മാവോയിസ്റ്റ് ഭീഷണി: മുഖ്യമന്ത്രിയുടെ വീടിന് പോലീസ് സുരക്ഷ ശക്തമാക്കി
കണ്ണൂർ: മാവോവാദി ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായി പാണ്ട്യാല മുക്കിലെ വീടിനു മുന്നിൽ ഇനി തോക്കേന്തിയ പോലീസുകാർ കാവൽ നിൽക്കും. രണ്ടു ഹെഡ് കോൺസ്റ്റബിളും നാലും പോലീസുകാരും അടങ്ങുന്ന ഗാർഡാണ് സുരക്ഷയൊരുക്കുന്നത്. മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം സുരക്ഷയൊരുക്കിയത്.
കഴിഞ്ഞദിവസം കണ്ണൂരിൽ നിന്നെത്തിയ പിണറായി വിജയൻ പിണറായിലെ വീട്ടിൽ വന്നത് മുതലാണ് കാവൽ. ഇനി മുതൽ പിണറായിലെ വീട്ടിൽ മുഖ്യമന്ത്രിയെ കാണാൻ എത്തുന്നവർ ദേഹപരിശോധന ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ പൂർത്തിയാക്കാതെ മുഖ്യമന്ത്രിയെ കാണാൻ സാധിക്കില്ല.

മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞ മാസം മുതൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. ദില്ലിയിലും മറ്റും മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ ബുള്ളറ്റ് പ്രൂഫ് വാഹനം ഉൾപ്പെടെയുള്ള കവചിത വാഹനങ്ങളുടെ സുരക്ഷയിലാണ് മുഖ്യമന്ത്രി.
അട്ടപ്പാടിയിൽ പോലീസ് മാവോവാദികളെ വെടിവച്ചു കൊന്നതിനു ശേഷം മുഖ്യമന്ത്രിനെതിരെ പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പുമായി വയനാട് പ്രസ് ക്ളബിലും വടകര പൊലീസ് സ്റ്റേഷനിലും ഭീഷണിക്കത്തുകൾ ലഭിച്ചിരുന്നു.എന്നാൽ കണ്ണൂരിൽ ഇതിനു സമാനമായ സംഭവങ്ങളുണ്ടായിട്ടില്ല.എന്നാൽ കണ്ണൂരിലെ മലയോര മേഖലയായ ഇരിട്ടി, കേളകം, കൊട്ടിയൂർ, ചെറുപുഴ എന്നീ സ്ഥലങ്ങളിൽ മാവോയിസ്റ്റ് ഭീഷണിയുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വീടിനും പിണറായി പൊലിസ് സുരക്ഷ ശക്തമാക്കിയത്.












Click it and Unblock the Notifications