കൂട്ടുപുഴയില്‍ വന്‍ എംഡിഎംഎ വേട്ട; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍
ഇരിട്ടി:കൂട്ടുപുഴയില്‍ വീണ്ടും വന്‍ എം.ഡി.എം.എ വേട്ട . ബംഗ്‌ളൂരില്‍ നിന്നും കോഴിക്കോട് രാമനാട്ടുകരയിലേക്ക് ബൈക്കില്‍ കടത്തുകയായിരുന്ന 105.994 ഗ്രാം എം.ഡി.എം.എ യുമായി വന്ന കോഴിക്കോട് സ്വദേശി ഹുസ്‌നി മുബാറക്കിനെയാണ് കൂട്ടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. അനീഷ് മോഹനും സംഘവും നടത്തിയ റെയ്ഡില്‍ അറസ്റ്റു ചെയ്തത്. മാര്‍ക്കറ്റില്‍ പത്തു ലക്ഷത്തിലേറെ വില വരുന്ന എം.ഡി.എം.എയാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
കോഴിക്കോട് ജില്ലയിലെ കോളേജുകളില്‍ ബാംഗ്‌ളൂരില്‍ നിന്നും കടത്തുന്ന മയക്കുമരുന്ന് ഇയാള്‍ എത്തിച്ചു വരികയായിരുന്നുവെന്ന് എക്‌സൈസ് ചോദ്യം ചെയ്യലില്‍ പ്രതി മൊഴി നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് മൊത്തവിതരണക്കാരനായ ഹുസ്‌നി മുബാറക്കിനെതിരെ നേരത്തെയും കോഴിക്കോട് ജില്ലയില്‍ മയക്കുമരുന്ന് കേസുണ്ടെന്ന് എക്‌സൈസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ എ.അസീസ്, ടി.വി കമലാക്ഷന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ടി. ഖാലിദ്, കെ.കെ ബിജു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇയാളെ കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ വെച്ചു പരിശോധിച്ചപ്പോഴാണ് ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ എം.ഡി.എം.എ കണ്ടെടുത്തത്. പ്രതിക്കെതിരെ എന്‍.ഡി.പി.എസ്. ആക്റ്റു പ്രകാരം കേസെടുത്തിട്ടുണ്ട്. രഹസ്യവിവരമനുസരിച്ചാണ് പരിശോധന നടത്തിയതെന്ന് എക്‌സൈസ് അറിയിച്ചു.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടയിലെ നഗരങ്ങളായ ബംഗ്‌ളൂര്, മൈസൂര്, മംഗളൂര് എന്നിവടങ്ങളില്‍ നിന്നായി വ്യാപകമായി മയക്കുമരുന്ന് കടത്തിവരുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. യുവതികള്‍ ഉള്‍പ്പെടെയുളള നിരവധി പേരെയാണ് എക്‌സൈസ് പിടികൂടിയത്. അതിര്‍ത്തിയിലെ പരിശോധനയില്‍ പൊലിസും പങ്കെടുക്കുന്നുണ്ട്. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവടങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ നിയന്ത്രണത്തിലുളള ഡാന്‍സെഫും മയക്കുമരുന്ന് വേട്ടയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications