലാക്കി സംസ്ഥാന സര്‍ക്കാര്‍.ഇതോടെ വീണ്ടും സമരരംഗത്തിറങ്ങിയിരിക്കുകയാണ് ഖാദി തൊഴിലാളികള്‍.
തൊഴിലാളികള്‍ക്ക് കൂലി കുടിശിക നല്‍കുമെന്ന് വാഗ്ദ്ധാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ നല്‍കാന്‍ തയ്യാറായിട്ടില്ല.
സിഐടിയു, ഐഎന്‍ടിയുസി സംഘടനകളുടെ സമരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും തൊഴിലാളികള്‍ സമര രംഗത്തിറങ്ങുന്നത്. ഖാദി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട മിനിമം കൂലി എട്ടു മാസത്തിലധികമായി കുടിശികയാണ്. കൂലി കുടിശിക ലഭിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു, ഐഎന്‍ടിയുസി സംഘടനകള്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് മുന്‍പില്‍ അനിശ്ചിത കാല സത്യഗ്രഹ സമരം നടത്തിയിരുന്നു.

കഴിഞ്ഞ മാസം 27ന് തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി ഏഴു ദിവസത്തിനകം കൂലി കുടിശിക നല്‍കുമെന്ന് വ്യവസായ മന്ത്രി ഉറപ്പു കൊടുത്തിരുന്നു. അതേ തുടര്‍ന്ന് തൊഴിലാളി സമരം പിന്‍വലിക്കുകയും ചെയ്തു. ഖാദി തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുന്നതിന് ബജറ്റില്‍ അനുവദിച്ച തുക മാര്‍ച്ച് 31നകം നല്‍കുമെന്നായിരുന്നു ധനവകുപ്പിന്റെ ഉറപ്പ്. ഈ ഉറപ്പനുസരിച്ച് 31ന് ഖാദി ബോര്‍ഡിന്റെ അക്കൗണ്ടിലേക്ക് ധനവകുപ്പില്‍ നിന്ന് 20.61 കോടി രൂപ നല്‍കി.
ഈ വിവരം യൂണിയന്‍ പ്രതിനിധികള്‍ക്കും ലഭിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഖാദി സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് തുക നല്‍കാത്തപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് തൊഴിലാളികള്‍ക്ക് നല്‍കാന്‍ ഖാദി ബോര്‍ഡിന് നല്‍കിയ 20,61,68,305 രൂപ 31ന് തന്നെ ട്രഷറിയില്‍ നിന്ന് സര്‍ക്കാര്‍ തിരിച്ചു പിടിച്ചുവെന്ന വസ്തുത മനസിലായത്. ഇതോടെ മലയാളികള്‍ വിഷു ആഘോഷിക്കുന്ന കാലത്ത് പെരുവഴിയിലായിരിക്കുകയാണ് ഖാദി തൊഴിലാളികള്‍.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഖാദി തൊഴിലാളികളുളളത് പയ്യന്നൂരിലാണ്. സര്‍ക്കാര്‍ റിബേറ്റുവാങ്ങി ഉത്സവാഘോഷങ്ങളില്‍ മേളകളും മറ്റും നടത്തി ഖാദി ബോര്‍ഡുകള്‍ കോടികള്‍ വരുമാനമുണ്ടാക്കുന്നുണ്ടെങ്കിലും ഇതൊന്നും തൊഴിലാളികള്‍ക്കു ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.












Click it and Unblock the Notifications